അന്താരാഷ്ട്ര അറബിക്‌ കോണ്‍ഫറന്‍സ്‌: ഡോ. അബൂബക്കര്‍ നിസാമി പ്രബന്ധമവതരിപ്പിക്കും

0
788

ദുബൈ: ഈ മാസം 1 മുതല്‍ 4 വരെ ദുബൈയില്‍ നടക്കുന്ന 6മത്‌ അന്താരാഷ്ട്ര അറബിക്‌ സമ്മേളനത്തിലേക്ക്‌ മലയാളിയായ ഡോ. അബൂബക്കര്‍ നിസാമിക്ക്‌ ക്ഷണം. ദുബൈ ഗര്‍ഹൂദിലെ അല്‍ ബുസ്‌താന്‍ റോട്ടാന ഹോട്ടലിലാണ്‌ 4 ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനം നടക്കുന്നത്‌. ലോകത്തിലെ 75 രാജ്യങ്ങളില്‍ നിന്ന്‌ 25000ലധികം ഭാഷാ വിദഗ്‌ധരാണ്‌ പങ്കെടുക്കുന്നത്‌. 172 സെഷനുകളിലായി അറബി ഭാഷയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന അന്താരാഷ്ട്ര അറബി ഭാഷാ സമ്മേളനത്തിന്റെ ഉദ്‌ഘാടന സംഗമം യു.എ.ഇ വൈസ്‌ പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്‌ മുഹമ്മദ്‌ ബിന്‍ റാശിദ്‌ അല്‍ മക്തൂം ഉദ്‌ഘാടനം ചെയ്‌തു. ഐക്യരാഷ്ട്ര സംഘടനയുടെ യുനെസ്‌കൊയുമായി സഹകരിച്ച്‌ യു.എ.ഇ പ്രധാനമന്ത്രി ശൈഖ്‌ മുഹമ്മദ്‌ ബിന്‍ റാശിദ്‌ അല്‍ മക്തൂം സംഘടിപ്പിക്കുന്ന സമ്മേളനത്തിലേക്ക്‌ മൂന്നാം തവണയാണ്‌ പ്രബന്ധാവതരണത്തിന്‌ ഡോ. നിസാമി ക്ഷണിക്കപ്പെടുന്നത്‌.
ഇന്ത്യയില്‍ അറബി ഭാഷാ വികസനത്തിന്‌ മര്‍കസ്‌ നല്‍കുന്ന സംഭാവനകള്‍ എന്ന വിഷയത്തിലാണ്‌ ഡോ. നിസാമി പ്രബന്ധമവതരിപ്പിക്കുന്നത്‌. ഇന്റര്‍നാഷണല്‍ അറബിക്‌ ലാംഗേജ്‌ കൗണ്‍സില്‍, അറബ്‌ ലീഗ്‌, അറബ്‌ ബ്യൂറോ ഓഫ്‌ എജ്യുക്കേഷന്‍ ഫോര്‍ ഗള്‍ഫ്‌ സ്റ്റഡീസ്‌ എന്നീ സംഘടനകളുടെ പങ്കാളിത്തത്തോടെയാണ്‌ അന്താരാഷ്ട്ര അറബിക്‌ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്‌.
കോഴിക്കോട്‌ ജില്ലയിലെ കളരാന്തിരി സ്വദേശിയായ ഡോ. അബൂബക്കര്‍ നിസാമി നേരത്തെ വിവിധ ദേശീയ, അന്തര്‍ദേശീയ സെമിനാറുകളില്‍ പ്രബന്ധങ്ങളവതരിപ്പിച്ചിട്ടുണ്ട്‌. കാലിക്കറ്റ്‌ സര്‍വകലാശാലയില്‍ നിന്ന്‌ അറബി സാഹിത്യത്തില്‍ എം.ഫില്‍, പി.എച്ച്‌.ഡി എന്നിവ നേടി. മര്‍കസില്‍ നിന്ന്‌ ഇസ്‌ലാമിക തിയോളജിയില്‍ പി.ജി നേടിയ ശേഷം ഈജിപ്‌തിലെ അല്‍ അസ്‌ഹര്‍ സര്‍വ്വകലാശാലയില്‍ ഉപരി പഠനം നടത്തിയ ഡോ. നിസാമി അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ ഞായറാഴ്‌ച ദുബൈയിലേക്ക്‌ പുറപ്പെട്ടു.