അബ്ദുന്നാസര്‍ വാണിയമ്പലത്തിന് ഇന്‍ഡോ-അറബ് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഡോക്ടറേറ്റ്

0
852
കോഴിക്കോട്:  ഇന്‍ഡോ-അറബ് വിദ്യാഭ്യാസ ബന്ധം ശക്തിപ്പെടുത്തിയതിനും സാമുഹിക സേവന രംഗത്തെ മികവിനും യു.എ.ഇയിലെ മര്‍കസ് അക്കാദമിക് കോ-ഓര്‍ഡിനേറ്റര്‍ അബ്ദുന്നാസര്‍ വാണിയമ്പലത്തിന് സാര്‍ക്ക് രാജ്യങ്ങളുടെ ബഹുമതിയായി ഇന്റര്‍നാഷണല്‍ എക്കണോമിക് യൂണിവേഴ്‌സിറ്റി നല്‍കിയ ഹോണററി ഡോക്ടറേറ്റ്  ലഭിച്ചു. മധുരയില്‍ നടന്ന ചടങ്ങില്‍ ഇന്റര്‍നാഷണല്‍ എക്കണോമിക്‌സ് യൂണിവേഴ്‌സിറ്റി ചാന്‍സ്‌ലര്‍ ഡോ.വെങ്കിട്ടരാമന്‍ സുന്ദര്‍ ബഹുമതി പത്രം അബ്ദുന്നാസർ വാണിയമ്പലത്തിനു  കൈമാറി. യു.എ.ഇയും ഇന്ത്യയും തമ്മിലുള്ള വിദ്യാഭ്യാസ-സാമൂഹിക- സാംസ്കാരിക കൈമാറ്റങ്ങൾ സജീവമാക്കുന്നതിൽ ഇദ്ദേഹം കാൽനൂറ്റാണ്ടായി വഹിച്ച പങ്കിനാണ് ഡോക്ടറേറ്റ് പദവി നല്കിയതെന്ന് യൂണിവേഴ്‌സിറ്റി പുറത്തിറക്കിയ ബഹുമതി പത്രത്തിൽ വ്യക്തമാക്കി.
മര്‍കസ് പൂര്‍വ്വവിദ്യാര്‍ത്ഥിയായ അബ്ദുന്നാസര്‍ വാണിയമ്പലം രണ്ടര പതിറ്റാണ്ടായി യു.എ.ഇ യിലെ ഷാര്‍ജ കേന്ദ്രീകരിച്ച് വിദ്യാഭ്യാസ സാംസ്‌കാരിക മേഖലകളില്‍ സജീവമായി പ്രവര്‍ത്തിച്ച് വരുന്നു. അറബ് എഴുത്തുകാരുമായും മാധ്യമ പ്രവര്‍ത്തകരുമായും ഇന്ത്യയിലെ സാംസ്‌കാരിക സാഹിത്യ രംഗത്തുള്ളവരെ ബന്ധിപ്പിക്കുന്നതില്‍ ഇദ്ദേഹം പ്രധാന കണ്ണിയായി വർത്തിച്ചുവരുന്നു. ഷാർജ ബുക്ക്‌ഫെയറുമായി ബന്ധപ്പെട്ട് ഓരോ വർഷവും സാമസ്‌കാരിക സാഹിത്യ സംഗമങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്നു. യു.എ.ഇയിലെ അല്‍ഖാസിമിയ്യ യൂണിവേഴ്‌സിറ്റിയുമായി മര്‍കസിന് അക്കാദമിക സഹകരണം ഉണ്ടാക്കുന്നതില്‍ കോ-ഓര്‍ഡിനേറ്ററായത് ഇദ്ദേഹമാണ്.