അന്താരാഷ്‌ട്ര മീലാദ് സമ്മേളനത്തിന് നഗരിയൊരുങ്ങി

0
1085

കോഴിക്കോട്: നാളെ(ഞായറാഴ്ച) നടക്കുന്ന അന്താരാഷ്‌ട്ര മീലാദ് സമ്മേളനത്തിന് മർകസിൽ നഗരിയൊരുങ്ങി. മർകസ് കാമ്പസിൽ പ്രത്യേകം തയാറാക്കിയ വേദിയിലാണ് സമ്മേളനം നടക്കുന്നത്. ലോകത്തെ പ്രമുഖരായ മുസ്‌ലിം പണ്ഡിതരും മദ്ഹ് ഗാനാലാപന സംഘങ്ങളും അക്കാദമിക വിദഗ്‌ധരും സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിത്തുടങ്ങി. റബീഉൽ അവ്വൽ തുടക്കം മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മർകസ് സ്ഥാപങ്ങൾ വഴിയും, പൂർവ്വ വിദ്യാർത്ഥികളും പ്രവർത്തകരും മുഖേനയും നടത്തി വരുന്ന വർണാഭമായ വിവിധ മീലാദ് പരിപാടികളുടെ സമാപനമായാണ് അന്താരാഷ്ട്ര മീലാദ് സമ്മേളനം അരങ്ങേറുന്നത്.

2004 മുതൽ വിപുലമായി നടന്നു വരുന്ന മീലാദ് സമ്മേളനം ലോകത്തു തന്നെ ശ്രദ്ധയാകർഷിച്ച തിരുനബി സ്‌നേഹ പരിപാടികളൊന്നാണ്. പതിനായിരങ്ങൾ പങ്കെടുക്കുന്ന അൽ മൗലിദുൽ അക്ബർ മീലാദ് സമ്മേളനത്തിന്റെ ശ്രദ്ധേയമായ സംഗമമാണ്. ഈ വർഷം കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ രചിച്ച മൗലിദ് കിതാബ് പ്രമുഖ സാദാത്തീങ്ങളുടെ നേതൃത്വത്തിൽ സമ്മേളനത്തിൽ പാരായണം ചെയ്യും.

കാന്തപുരം ഉസ്‌താദിന്റെ തിരുനബി സ്‌നേഹ വാർഷിക പ്രഭാഷണവും പരിപാടിയിൽ നടക്കും. അശാന്തമായ കാലത്തു തിരുനബി സന്ദേശങ്ങൾ എങ്ങനെയാണ് മുസ്‌ലിംകൾക്കു പ്രതീക്ഷാ നിർഭരവും സന്തോഷകരവുമായ ജീവിതം നയിക്കാൻ പ്രചോദനമാകുന്നത് എന്നത് സംബന്ധിച്ച് അദ്ദേഹം നടത്താറുള്ള മീലാദ് സമ്മേളന പ്രസംഗങ്ങൾ വർഷങ്ങളായി ഏറെ ശ്രദ്ധേയമാണ്.

ഞായറാഴ്ച നാല് മണിക്ക് ആരംഭിക്കുന്ന സമ്മേളനത്തിന് എത്തുന്നവർക്ക് എല്ലാ സൗകര്യങ്ങളും മർകസ് നഗരിയിൽ ഒരുക്കിയിട്ടുണ്ട്. പ്രോഗ്രാം കമ്മറ്റി, വോളണ്ടിയർമാർ, ഫൈനാൻസ്, ലോ ആൻഡ് ഓർഡർ, മീഡിയ, ഗസ്റ്റ് റിലേഷൻ, ലൈറ്റ് ആൻഡ് സൗണ്ട് തുടങ്ങിയവ വളരെ സജീവമായി പ്രവർത്തിക്കുന്നു. അപ്പോളോ മൂസ ഹാജി ജനറൽ കൺവീനറായ കമ്മറ്റിയാണ് സമ്മേളന പ്രവർത്തനങ്ങൾ ഏകോപിക്കുന്നത്.

സമ്മേളനത്തിന് എത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യാൻ മർകസ് പരിസര പ്രദേശങ്ങളിൽ പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.