അടിസ്ഥാന ഗ്രന്ഥങ്ങളെ ദുർവ്യാഖ്യാനിക്കുന്നവരെ കരുതിയിരിക്കണം: മർകസ് ഖത്‍മുൽ ബുഖാരി സമ്മേളനം

0
2529
SHARE THE NEWS

കുന്നമംഗലം:  ഇസ്‌ലാമിന്റെ അടിസ്ഥാന ഗ്രന്ഥങ്ങളെ ദുർവ്യാഖ്യാനിച്ച്‌  മതവിശ്വാസികൾക്കിടയിലും സമൂഹത്തിലും പ്രശ്‌നമുണ്ടാക്കുന്നവരെ കരുതിയിരിക്കണമെന്നും പരമ്പരാഗത ജ്ഞാനവ്യവസ്ഥയിൽ അധിഷ്ഠിതമായി മുസ്‌ലിംകൾ ജീവിക്കണമെന്നും മർകസിൽ നടന്ന ഖത്‍മുൽ ബുഖാരി കോൺഫറൻസ്. ഇസ്‌ലാമിക ലോകത്തെ പ്രശസ്‌ത ഗ്രന്ഥമായ ബുഖാരിക്ക്  മർകസ് ചാൻസലർ  കാന്തപുരം എ.പി അബൂബക്കർ എ.പി അബൂബക്കർ മുസ്‌ലിയാർ നടത്തിവരുന്ന അധ്യാപനത്തിന്റെ അന്പത്തിയഞ്ചാം വാർഷികമായിരുന്നു മർകസ് അക്കാദമിക വർഷം അവസാനിക്കുന്നതിനോടനുബന്ധിച്ചു നടത്തിയ ചടങ്ങ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വന്ന 5000  സഖാഫി പണ്ഡിതന്മാർ ചടങ്ങിൽ സംബന്ധിച്ചു. 
ബുഖാരിയിലെ പ്രവാചക വാക്യം പാരായണം നടത്തി ചടങ്ങിന് കാന്തപുരം  നേതൃത്വം നൽകി. ശരിയായ വിദ്യ നേടി സമൂഹത്തെ നേരായ വഴിയിലേക്ക് നയിക്കുന്ന ഉത്തരവാദിത്തമാണ് പണ്ഡിതന്മാർക്കുള്ളതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ വിവിധ സംസ്ഥാങ്ങളിൽ പ്രവർത്തിക്കുന്ന മർകസ്  കാമ്പസുകൾ വഴി നിരക്ഷരരായ സമൂഹത്തെ വിദ്യാഭ്യാസപരമായും സാംസ്‌കാരികമായും ഉയർത്തിക്കൊണ്ടുവരികയെന്ന ദൗത്യമാണ് നിർവ്വഹിക്കുന്നത്: കാന്തപുരം കൂട്ടിച്ചേർത്തു.
ഇമാം ബുഖാരിയുടെ പ്രവാചക വചനങ്ങളുടെ സമാഹാര കൃതിയായ ബുഖാരിക്ക് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ എഴുതിയ വിശദീകരണ ഗ്രന്ഥത്തിന്റെ ആറാം വാല്യം വേദിയിൽ പ്രകാശനം ചെയ്‌തു. യു.എ.യിലെ പ്രശസ്‌ത പണ്ഡിതൻ ശൈഖ് ഹസൻ അഹ്മദ് ഇബ്‌റാഹീം അൽ മർസൂഖി ചടങ്ങിൽ മുഖ്യാതിഥിയായി. 
മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിച്ചു. സമസ്‌ത പ്രസിഡന്റ് ഇ. സുലൈമാൻ മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്‌തു. പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, ഡോ സുൽത്താൻ ലണ്ടൻ, തമിഴ്‌നാട്ടിലെ മിസ്ബാഉൽ ഹുദാ അറബി കോളേജ് പ്രിൻസിപ്പൽ ഇസ്‌മായിൽ ഹസ്‌റത്ത്, സി മുഹമ്മദ് ഫൈസി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഡോ എ.പി അബ്ദുൽ ഹകീം അസ്ഹരി, എ.പി അബ്ദുൽ കരീം ഹാജി ചാലിയം പ്രസംഗിച്ചു.
രാവിലെ പത്തു മണിക്ക് ആരംഭിച്ച സഖാഫി പണ്ഡിത സമ്മേളനം സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങളുടെ അധ്യക്ഷതയിൽ കെ.കെ അഹ്‌മദ്‌ കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ ഉദ്‌ഘാടനം ചെയ്തു. വി.പി.എം ഫൈസി വില്യാപ്പള്ളി, പേരോട് അബ്ദുറഹ്മാൻ സഖാഫി, ഹസൻ സഖാഫി തറയിട്ടാൽ, പി.കെ.എം സഖാഫി ഇരിങ്ങല്ലൂർ പ്രസംഗിച്ചു. സഖാഫികൾക്കുള്ള ഐഡന്റിറ്റി കാർഡ് വിതരണവും ചടങ്ങിൽ നടന്നു.  രാത്രി നടന്ന ആധ്യാത്മിക സമ്മേളനത്തിന് പ്രമുഖ പണ്ഡിതന്മാർ നേതൃത്വം നൽകി. 

SHARE THE NEWS