അന്താരാഷ്ട്ര മീലാദ് സമ്മേളന പരിപാടികൾക്ക് മർകസിൽ തികവുള്ള തുടക്കം

0
2417
മര്‍കസില്‍ നടന്ന ഗ്രാന്‍ഡ് മൗലിദ് സംമഗത്തില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രാര്‍ത്ഥന നിര്‍വഹിക്കുന്നു.
മര്‍കസില്‍ നടന്ന ഗ്രാന്‍ഡ് മൗലിദ് സംമഗത്തില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രാര്‍ത്ഥന നിര്‍വഹിക്കുന്നു.
SHARE THE NEWS

കോഴിക്കോട്: നവംബർ 25 ന് മർകസിൽ നടക്കുന്ന അന്താരാഷ്‌ട്ര മീലാദ് സമ്മേളനത്തിന്റെ  ഭാഗമായി സംഘടിപ്പിച്ച മൗലിദ് മഹാ സംഗമം ഇന്നലെ സുബ്ഹിക്ക് ശേഷം മർകസ് മസ്‌ജിദുൽ ഹാമിലിയിൽ നടന്നു.  കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ മൗലിദ് പാരായണത്തിന് നേതൃത്വം നൽകി. സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ മലേഷ്യ പ്രാരംഭ ദുആക്കും സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി സമാപന പ്രാർത്ഥനക്കും നേതൃത്വം നൽകി. പതിനായിരത്തിലധികം വിശ്വാസികൾ മൗലിദ് സദസ്സിൽ  സംബന്ധിച്ചു. മർകസ് റബീഉൽ അവ്വൽ കാമ്പയിനും ഇതോടെ തുടക്കമായി.

തുടർന്ന് 6.30 നു  റബീഉൽ അവ്വലിലെ ആദ്യ തിങ്കളാഴ്ച നടക്കുന്ന തിരുകേശ ദർശന സംഗമം ആരംഭിച്ചു. ഇടമുറിയാതെ  ജനസഞ്ചയം ഒഴുകിയെത്തിയ പരിപാടി വൈകുന്നേരം നാല് മണി വരെ നീണ്ടുനിന്നു.  സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാർത്ഥനയോടെ തുടങ്ങിയ സംഗമത്തിനു  പ്രമുഖരായ സാദാത്തീങ്ങളും പണ്ഡിതരും സംഘടനാ നേതാക്കളും നേതൃത്വം നൽകി.

മിനിയാന്ന് രാത്രി മുതലേ പരിപാടികളിൽ സംബന്ധിക്കാൻ ആയിരങ്ങളെത്തിയിരുന്നു. മുന്നൂറ് വോളണ്ടിയർമാരുടെ നേതൃത്വത്തിൽ ജനത്തിരക്ക് നിയന്ത്രിക്കുകയും ഗതാഗത തടസ്സം ഇല്ലാതെ വാഹനങ്ങളുടെ പോക്കുവരവുകൾ ക്രമീകരിക്കുകയും ചെയ്‌തു.സർക്കാറിന്റെ ഗ്രീൻ പ്രോട്ടോകോൾ പാലിച്ചു പരിസ്ഥിതി സൗഹൃദപരമായ നിലയിലാണ് പരിപാടി സജ്ജീകരിച്ചത്.
കാന്തപുരം എ.പി മുഹമ്മദ് മുസ്‌ലിയാർ, പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, കെ.കെ അഹ്‌മദ്‌ കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ,  വി.പി.എം ഫൈസി വില്യാപ്പള്ളി, സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി, പി.കെ.എസ് തങ്ങൾ തലപ്പാറ, സയ്യിദ് എളങ്കുർ മുത്തുക്കോയ തങ്ങൾ, സയ്യിദ് ജലാലുദ്ധീൻ ജീലാനി വൈലത്തൂർ,  സയ്യിദ്  ശിഹാബുദ്ധീൻ അഹ്ദൽ തങ്ങൾ  മുത്തനൂർ, സയ്യിദ് സ്വാലിഹ് ജിഫ്‌രി തങ്ങൾ, സയ്യിദ് ആറ്റക്കോയ തങ്ങൾ കാസർകോട് , സയ്യിദ്  സൈനുൽ ആബിദീൻ തങ്ങൾ ചേളാരി,  സി മുഹമ്മദ് ഫൈസി, വയനാട് ഹസ്സൻ മുസ്‌ലിയാർ, മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാർ,പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, മുഖ്‌താർ ഹസ്‌റത്ത്, സയ്യിദ് കെ.എസ്.കെ തങ്ങൾ, അബ്ദുല്ല മുസ്‌ലിയാർ പിസി, ജലീൽ സഖാഫി ചെറുശോല, ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി, വടശ്ശേരി ഹസ്സൻ മുസ്‌ലിയാർ തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രകീർത്തന ഗായകരും  പ്രമുഖ പണ്ഡിതരും അതിഥികളായി എത്തുന്ന ഈ വർഷത്തെ അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന്റെ പ്രചാരണ  ഭാഗമായി അടുത്ത 12 ദിവസങ്ങളിൽ വ്യത്യസ്ത പരിപാടികളിൽ കേരളത്തിലെ വിവിധ ജില്ലകളിലും വ്യത്യസ്‍ത സംസ്ഥാനങ്ങളിലെ മർകസ് കാമ്പസുകളുടെയും സുന്നി സംഘടനകളുടെയും നേതൃത്വത്തിൽ നടക്കും. സഖാഫി ശുറയുടെയും മർകസ് അലുമ്‌നിയുടെയും നേതൃത്വത്തിൽ മുസ്‌ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ്, എസ്.ജെ.എം, എസ്.എം.എ എന്നിവയുമായി സഹകരിച്ചു വിവിധ സ്ഥലങ്ങളിൽ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും. മർകസ് നോളജ് സിറ്റി, മർകസ് ഗാർഡൻ കാമ്പസ് പൂനൂർ, മർകസ് ഗ്രൂപ് ഓഫ് സ്‌കൂൾസ്, സഹ്രത്തുൽ ഖുർആൻ പ്രീ സ്‌കൂളുകൾ, ഹാദിയ സ്ഥാപനങ്ങൾ തുടങ്ങി അഞ്ഞൂറോളം കേന്ദ്രങ്ങളിൽ  വ്യത്യസ്ത പദ്ധതികൾ ഇതിന്റെ ഭാഗമായി ആസൂത്രണം ചെയ്തിട്ടുണ്ട്.


SHARE THE NEWS