അന്താരാഷ്ട്ര അക്കാദമിക് കോൺഫറൻസ് ഡിസംബറിൽ നോളജ് സിറ്റിയിൽ

0
795
SHARE THE NEWS

കോഴിക്കോട്: മര്‍കസ് നോളജ് സിറ്റിയിലെ ശരീഅഃ സിറ്റിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന മലൈബാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസും മലേഷ്യന്‍ നാഷണല്‍ യൂണിവേഴ്സിറ്റിയും ഇറ്റലിയിലെ തവാസുല്‍ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഡയലോഗും സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര അക്കാദമിക് കോണ്‍ഫറന്‍സ് ഡിസംബര്‍ 30,31 തിയ്യതികളില്‍ മര്‍കസ് നോളജ് സിറ്റിയില്‍ നടക്കും. ഇസ്‌ലാമും നാഗരിക സംവാദവും: വര്‍ത്തമാന ലോകത്തെ കല, ശാസ്ത്രം, സാഹിത്യം എന്ന വിഷയാസ്പദമായി മര്‍കസ് റൂബി ജൂബിലിയോടനുബന്ധിച്ചാണ് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്. ഇതോടൊപ്പം മുപ്പതിലധികം വിഷയങ്ങളിലും ചര്‍ച്ചകള്‍ നടക്കും.
ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് പുറമെ ഇന്ത്യയിലെയും വിദേശത്തെയും വിദ്യാര്‍ത്ഥികളടക്കമുള്ള അക്കാദമിക് സമൂഹത്തിനു കോണ്‍ഫറന്‍സില്‍ പ്രബന്ധങ്ങളവതരിപ്പിക്കാനും അവസരമുണ്ട്. ഇംഗ്ലീഷ്, അറബി, മലയാളം, ഉര്‍ദു ഭാഷകളില്‍ പ്രത്യേകം സെഷനുകളും പ്രബന്ധങ്ങളുമുണ്ടാവും. പ്രബന്ധങ്ങളവതരിപ്പിക്കാന്‍ താല്‍പര്യമുള്ളവര്‍ നവംബര്‍ ഒമ്പതിനു മുമ്പായി കരടയക്കണം. മുഴുവന്‍ പ്രബന്ധം അയക്കേണ്ട തിയ്യതി നവംബര്‍ 30 ആണ്. കരടു പ്രബന്ധം സ്വീകരിച്ചവര്‍ക്കു മാത്രമേ മുഴുവന്‍ പ്രബന്ധവും അയക്കേണ്ടതുള്ളൂ. കരടും മുഴുവന്‍ പ്രബന്ധവും പ്രത്യേകം തയ്യാറാക്കിയ പോര്‍ട്ടലിലൂടെ പി ഡി എഫ് ആയാണ് അയക്കേണ്ടത്. പോര്‍ട്ടല്‍ ലിങ്കും മറ്റു വിശദ വിവരങ്ങളും www.malaibarias.com എന്ന സൈറ്റില്‍ ലഭ്യമാണ്.


SHARE THE NEWS