അഹ്‌ലുബൈത്തിന് ആത്മബോധം വളര്‍ത്തുന്നു: സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി

0
1130

ഒരു സമുദായത്തിന്റെ മുഖഛായ മാറ്റി എഴുതിയ സ്ഥാപനമാണ് മര്‍കസ്. സ്വത്വം നഷ്ടപ്പെട്ട സമുദായത്തിന് സ്വത്വവീണ്ടെടുപ്പും മാതൃകാപൂര്‍ണ്ണമായ സംസ്‌കാരവും രൂപപ്പെടുത്തി നല്‍കിയ മഹത്തായ സ്ഥാപനം. കേരളത്തിന്റെ മത സാംസ്‌കാരിക ഉന്നമനത്തിന്റെ ചരിത്രം എഴുതപ്പെടുകയാണെങ്കില്‍ തീര്‍ച്ചയായും അതില്‍ നല്ലൊരു ഭാഗം മര്‍കസും മര്‍കസ് ചെയ്ത പ്രവര്‍ത്തനങ്ങള്‍ കൊണ്ടും സമ്പന്നമായിരിക്കും. മര്‍കസിന്റെ പ്രവര്‍ത്തനങ്ങളെ മുഴുവന്‍ എഴുതി തീര്‍ക്കുക എന്നത് അതിമോഹമായതിനാല്‍ അതിനു മുതിരുന്നില്ല. ആവശ്യമായ മേഖലകളിലെല്ലാം മര്‍കസ് അതിന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. എടുത്തു പറയേണ്ട മഹത്തായ പ്രവര്‍ത്തനമാണ് സാദാത്തുകളുടെ ഉമനത്തിന് മര്‍കസ് ചെയ്തു കൊണ്ടിരിക്കുന്ന കാര്യങ്ങള്‍. വിശ്വാസികളുടെ ജീവിതത്തില്‍ മാറ്റി നിര്‍ത്തപ്പെടാന്‍ സാധിക്കാത്ത ഇടം സാദാത്തുക്കള്‍ക്കുണ്ട്. സെയ്ദുബ്‌നു അര്‍ഖം(റ)വില്‍ നിന്ന് നിവേദനം: അഷ്‌റഫുല്‍ ഖല്‍ഖ് (സ്വ) ഒരിക്കല്‍ പ്രസംഗിക്കവെ ഇങ്ങനെ പറഞ്ഞു: എന്റെ റബ്ബിന്റെ ദൂതന്‍ എന്നെ വിളിച്ചാല്‍ ഞാന്‍ അതിന് ഉത്തരം നല്‍കും. എന്നാല്‍ മഹത്തായ രണ്ട് കാര്യം ഞാന്‍ നിങ്ങളില്‍ ഉപേക്ഷിക്കുന്നു. ഒന്ന്, സന്മാര്‍ഗ ദീപമായ ഖുര്‍ആന്‍, അതിനെ നിങ്ങള്‍ മുറുകെ പിടിക്കുക. മറ്റൊന്ന്, എന്റെ അഹ്‌ലു ബൈത്താണ്. അവരുടെ കാര്യം ഞാന്‍ നിങ്ങളെ ആവര്‍ത്തിച്ച് ഓര്‍മപ്പെടുത്തുന്നു.
അഷ്‌റഫുല്‍ ഖല്‍ഖ് നമ്മളെ സംരക്ഷണോത്തരവാദിത്വം ഏല്‍പ്പിച്ചവരാണ് അഹ്‌ലുബൈത്ത്. അഹ്‌ലുബൈത്തുമായുള്ള ബന്ധം വിശ്വസികളുടെ ജീവിതവുമായി ചേര്‍ന്നു നില്‍ക്കുന്നതും അപ്രകാരമാണ്. ലോക ചരിത്രത്തിലെ പോലെ തന്നെ കേരളചരിത്രത്തിലും മതനേതൃത്വ രംഗത്ത് പണ്ഡിതന്മാരോടൊപ്പം എക്കാലത്തും സാദാത്തുകള്‍ ഉണ്ടായിട്ടുണ്ട്. മത സാമൂഹിക വൈജ്ഞാനിക മേഖലകളിലെല്ലാം അവരുടെ സ്വാധീനവും ഇടപെടലും നമുക്ക് ദര്‍ശിക്കാം. കേരള ചരിത്രത്തിലെ മതരാഷ്ട്രീയ മേഖലകളില്‍ മാറ്റി നിറുത്തപ്പെടാന്‍ പറ്റാത്ത മഖ്ദൂമുമാരുടെ ശൈഖുമാരില്‍ വരെ സാദാത്തുക്കളെ കാണാം. അവരില്‍ പ്രമുഖരായിരുന്നു ജലാലുദ്ദീന്‍ ബുഖാരി(റ)ന്റെ മകന്‍ സയ്യിദ് ഇസ്മാഈല്ബുഖാരി(റ). ഇതുപോലെ ചരിത്രത്തിലിനിയും നിരവധി സാദാത്തുക്കളെ കാണാം. കേരളത്തില്‍ മാത്രമല്ല അഹ്‌ലുബൈത്ത് ലോകത്ത് ഉടനീളം സഞ്ചരിച്ചു. ഉപ്പാപ്പ ഏല്‍പ്പിച്ചതിനെ ഭദ്രമായി ലോകത്തിന് പകര്‍ന്നു നല്‍കി. ഇന്നനും നല്‍കി കൊണ്ടിരിക്കുന്നു. അഹ്‌ലുബൈത്ത് തിരുനബിയില്‍ നിന്നാണ്. അവിടുത്തെ ശരീരത്തില്‍ നിന്ന് വേര്‍പിരിഞ്ഞത്. സ്‌നേഹിച്ചാല്‍ തീര്‍ച്ചയായും അവിടുന്ന് കൈപിടിക്കും, കൈപിടിക്കാന്‍ ആളില്ലാത്ത നാളില്‍.
