ഇത്തിഹാദുല്‍ ജാമിഅയുമായി മര്‍കസ് അക്കാദമിക സഹകരണത്തിന് ധാരണയായി

0
1287
അമ്മാനിലെ ഇത്തിഹാദ് കാര്യാലയത്തില്‍ നടന്ന ചടങ്ങില്‍ മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് ഇത്തിഹാദുല്‍ ജാമിഅ സെക്രട്ടറി ജനറല്‍ ഡോ. അംറ് സലാം എം.ഒ.യു കൈമാറുന്നു.

കോഴിക്കോട്: അറബ് യൂണിവേഴ്സിറ്റികളുടെ കൂട്ടായ്മയായ ഇത്തിഹാദു ജാമിആതില്‍ അറബിയ്യയുമായി മര്‍കസ് അക്കാദമിക സഹകരണത്തിന് ധാരണയായി. അമ്മാനിലെ ഇത്തിഹാദുല്‍ ജാമിഅ കാര്യാലയത്തില്‍ നടന്ന ചടങ്ങില്‍ മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍, ഇത്തിഹാദുല്‍ ജാമിഅ സെക്രട്ടറി ജനറല്‍ ഡോ. അംറ് സലാം എന്നിവര്‍ എം.ഒ.യുവില്‍ ഒപ്പുവെച്ചു. 1964ല്‍ സ്ഥാപിതമായ ഇത്തിഹാദുമായി നിലവില്‍ 280അറബ് യൂണിവേഴ്സിറ്റികള്‍ അക്കാദമിക സഹകരണം നടത്തുന്നു.

ശാസ്ത്രീയമായി അറബ് ഭാഷയും മറ്റു ഭാഷകളും വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാനുള്ള പുതിയ പദ്ധതികള്‍ വികസിപ്പിച്ചെടുത്ത് വിവിധ യൂണിവേഴ്സിറ്റികളില്‍ പരിശീലനം നല്‍കുക, അംഗങ്ങളായ വ്യത്യസ്ത യൂണിവേഴ്സിറ്റികള്‍ക്കിടയില്‍ അക്കാദമിക സഹകരണം രൂപപ്പെടുത്തുക, ഉന്നതവിദ്യാഭ്യാസത്തിനും ഗവേഷണ പഠനങ്ങള്‍ക്കും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുക, വിവിധ യൂണിവേഴ്സിറ്റികളിലെ അക്കാദമിക പണ്ഡിതരെ സംഗമിപ്പിച്ചു അന്താരാഷ്ട്ര സമ്മേളനങ്ങള്‍ നടത്തുക തുടങ്ങിയവ ഇത്തിഹാദുല്‍ ജാമിഅഃയുടെ പ്രവര്‍ത്തനങ്ങളില്‍ പെടുന്നു.

അറബേതര രാജ്യത്ത് നിന്ന് ആദ്യമായാണ് ഒരു സ്ഥാപനവുമായി ഇത്തിഹാദ് അക്കാദമിക ബന്ധം ഉണ്ടാക്കുന്നത്. ഇന്ത്യയില്‍ നിന്ന് മര്‍കസുമായി എം.ഒ.യു ഒപ്പുവെക്കാന്‍ കാരണം, അറബ് ഭാഷയുടെ പ്രോത്സാഹനത്തിനും സംസ്‌കാര പഠനങ്ങള്‍ക്കും ഏറ്റവും മികച്ച പ്രോത്സാഹനം നല്‍കുന്ന രാജ്യാന്തര നിലവാരമുള്ള സ്ഥാപനമെന്ന നിലയിലാണെന്ന് ഡോ. അംറ് സലാം പറഞ്ഞു. ഇത്തിഹാദുല്‍ ജാമിഅ അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍മാരായ ഡോ. കെമിസ്സി ഹാമിദ്, ഡോ അബ്ദുറഹീം ജുനൈദി, മര്‍കസ് പ്രതിനിധി അക്ബര്‍ ബാദുഷ സഖാഫി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.