കോഴിക്കോട്: ആസാമിലെ ദേശീയ പൗരത്വ രജിസ്റ്ററില്‍ നിന്ന് പുറത്തായ ഇന്ത്യന്‍ പൗരന്മാരെ സഹായിക്കുന്നതിനു മര്‍കസ് ലോ കോളജിന് കീഴില്‍ ആസാമില്‍ ഹെല്പ് ഡെസ്ക്കുകള്‍ ആരംഭിക്കും. സാമ്പത്തിക പരാധീനതയും അവബോധമില്ലായ്മയും കാരണം ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാന്‍ സാധിക്കാതെ പൗരത്വ പട്ടികയില്‍ നിന്ന് പുറത്തായവര്‍ക്ക് ഫോറിന് ട്രൈബ്യൂണലില്‍ അപ്പീല്‍ ബോധിപ്പിക്കുന്നതിനു നിയമസഹായം നല്‍കുന്നതിനാണ് ഹെല്‍പ്പ് ഡസ്ക്കുകള്‍ പ്രവര്‍ത്തിക്കുക. മര്‍കസ് ലോ കോളജില്‍ നിന്നും പഠിച്ചിറങ്ങിയ അഭിഭാഷകര്‍ക്ക് പുറമെ മര്‍കസിന്റെ ബംഗാളിലെ സ്ഥാപനമായ തൈ്വബ ഗാര്ഡന് ബിരുദ വിദ്യാര്‍ത്ഥികളും സംയുക്തമായി ആസാമിലെ അതിര്‍ത്തി പ്രദേശങ്ങളായ സിലിച്ചര്‍, കരീംഗഞ്ച്, എന്നിവിടങ്ങളില്‍ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ നടത്തും. ഇതു സംബന്ധമായി മര്‍കസ് ലോ കോളജില്‍ ചേര്‍ന്ന ഗവേണിംഗ് ബോഡി യോഗത്തില്‍ മര്‍കസ് നോളജ് സിറ്റി ഡയറക്ടര്‍ ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി, വൈസ് പ്രിന്‍സിപ്പല്‍ അഡ്വ. സമദ് പുലിക്കാട്, റഊഫ് വി.കെ പങ്കെടുത്തു.