കേരളത്തില്‍ പുതിയ കാലത്ത് ജനഹൃദയങ്ങളില്‍ സാദാത്തുക്കള്‍ക്ക് ഇടം നല്‍കുന്നതില്‍ മര്‍കസ് വഹിച്ച പങ്ക് വളരെ വലുതാണ്. മര്‍കസിന്റെ വളര്‍ച്ചയില്‍ എക്കാലത്തും സയ്യിദന്മാരുടെ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്. മര്‍കസിന് ശിലപാകിയത് തന്നെ ലോക പ്രശസ്ത ഇസ്ലാമിക പണ്ഡിതനും ഗ്രന്ഥകാരനുമായ സയ്യിദ് അലവി മാലികി മക്കയാണ്. ശൈഖുന എപി ഉസ്താദിന്റെ ജീവിതമെടുക്കുകയാണെങ്കിലും സയ്യിദന്മാരുമായുള്ള അഭേദ്യമായ ബന്ധങ്ങള്‍കൊണ്ട് സമ്പമാണെന്നു കാണാം. ഉസ്താദിന്റെ മിക്ക പ്രസംഗങ്ങളിലും എഴുത്തുകളിലും സയ്യിദ് അബ്ദുല്‍ ഖാദിര്‍ അഹ്ദല്‍ അവേലത്ത് തങ്ങളെ പാരമര്‍ശിക്കതിരിക്കാറില്ല. കാരണം ഉസ്താദിന്റെ കൂടെ നിന്ന് മര്‍കസിന് ഊടും പാവും നല്‍കുന്നതില്‍ മഹാനവര്‍കള്‍ വഹിച്ച പങ്ക് നിസ്തുലമാണ്. സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ മര്‍കസിന്റെ പ്രസിഡന്റായിരുന്നു. സയ്യിദ് അലി ബാഫഖി തങ്ങള്‍ നിലവില്‍ മര്‍കസിന്റെ പ്രസിഡന്റാണ്. ഇങ്ങനെ തുടങ്ങി മര്‍കസിന്റെ ഏതു മേഖലയിലും അഷ്റഫുല്‍ഖല്‍ഖിന്റെ കുടുംബത്തോടും അവിടുത്തോടുമുള്ള അതിരറ്റ ബന്ധങ്ങള്‍ ദര്‍ശിക്കാന്‍ സാധിക്കും. കൂടാതെ കേരളത്തിലെ എല്ലാ ഖബീലകളിലെയും സയ്യിദന്മാരെ മര്‍കസിലേക്ക് കൊണ്ട് വന്ന് അവര്‍ക്ക് ആദരവ് നല്‍കുകയും അവരുടെ പുതിയ കാല ഇടപെടലുകളെ കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്യുന്ന എല്ലാ മുഹര്‍റം ഒമ്പതിനും മര്‍കസില്‍ നടത്തിവരുന്ന സാദാത്ത് ഡേ സദാത്തുകളുടെ, പുരോഗതിയില്‍ വഹിച്ച പങ്ക് എടുത്തു പറയേണ്ടതാണ്. മര്‍കസിന് നാല്‍പ്പത് വയസ്സ് പൂര്‍ത്തിയാകുന്നു. നാല്‍പ്പത് മനുഷ്യ ജീവിതത്തിലേക്ക് ചേര്‍ത്തുമ്പോള്‍ പൂര്‍ണ്ണതയുടെ പ്രായമാണ്. എന്നാല്‍ ഒരു സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം അത് ശൈഷവം പിന്നിട്ട് കൗമാരത്തിലേക്ക് കടക്കുന്ന സമയമാണ്. എന്നിട്ടും മര്‍കസ് നാന്നൂറിന്റെ പേരും പെരുമയും പരിചയ സമ്പത്തും മാതൃകയും തീര്‍ക്കുന്നത് അഷ്റഫുല്‍ ഖല്‍ഖിനോടും തിരുകുടുംബത്തോടും ഉസ്താദും മര്‍കസും കാണിക്കുന്ന വിവരണാതീതമായ ബന്ധമാണ്. മര്‍കസിന്റെ കൂടെ നടക്കാനും ഉസ്താദവര്‍കളുടെ മഹനീയ നേതൃത്വത്തിനു കീഴില്‍ പ്രവര്‍ത്തിക്കാനും നമുക്ക് സാധിക്കുന്നു എന്നത് അല്ലാഹു നമുക്ക് നല്‍കിയ മഹത്തായ അനുഗ്രഹമാണ്. മര്‍കസിന്റെ റൂബി ജൂബിലി സമ്മേളനം ചരിത്ര വിജയമാക്കാനും ചരിത്രത്തിന്റെ ഭാഗമാകാനും നമുക്കോരോരുത്തര്‍ക്കും സാധിക്കണം. നാഥന്‍ തൗഫീഖ് ചെയ്യട്ടെ.