ആസാമിൽ മർകസ് നിയമസഹായം; രണ്ടാംഘട്ടം പൂർത്തീകരിച്ചു

0
1077
SHARE THE NEWS

ന്യൂഡൽഹി: ആസാമിൽ ദേശീയ പൗരത്വ രജിസ്റ്ററിൽ നിന്നും പുറത്താക്കപ്പെട്ട ഇന്ത്യൻ പൗരന്മാരെ സഹായിക്കുന്നതിനു മർകസ് ലോ കോളജ്‌  ലീഗൽ  എയ്ഡ് ക്ലിനിക്കിനു കീഴിൽ നടത്തി വരുന്ന ലീഗൽ എയ്ഡ് പ്രവർത്തനങ്ങളുടെ രണ്ടാം ഘട്ടം പൂർത്തിയായി. മർകസ് ലോ കോളജ്‌  പൂർവ വിദ്യാർത്ഥികളായ അഭിഭാഷകർ, പ്രാദേശിക  വളണ്ടിയർമാരും സന്നദ്ധ സംഘടനകളുമായി സഹകരിച്ചാണ് നിയമസഹായ പ്രവർത്തനങ്ങളുടെ രണ്ടാം ഘട്ടം പൂർത്തീകരിച്ചത്.

പൗരത്വ രജിസ്റ്റർ കരടുപട്ടിക ഈ വർഷാദ്യം  പുറത്തുവന്നപ്പോൾ മർകസ് ലോ കോളജ്‌ വൈസ് പ്രിൻസിപ്പൽ അഡ്വ. സമദ് പുലിക്കാട്, അസിസ്റ്റന്റ് പ്രൊഫസർ  ഡിറ്റെക്ക്സ് ജോർജ് എന്നിവരുടെ നേതൃത്വത്തിൽ ആസാമിൽ പര്യടനം നടത്തുകയും പ്രാദേശിക നിയമ സഹായ സംഘങ്ങൾ രൂപീകരിച്ചു പട്ടികയിൽ നിന്നു പുറത്താക്കപ്പെട്ടവരെ സഹായിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു. അന്തിമ പട്ടിക പുറത്തുവന്നതോടെ ആരംഭിച്ച  മൂന്നാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ പ്രദേശങ്ങളിൽ ഹെൽപ്പ് ഡെസ്കുകളും നിയമ സഹായ ക്യാമ്പുകളും സംഘടിപ്പിച്ചു.

സിലിച്ചർ, ഹൈലാക്കണ്ടി, നിലംബസാർ, ജലാൽ നഗർ, കരീംഗഞ്ച്, റാത്ത ബാഡി, ആനീപൂർ എന്നിവിടങ്ങളിൽ നടത്തിയ നിയമ സഹായ ക്യാമ്പുകളിൽ പട്ടികയിൽ  നിന്നു പുറത്താക്കപ്പെട്ട ആയിരങ്ങൾ സംബന്ധിച്ചു. നോർത്ത് ഈസ്ററ് യുവ അഹ്‌ലുസ്സുന്ന, ഡി സി ഫ്, കാച്ചാസ് മുസ്ലിം ഫെഡറേഷൻ തുടങ്ങിയ സംഘടനകളാണ് ക്യാമ്പുകൾക്ക് പശ്ചാത്തല സൗകര്യമൊരുക്കിയത്. മർകസ് ലോ കോളജ്‌  പൂർവ വിദ്യാർത്ഥികളായ അഡ്വ. മുഹമ്മദ് ശംവീൽ നൂറാനി, അഡ്വ . മുഹമ്മദ് സുഹൈൽ തങ്ങൾ എന്നിവരാണ് രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. പൗരത്വ പട്ടികയിൽ നിന്നു പുറത്താക്കപ്പെട്ടവർക്ക് ഫോറിൻ ട്രിബുണലിനെയും മേൽക്കോടതികളെയും സമീപിക്കുന്നതിന് അഭിഭാഷകരുടെ സഹായം ലഭ്യമാകുകയാണ് മൂന്നാം ഘട്ടം. സേവന സന്നദ്ധരായ  അഭിഭാഷകരുടെ സഹകരണത്തോടെ മൂന്നാം ഘട്ട നിയമ സഹായ പ്രവർത്തനങ്ങൾ സമയ ബന്ധിതമായി ഏകോപിപ്പിക്കുമെന്ന്  മർകസ് ലോ കോളജ്‌  ഡയറക്ടർ ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി അറിയിച്ചു .


SHARE THE NEWS