അവര്‍ വിളയിച്ച കതിര്‍മണികള്‍ സ്‌നേഹോഷ്മളതയുടെ വിഭവമായി

0
847
മര്‍കസ് ഉറുദു ശരീഅത്ത് വിദ്യാര്‍ത്ഥികളുടെ വിഭവം സി. മുഹമ്മദ് ഫൈസിക്ക് സ്വീകരിക്കുന്നു.
മര്‍കസ് ഉറുദു ശരീഅത്ത് വിദ്യാര്‍ത്ഥികളുടെ വിഭവം സി. മുഹമ്മദ് ഫൈസിക്ക് സ്വീകരിക്കുന്നു.

കുന്നമംഗലം: അനാഥ മക്കളുടെ പശിയടക്കാനും മതവിദ്യ നുകരുന്ന ആയിരങ്ങളുടെ വിശപ്പകറ്റാനും ഉത്തരേന്ത്യയില്‍ നിന്നും മര്‍കസിലേക്ക് കതിര്‍മണികള്‍. സ്വന്തം കൃഷിയിടത്തില്‍ അത്യധ്വാനം ചെയ്ത് വിളയിച്ച അരി മര്‍കസിലെത്തിയപ്പോള്‍ അത് മലയാള മണ്ണിനോടുള്ള സ്‌നേഹദൂതുകൂടിയായി. മധ്യപ്രദേശിലെ ഷഹദോള്‍ ജില്ലയിലെ ദാന്‍പുരിയിലുള്ള തങ്ങളുടെ കൃഷിയിടത്തില്‍ വിളയിച്ചെടുത്ത അരിയുമായി മര്‍കസ് ഉറുദു ശരീഅത്ത് കോളജ് വിദ്യാര്‍ത്ഥികളാണ് ക്യാമ്പസിനലെത്തിയത്.
മര്‍കസ് റൂബി ജൂബിലി വേളയില്‍ വിവിധ ജില്ലകളില്‍ നിന്ന് സമാഹരിച്ച വിഭവങ്ങള്‍ മര്‍കസ് അങ്കണത്തില്‍ എത്തിയപ്പോഴാണ് മര്‍കസിന്റെ അക്ഷരമുറ്റത്ത് ഒരു നുള്ള് വിഭവമെങ്കിലും എത്തിച്ച് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ അറിവിന്റെ തീരത്ത് ഉത്തരേന്ത്യയില്‍ നിന്നെത്തിയ മതവിദ്യാര്‍ത്ഥികള്‍ ദൃഢനിശ്ചയം ചെയ്തത്. നാട്ടില്‍ നിന്ന് ഇനിയും വിവിധ വിഭവങ്ങള്‍ എത്തിക്കാന്‍ താല്‍പര്യമുണ്ടായിരുന്നെങ്കിലും യാത്രാദൂരവും കൊണ്ടുവരാനുള്ള പ്രയാസവും കാരണമാണ് എത്തിക്കാന്‍ സാധിക്കാതിരുന്നതെന്നും മര്‍കസില്‍ ആയിരങ്ങള്‍ക്ക് ദിനേനെ ഭക്ഷണം നല്‍കുന്ന കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചെറിയ രൂപത്തിലെങ്കിലും കൈത്താങ്ങാകാന്‍ കഴിഞ്ഞതില്‍ ആഹ്ലാദമുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
മര്‍കസ് ക്യാമ്പസില്‍ നടന്ന ചടങ്ങില്‍ ജനറല്‍ മാനേജര്‍ സി. മുഹമ്മദ് ഫൈസി വിദ്യാര്‍ത്ഥികളില്‍ നിന്ന് അരിച്ചാക്ക് ഏറ്റുവാങ്ങി. മര്‍കസ് നടത്തുന്ന സേവനങ്ങള്‍ ഇന്ത്യയിലൊട്ടാകെ പരന്നുകിടക്കുന്ന വിദ്യാര്‍്ത്ഥികളെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് വിദൂര സംസ്ഥാനമായ മധ്യപ്രദേശില്‍ നിന്ന് സ്വന്തം കൃഷിയിടത്തില്‍ ഉല്‍പാദിപ്പിച്ച ധാന്യവുമായി ഉറുദു വിദ്യാര്‍ത്ഥികള്‍ മര്‍കസിലെത്തിയ സംഭവമെന്ന് അദ്ദേഹം പറഞ്ഞു. മര്‍കസ് ഉറുദു ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് മൂസ സഖാഫി പാതിരമണ്ണ, ലത്വീഫ് സഖാഫി പെരുമുഖം, ഉറുദു വിദ്യാര്‍ത്ഥികളായ മുഹമ്മദ് തൗസീഫ്, അബ്ദുല്‍ വാഹിദ്, മുഹമ്മദ് സാജിദ്, എസ്.കെ റബ്ബാനി, മുഹമ്മദ് ഹസന്‍, സയ്യിദ് തല്‍ഹീം, അഹ്മദ് റസാ, ഫരീദ് ആലം പങ്കെടുത്തു.