അന്താരാഷ്ട്ര മീലാദ് സമ്മേളനം: ദേശീയ ദഅവ സമ്മിറ്റ് ശനിയാഴ്ച

0
914

കോഴിക്കോട്: നവംബർ 25 ഞായറാഴ്ച മർകസിൽ വെച്ച് ലോകപ്രശസ്‌ത ഇസ്‌ലാമിക പണ്ഡിതരുടെ നേതൃത്വത്തിൽ നടക്കുന്ന അന്താരാഷ്‌ട്ര മീലാദ് സമ്മേളനത്തോട് അനുബന്ധിച്ചു മർകസ് ശരീഅത്ത് കോളേജ് വിദ്യാർത്ഥി സംഘടന ഇഹ്യാഉസ്സുന്ന സംഘടിപ്പിക്കുന്ന ദേശീയ ദഅവ സമ്മിറ്റ് നവംബർ 24 ശനിയാഴ്ച മർകസിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ നടക്കും. ദേശീയ രംഗത്ത് വിദ്യാഭ്യസ -സേവന പ്രവർത്തങ്ങൾ ഊർജസ്വലതയോടെ നടപ്പാക്കാനും പിന്നാക്ക ജനവിഭാഗങ്ങളെ ശാക്തീകരിക്കാനും ആവശ്യമായ പദ്ധതികൾക്ക് സമ്മിറ്റിൽ രൂപം നൽകും.

ശനിയാഴ്ച രാവിലെ ഒൻപത് മണിക്ക് ആരംഭിക്കുന്ന സമ്മിറ്റ് മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്യും. ഹജ്ജ് കമ്മറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി, മർകസ് ഡയറക്ടർ ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി, മർകസ് വൈസ് ചാൻസലർ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് എന്നിവർ പ്രഭാഷണം നടത്തും. കെ.കെ അഹ്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ പ്രാർത്ഥന നടത്തും. വി.പി.എം ഫൈസി വില്യാപ്പള്ളി അധ്യക്ഷത വഹിക്കും. തുടർന്ന് നടക്കുന്ന ‘പഠനം’ സെഷനിൽ ‘സമകാലിക ദഅവ വർത്തമാനങ്ങളും സാധ്യതകളും’ എന്ന വിഷയത്തിൽ ഡോ. മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം, ‘മാതൃക പ്രബോധനം’ എന്ന വിഷയത്തിൽ കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി എന്നിവർ ക്ലാസെടുക്കും.

12 മണി മുതൽ നടക്കുന്ന വിവിധ ചർച്ചകൾക്ക് ഷൗക്കത്ത് ബുഖാരി കാശ്‌മീർ, സി.പി ഉബൈദുല്ല സഖാഫി, സുഹൈറുദ്ധീൻ നൂറാനി, റശീദ് പുന്നശ്ശേരി, ബഷീർ നിസാമി ഗുജറാത്ത്, ശരീഫ് നിസാമി മഹാരാഷ്ട്ര, ശാഫി ഇൻദാദി തമിഴ്‌നാട്, ശിഹാബുദ്ധീൻ സഖാഫി പെരുമ്പിലാവ്, മർസൂഖ് സഅദി കണ്ണൂർ എന്നിവർ നേതൃത്വം നൽകും. ശാഹുൽ ഹമീദ് ബാഖവി ശാന്തപുരം നിരൂപണം നടത്തും. വൈകുന്നേരം അഞ്ചു മണിക്ക് സമ്മിറ്റ് സമാപിക്കും.

ശരീഅത്ത് – ദഅവാ കോളേജുകൾ, ദർസുകൾ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾക്കാണ് പങ്കെടുക്കാൻ അവസരമുള്ളത്. താല്പര്യമുള്ളവർ ഈ മാസം 20 നു മുമ്പ് രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്‌ട്രേഷനുള്ള ഇമെയിൽ ഐ.ഡി :ihyaussunna@markazonline.com, ഫോൺ നമ്പർ :98470 98737