അറിവിന്റെ വൈവിധ്യങ്ങള്‍ ആവിഷ്‌കരിച്ച് മര്‍കസ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ വോല മാഗസിന്‍

0
986
SHARE THE NEWS

കുന്നമംഗലം: ആറു മാസം മുമ്പ് മര്‍കസ് ഇംഗ്ലീഷ് മീഡിയം സീനിയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് രൂപപ്പെടുത്തിയ ഒരു സ്വപ്നം ഇന്ന് സാക്ഷാത്കരിച്ചിരിക്കുന്നു. അറിവിന്റെ വൈവിധ്യങ്ങളെ വിവിധ ഭാഷകളില്‍ അവതരിപ്പിക്കുന്ന കാമ്പസ് മാഗസിനിന് വേണ്ടിയായിരുന്നു അവര്‍ അന്ന് ഒത്തുകൂടിയത്.
മാസങ്ങള്‍ നീണ്ടുനിന്ന അധ്വാനത്തിലൂടെ വിദ്യാര്‍ഥികള്‍ പുറത്തിറക്കിയ വോല കാമ്പസ് മാഗസിന്‍ കഴിഞ്ഞ ദിവസം മര്‍കസില്‍ നടന്ന ചടങ്ങില്‍ കാന്തപുരം എ.പി അബൂബക്കര്‍ അബൂബക്കര്‍ മുസ്ലിയാര്‍, എ.പി മുഹമ്മദ് മുസ്ലിയാര്‍, സി മുഹമ്മദ് ഫൈസി എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു.
അക്കാദമിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെപ്പറ്റി മുന്‍ അലീഗഢ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. പികെ അബ്ദുസ്സലാം നടത്തുന്ന വിശദമായ നിരീക്ഷണങ്ങള്‍ ‘വോല’യിലുണ്ട്.അറിവിനോളം വില മറ്റൊന്നിനുമില്ലെന്നും മൂല്യവത്തായ വിജ്ഞാനം നേടണമെങ്കില്‍ പഠനകാലത്ത് കഠിനമായി പരിശ്രമിക്കണമെന്നും സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ അദ്ദേഹം വിശദീകരിക്കുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ഫാത്തിമ സകിയ്യയാണ് ഡോ അബ്ദുസ്സലാമിന്റെ സംഭാഷണം തയ്യാറാക്കിയത്.
മര്‍കസ് ഡയറക്ടര്‍ ഡോ എ.പി അബ്ദുല്‍ ഹകീം അസ്ഹരിയുമായി മര്‍കസ് പൂര്‍വ്വ വിദ്യാര്‍ത്ഥിയും വിദ്യാഭ്യാസ പരിശീലകനുമായ അമീര്‍ ഹസന്‍ ആസ്ത്രേലിയ നടത്തുന്ന അഭിമുഖത്തില്‍ തെളിഞ്ഞു കാണുന്നത് നവയുഗത്തിലെ വിദ്യാഭ്യാസ സങ്കല്‍പ്പങ്ങളെ കുറിച്ചുള്ള കാഴ്ചപ്പാടുകളാണ്.
ഇംഗ്ലീഷ് ,മലയാളം ,അറബി ഭാഷകളിലുള്ള വിദ്യാര്‍ത്ഥികളുടെ രചനകള്‍ മികച്ച നിലവാരം പുലര്‍ത്തുന്നവയാണ്. കഥ, കവിത, ലേഖനം , ചിത്ര രചന തുടങ്ങിയ ഇനങ്ങളില്‍ കാപസിലെ നൂറുകുട്ടികളുടെ സൃഷ്ടികളാണ് മാഗസിനിലുള്ളത്.അതോടൊപ്പം സ്‌കൂളിന്റെ ഒരു വര്‍ഷത്തെ അക്കാദമിക സര്‍ഗ്ഗ പ്രവര്‍ത്തങ്ങളുടെ വിശദമായ റിപ്പോര്‍ട്ടും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
വിദ്യാര്‍ത്ഥികളും അധ്യാപകരും ഒരുമിച്ചു നിന്ന് പ്രയത്‌നിച്ചത് കൊണ്ടാണ് കെട്ടിലും മട്ടിലും വ്യത്യസ്തമായ 200 പേജുള്ള മാഗസിന്‍ തയ്യാറാക്കാന്‍ സാധിച്ചതെന്ന് സ്‌കൂള്‍ മാനേജര്‍ മുഹമ്മദ് ഹനീഫ് അസ്ഹരി പറഞ്ഞു.


SHARE THE NEWS