ആരോഗ്യരംഗത്ത് പുതിയ ഗവേഷണങ്ങള്‍ വേണം: ഡോ. ഹംദാന്‍ മുസല്ലം അല്‍ മസ്‌റൂഇ

0
1616

പുതുപ്പാടി: സമ്പന്നമായ ആരോഗ്യചരിത്രമുളള മുസ്‌ലിംകളുടെ നേതൃത്വത്തില്‍ പുതിയ ഗവേഷണങ്ങള്‍ ഉണ്ടാകണമെന്ന് യു.എ.ഇ റെഡ് ക്രസന്റ് ചെയര്‍മാന്‍ ഡോ. ഹംദാന്‍ മുസല്ലം അല്‍ മസ്‌റൂഇ. മര്‍കസ് റൂബി ജൂബിലിയില്‍ പങ്കെടുത്ത വിദേശപ്രതിനിധികള്‍ക്ക് നല്‍കിയ സ്വീകരണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഗോളാടിസ്ഥാനത്തില്‍ നൂതനമായ പഠനങ്ങളും സാങ്കേതിക മുന്നേറ്റങ്ങളും നടക്കുമ്പോഴും ആരോഗ്യരംഗത്തെ ഗവേഷണങ്ങള്‍ തുലോം കുറവാണ്. ഇത് പരിഹരിക്കേണ്ടത് യുവാക്കളായ മെഡിക്കല്‍ പ്രവര്‍ത്തകരാണ്. കേരളത്തില്‍ നിന്നുള്ള യുനാനി ഡോക്ടര്‍മാര്‍ക്ക് ഈ മേഖലയില്‍ വലിയ സംഭാവനകളാണ് ചെയ്യാനുള്ളതെന്നും ഡോ. ഹംദാന്‍ മുസല്ലം അള്‍ മസ്‌റൂഇ പറഞ്ഞു. ഇതിനായി കാഴ്ചപ്പാടുകളും വിദ്യാഭ്യാസ മുന്നേറ്റവും ഉണ്ടാകുമ്പോള്‍ മാത്രമേ ആരോഗ്യമേഖലയില്‍ മികച്ച മുന്നേറ്റം സാധ്യമാകൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശൈഖ് സാഇദ് ചാരിറ്റി പ്രൊജക്റ്റ് മേധാവി സുല്‍ത്താന്‍ മുഹമ്മദ് അള്‍ ശെഹി, യു.എ.ഇ കൗണ്‍സിലേറ്റ് ജനറല്‍ റാശിദ് ഖമീസ് അലി അല്‍ ശെമി, കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ എന്നിവരും ചടങ്ങില്‍ സംസാരിച്ചു. യുനാനി മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥികളുമായുള്ള ആരോഗ്യസംവാദവും നടന്നു. അമേരിക്കയിലെ പ്രമുഖ ആരോഗ്യപ്രവര്‍ത്തകനായ ഡോ. ഉസ്മാന്‍ ശിബ്‌ലി വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുത്തു. പുതിയ കാലത്തെ വെല്ലുവിളികള്‍ നേരിടാന്‍ ആരോഗ്യമേഖലയില്‍ നിലവിലുള്ള അവസരങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും വിദേശ രാജ്യങ്ങളിലെ ആരോഗ്യപ്രവര്‍ത്തകരുമായി യോജിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര സാധ്യതകള്‍ ഉപയോഗപ്പെടുത്തി കേരളത്തിലെ ആരോഗ്.രംഗത്ത് വലിയ മാറ്റങ്ങള്‍ തന്നെയാണ് മര്‍കസ് നോളജ് സിറ്റിയിലൂടെ യാഥാര്‍ത്ഥ്യമാകുന്നതെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ വ്യക്തമാക്കി.
ചടങ്ങില്‍ ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി, മര്‍കസ് യുനാനി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാല്‍ പ്രൊഫ. ഇംദാദുല്ല സിദ്ധീഖി, ജോയിന്റ് ഡയറക്ടര്‍ ഒ.കെ.എം അബ്ദുറഹ്മാന്‍, ഡോ. യു.കെ മുഹമ്മദ് ശരീഫ്, അമീര്‍ ഹസന്‍, റശീദ് പുന്നശ്ശേരി സംബന്ധിച്ചു.