അന്താരാഷ്ട്ര മീലാദ് സമ്മേളനം: പ്രശസ്‌ത അറബ് ഗായക സംഘം മദഹ് ഗാനാലാപനം നടത്തും

0
2561
SHARE THE NEWS

കോഴിക്കോട്: ഞായറാഴ്ച മർകസിൽ നടക്കുന്ന അന്താരാഷ്‌ട്ര മീലാദ് സമ്മേളനത്തിൽ പ്രവാചക അപദാനങ്ങൾ ആലപിക്കാൻ അറബ് ലോകത്തെ പ്രശസ്‌ത മദ്ഹ ഗാനാലാപന സംഘമെത്തും. നബിയുടെ മദ്ഹുകൾ ആലപിച്ചു ശ്രദ്ധേയരായ ഒമാനി ഗായകരാണ് മീലാദ് കോൺഫെറൻസിൽ അറബ് തനത് ശൈലിയിൽ ഗാനമാലപിക്കുന്നത്. സഹോദരന്മാരായ വലീദ് ഇബ്‌നു മാഹിൽ ഉബൈദ്, മുഹമ്മദ് ഇബ്നു മാഹിൽ ഉബൈദ്, അമീർ ഇബ്നു മാഹിൽ ഉബൈദ് എന്നിവരും മുഹമ്മദ് ഇബ്നു സാലിം ഹമദ്, അലി അബ്ദുല്ലാ അലി എന്നിവരുമടങ്ങുന്ന അഞ്ചംഗ ഗായക സംഘം ഞായറാഴ്ച എത്തും.

അറബ് രാജ്യങ്ങളിലെ കേളികേട്ട വിവിധ പ്രവാചക മദഹ് ആലാപന സദസ്സുകളിൽ മികച്ച പ്രകടനം കാഴ്‌ച വെച്ച ഈ സംഘം അരീജ് ബാൻഡ് എന്ന പേരിലാണ് അറിയപ്പെടുന്നത്. അറബ് കവികൾ രചിച്ച ആധുനികവും പൗരാണികവുമായ പ്രവാചക മദഹ് ഗീതങ്ങൾ അന്താരാഷ്ട്ര മീലാദ് സമ്മേളന വേദിയിൽ ഇവർ ആലപിക്കും.

2004 മുതൽ ആരംഭിച്ച മീലാദ് കോൺഫറൻസിൽ മിക്ക വർഷങ്ങളിലും വിദേശ ഗായകർ അതിഥികളായി വരാറുണ്ട്. മലയാളികളുടെ പ്രവാചക അപദാന ശീലത്തെ ആധുനിക അറബ് ശൈലിയുമായി കൂട്ടിയിണക്കുന്നതിൽ കഴിഞ്ഞ വർഷങ്ങളിൽ നടന്ന മീലാദ് സമ്മേളനങ്ങൾ നിമിത്തമായിട്ടുണ്ട്.


SHARE THE NEWS