ഇന്തോനേഷ്യൻ അന്താരാഷ്ട്ര സമ്മേളനത്തിൽ മികച്ച പ്രബന്ധം മൂസ സഖാഫിയുടേത്

0
990
ഇന്തോനേഷ്യയിൽ നടന്ന അന്താരാഷ്ട്ര ഇസ്‌ലാമിക സമ്മേളനത്തിൽ മർകസ് ഉറുദു ഡിപ്പാർട്ടമെന്റ് ഹെഡ് മൂസ സഖാഫി പാതിരമണ്ണ പ്രബന്ധം അവതരിപ്പിക്കുന്നു
ഇന്തോനേഷ്യയിൽ നടന്ന അന്താരാഷ്ട്ര ഇസ്‌ലാമിക സമ്മേളനത്തിൽ മർകസ് ഉറുദു ഡിപ്പാർട്ടമെന്റ് ഹെഡ് മൂസ സഖാഫി പാതിരമണ്ണ പ്രബന്ധം അവതരിപ്പിക്കുന്നു

കോഴിക്കോട്: ഇന്തോനേഷ്യയിലെ തൻജുംപിനാങ് സിറ്റിയിൽ നടക്കുന്ന അന്താരാഷ്ട്ര മുസ്‌ലിം സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ട മികച്ച പ്രബന്ധം മർകസ് ഉറുദു ഡിപ്പാർട്ട്മെന്റ് ഹെഡും ബഹുഭാഷാ വിദഗ്ധനുമായ മൂസ സഖാഫി പാതിരമണ്ണയുടേത് ആണെന്ന് സമ്മേളന സമിതി വിലയിരുത്തി. മലായ്, അറബി, ഇംഗ്ലീഷ് ഭാഷകളിലായി ‘മതവിശ്വാസത്തിന്റെ സൗന്ദര്യം’ എന്ന വിഷയത്തിലാണ് മൂസ സഖാഫി സംസാരിച്ചത്. മതങ്ങൾ ഏതു പ്രയാസങ്ങളിലും അതിജീവിക്കാനുള്ള കരുത്ത് മനുഷ്യർക്ക് നൽകുന്നുവെന്നും; വിഷമമായാലും സന്തോഷമായാലും ദൈവത്തിന്റെ തീരുമാനം എന്ന നിലയിൽ പ്രശാന്തതയോടെ സ്വീകരിക്കുന്നവരാണ് വിശ്വാസികൾ എന്നും അദ്ദേഹം പറഞ്ഞു. മതവിശ്വാസികൾ തമ്മിൽ സംഘർഷമല്ല, സൗഹാർദ്ധപൂർണ്ണമായ സമീപനമാണ് ഉണ്ടാവേണ്ടത്. കാരണം, മൂല്യവത്തായ ജീവിതം പരിശീലിക്കുകയും ദൈവികമായ നന്മകൾ എപ്പോഴും ഓർക്കുന്നുവരുമാണ് വിശ്വാസികൾ. ഇന്ത്യയിലെ മുസ്‌ലിംകൾ സമാധാനപരമായി ജീവിക്കുകയും ലോകത്തിന് മാതൃകയാവുന്ന തരത്തിൽ വിദ്യാഭ്യാസ – സേവന പ്രവർത്തനങ്ങൾ നടത്തുന്നവരുമാണ്: മൂസ സഖാഫി പറഞ്ഞു.

മർകസിൽ നിന്ന് ഇസ്‌ലാമിക പഠനത്തിൽ ബിരുദം നേടിയ മൂസ സഖാഫി യു.എസ്.എയിലെ കാലിഫോർണിയ, സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിൽ ഒരു പതിറ്റാണ്ടു കാലം ഇമാമായും ഇസ്‌ലാമിക പ്രഭാഷകനായും സേവനം ചെയ്‌തിട്ടുണ്ട്‌.

നാല് ദിവസങ്ങളിലായി നടന്ന സമ്മേളനം മലേഷ്യൻ പ്രധാന മന്ത്രി ഡോ. മഹാതീർ മുഹമ്മദ് ഉദ്‌ഘാടനം ചെയ്‌തു. അൻപത് രാഷ്ട്രങ്ങളിൽ പ്രഗല്ഭരായ മുസ്‌ലിം പണ്ഡിതരും ചിന്തകരുമാണ് സമ്മേളനത്തിലെ പ്രതിനിധികൾ. ശൈഖ് ഡോ. ഇസ്‌മാഈൽ ഖാസിം അധ്യക്ഷത വഹിച്ചു. മൂസ സഖാഫി , ഡോ. അസീസ് അബ്ദുല്ല യു.എസ്.എ , ഡോ. മാസിൻ ഷെരീഫ് ടുണീഷ്യ, ശെയ്ഖ് അഹമ്മദ് ബക്രസ് മൊറോക്കോ, ശെയ്ഖ് അബ്ദു റാശിദ് കംബോഡിയ എന്നിവർ പ്രധാന പ്രബന്ധങ്ങൾ അവതരിപ്പിച്ചു.