അസംബന്ധം പറയുന്നവര്‍ ബഹുസ്വരതയുടെ ശത്രുക്കള്‍: സ്പീക്കര്‍

0
795

കുന്നമംഗലം: അസംബന്ധ പ്രസ്താവനകള്‍ നടത്തി പ്രത്യേക മതവിഭാഗങ്ങള്‍ക്ക് നേരെ കുറ്റമാരോപിക്കാനും സമൂഹത്തില്‍ ഛിദ്രതയുണ്ടാക്കാനും ശ്രമിക്കുന്നവര്‍ ബഹുസ്വരതയുടെയും മാനവികതയുടെയും വിരോധികളാണെന്ന് കേരള നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. മര്‍കസ് അലുംനി സംഘടിപ്പിച്ച മെറിറ്റ് ഇവന്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതാടിസ്ഥാനത്തില്‍ രാഷ്ട്രവിഭജനത്തിന് ചിലരൊക്കെ ശ്രമിച്ചപ്പോള്‍ സ്വാതന്ത്ര സമര കാലത്തു തന്നെ ഉയര്‍ന്ന മാനുഷിക ബോധത്തോടെ സൗഹാര്‍ദ്ദത്തിന് വേണ്ടി സജീവമായി രംഗത്തിറങ്ങിയവരാണ് മുസ്‌ലിം പണ്ഡിതന്മാര്‍. അപരവിദ്വേഷം ജനിപ്പിക്കുന്ന ആളുകള്‍ക്കെതിരെ രൂക്ഷമായ നിലപാടെടുത്തവരായിരുന്നു ഗാന്ധിജിയെപ്പോലെ ഹൈന്ദവ മതത്തില്‍ പിറന്ന അനേകായിരം മഹാരഥന്മാര്‍. അവരുടെയൊക്കെ പാരമ്പര്യത്തിലൂടെയാണ് കേരളീയ ജനത സൗഹൃദത്തിന്റെയും ഒരുമയുടെയും സന്ദേശങ്ങള്‍ മുറുകെപ്പിടിച്ച് ജീവിക്കുന്നത്. സുന്നി പ്രസ്ഥാനം എല്ലാ കാലത്തും മതേതരത്വത്തിന്റെയും സഹിഷ്ണുതയുടെയും ഉന്നതമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചവരാണ്. മമ്പുറം തങ്ങളെപ്പോലുള്ളവര്‍ താഴ്ന്ന വിഭാഗം ഹിന്ദുക്കളുടെ ക്ഷേത്ര പ്രവേശനത്തിന് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഇന്നും ഓരോ മലയാളിയേയും ഊര്‍ജ്ജസ്വലമാക്കുന്നവയാണ്. ഈ പൈതൃകത്തെ അപമാനിക്കാന്‍ ശ്രമിക്കുന്നത് ഏതു ഐ.പി.എസുകാരാനായാലും ജനങ്ങളും മാധ്യമങ്ങളും അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണം. രാജ്യത്താകെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും സേവനപ്രവര്‍ത്തനങ്ങളും നടത്തുന്ന മര്‍കസ് എല്ലാവര്‍ക്കും മാതൃകയാണ്: സ്പീക്കര്‍ പറഞ്ഞു.
മര്‍കസ് ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. മര്‍കസ് ജനറല്‍ മാനേജര്‍ സി. മുഹമ്മദ് ഫൈസി ആമുഖപ്രഭാഷണം നിര്‍വഹിച്ചു. സ്ഥലം എം.എല്‍.എ പി.ടി.എ റഹീം അവാര്‍ഡ് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ച് സംസാരിച്ചു. എ.പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം, കെ.കെ അഹ്മദ്കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, വി.പി.എം ഫൈസി വില്യാപള്ളി, മുഖ്താര്‍ ഹസ്രത്ത്, പി.സി ഇബ്രാഹീം മാസ്റ്റര്‍, സയ്യിദ് സ്വാലിഹ് ജിഫ്രി, സയ്യിദ് സൈനുല്‍ ആബിദീന്‍ പ്രസംഗിച്ചു. അബ്ദുറഹ്മാന്‍ എടക്കുനി സ്വാഗതവും മൂസ ഇരിങ്ങണ്ണൂര്‍ നന്ദിയും പറഞ്ഞു.