
ന്യൂഡൽഹി: അന്തരിച്ച ഇന്ത്യയിലെ പ്രമുഖ സുന്നി പണ്ഡിതനും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ഉപദേഷ്ടാവുമായ അഖ്തർ റസാഖാൻ ബറേല്‍വിയുടെ വസതി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ സന്ദർശിച്ചു. ഉത്തർപ്രദേശിലെ ബറേലിയിലുള്ള വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടു ആശ്വസിപ്പിക്കുകയും അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു.
ഇന്ത്യയിലെ ആത്മീയ ഇസ്ലാമിന്റെ വളർച്ചയിൽ കഴിഞ്ഞ അര നൂറ്റാണ്ടായി നിർണായക സ്വാധീനമുണ്ടായിരുന്ന നേതാവായിരുന്നു അഖ്തർ റസാഖാൻ ബറേല്‍വിയെന്ന് കാന്തപുരം അനുസ്മരിച്ചു. അതീവസൂക്ഷമതയും വിനയവും ഭക്തിയും നിറഞ്ഞ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. സലഫിസം പോലുള്ള ശരിയല്ലാത്ത മതധാരകളെ ഗ്രന്ഥങ്ങളിലൂടെ അദ്ദേഹം തിരുത്തി. ദശലക്ഷക്കണക്കിനു അനുയായികളിലേക്ക് ആധ്യാത്മിക മാർഗങ്ങളും വഴികളും പകർന്നുകൊടുക്കുകയും രാജ്യത്തെ ജനാധിപത്യ ബഹുസ്വര സമ്പ്രദായത്തിൽ മികച്ച നിലയിൽ ജീവിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു. അടുത്ത വ്യക്തിബന്ധമായിരുന്നു അദ്ദേഹവുമായി ഉണ്ടായിരുന്നത്. വിവിധ സംസ്ഥാനങ്ങളിലായി പതിനായിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അറിവ് നൽകുന്ന ഇസ്ലാമിക് എജുക്കേഷണൽ ബോർഡ് ഓഫ് ഇന്ത്യ രൂപീകരിച്ചത് അദ്ദേഹത്തിന്റെ അധ്യക്ഷതയിലായിരുന്നുവെന്നും വ്യക്തിപരമായി ആഴത്തിലുള്ള ബന്ധമാണ് ഉണ്ടായിരുന്നതെന്നും കാന്തപുരം അനുസ്മരിച്ചു.
വെള്ളിയാഴ്ച രാത്രി അന്തരിച്ച അസ്ഹരി മിയ എന്നറിയപ്പെടുന്ന അഖ്തർ റസാഖാൻ ബറേല്‍വിയുടെ സംസ്കരണ ചടങ്ങുകളിൽ പങ്കെടുക്കാനും പ്രാർത്ഥന നടത്താനും പത്തുലക്ഷത്തിലധികം വിശ്വാസികൾ ഒരുമിച്ചിരുന്നു. മൂസ സഖാഫി പാതിരമണ്ണ, അബ്ദുല്ലത്തീഫ് സഖാഫി എന്നിവർ കാന്തപുരത്തെ അനുഗമിച്ചു.