ആദിവാസി യുവാവിനെ കൊലപ്പെടുത്തിയ സംഭവം അപലപനീയം: കാന്തപുരം

0
808
SHARE THE NEWS

കോഴിക്കോട്: അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ മർദിച്ചു കൊലപ്പെടുത്തിയ സംഭവം അത്യന്തം അപലപനീയമാണെന്നും  ദുർബലരുടെയും പാവങ്ങളുടെയും കൂടെ നിൽക്കുന്നവരാകണം മനുഷ്യരെന്നും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. ആ സംഭവത്തിൽ  പങ്കാളികളായവർ മധുവിനോട് പെരുമാറിയതിന്റെ ദൃശ്യങ്ങൾ ഭീതിപ്പെടുത്തുന്നതാണ്. അക്രമം നടക്കുമ്പോൾ പിന്നിൽ നിന്ന് സെൽഫിയെടുക്കുന്നതും ആഹ്ലാദിക്കുന്നതും മനുഷ്യത്വം അപ്രത്യക്ഷമാവുനനത്തിന്റെ പ്രകടമായ ഉദാഹരണങ്ങളാണ്. നിയമം കയ്യിലെടുക്കുന്നത് രാജ്യത്തിന്റെ നിയമ സംവിധാനത്തോട് ചെയ്യുന്ന ധിക്കാരമാണ് . കേരളീയർക്ക് സഹജീവി സ്നേഹത്തിന്റെ അഭിമാനകരാമായ പാരമ്പര്യമാണുള്ളത്. കൂടെയുള്ളവരെ വെട്ടിക്കൊല്ലുന്ന, തല്ലിക്കൊല്ലുന്ന സംഭവങ്ങൾ ഇനിയൊരിക്കലും  സംഭവിക്കാൻ പാടില്ല. യാചകർക്കും അന്യ സംസ്ഥാന തൊഴിലാളികൾക്കും നേരെ നടക്കുന്ന ആക്രമണങ്ങൾ തടയപ്പെടണം. മനുഷ്യർ കൈനീട്ടുന്നത് വിശപ്പിന്റെ ആധിക്യം കൊണ്ടാണ്. കൂടെപ്പിറപ്പുകളുടെ സങ്കടങ്ങൾ തീർക്കാനാണ്. കഴിയുന്ന സഹായങ്ങൾ ചെയ്യണം. ഇല്ലെങ്കിൽ ഒരാളുടെ അഭിമാനത്തെ മുറിപ്പെടുത്താതിരിക്കാനുള്ള സന്മനസ്സെങ്കിലും ഉണ്ടാകണം. അങ്ങനെയാവുമ്പോഴേ മനുഷ്യന് വിശിഷ്ടത കൈവരികയുള്ളൂ എന്നും കാന്തപുരം പ്രസ്താവനയിൽ  പറഞ്ഞു.


SHARE THE NEWS