ഇന്തോ-പാക് പ്രശ്‌നത്തില്‍ സമാധാനപരമായ ചര്‍ച്ചകളിലൂടെ പ്രശ്‌ന പരിഹാരം സാധ്യമാക്കണം: ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി

0
478

ഇന്തോ-പാക് പ്രശ്‌നത്തിൽ സമാധാനപരമായ ചർച്ചകളിലൂടെ പ്രശ്‌ന പരിഹാരം സാധ്യമാക്കണമെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. ഗ്രാന്റ് മുഫ്‌തിയായ നിയമത്തിനാക്കപ്പെട്ട കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർക്ക് ദക്ഷിണേന്ത്യയിലെ സാമൂഹിക രാഷ്ട്രീയ പ്രമുഖരുടെ നേതൃത്വത്തിൽ കോഴിക്കോട് മുതലക്കുളം മൈതാനത്ത് നൽകിയ സ്വീകരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിനൊപ്പം ഉറച്ചു നിൽക്കുന്ന സമീപനമാണ് മുസ്‌ലിംകൾ എന്നും സ്വീകരിച്ചിട്ടുള്ളത്. സ്വന്തം രാജ്യത്തോടുള്ള സ്‌നേഹം വിശ്വാസത്തിന്റെ ഭാഗമാണ് എന്നാണ് ഇസ്‌ലാമിന്റെ അനുശാസനം. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങൾ ചർച്ചയിലൂട പരിഹരിക്കപ്പെടണം. ഇന്ത്യക്കു നേരെ പാക്കിസ്ഥാൻ നടത്തുന്ന ആക്രമണം സംബന്ധമായ വിഷയങ്ങൾ ഐക്യരാഷ്ട്ര സഭ ഗൗരവപൂർവമായി കാണുകയും, ആഗോള കോടതിയിൽ വിചാരണ നടത്തുകയും വേണം. അതിർത്തി കടന്നുള്ള പാകിസ്ഥാന്റെ ആക്രമണങ്ങൾ അന്യായമാണ്. അവ അവസാനിപ്പിക്കപ്പെടണം. എന്നാൽ, യുദ്ധം പ്രശ്‌നപരിഹാരത്തിനുള്ള വേഗത്തിലുള്ള തീർപ്പാവരുത്. ആണവശക്തികളായ രണ്ടു രാജ്യങ്ങൾ യുദ്ധത്തിലേക്ക് പോവുമ്പോൾ സ്ത്രീകളും കുട്ടികളും അടക്കമുള്ള അനേകം പേരുടെ ജീവിതങ്ങളാണ് പ്രതിസന്ധിയിലാവുന്നത്. ഓരോ യുദ്ധവും നിരവധി പേരുടെ ജീവിതം അപഹരിച്ച ചരിത്രമാണ് ലോകത്തുള്ളത്. സമാധാനപരമായ നടപടികളിലൂടെ ഈ പ്രശ്‌നം പരിഹരിക്കാനായാൽ ലോകത്തിനു മുമ്പിൽ ഇന്ത്യയുടെ പ്രശസ്‌തിഉയരും: കാന്തപുരം പറഞ്ഞു.

ഇന്ത്യയിലെ സുന്നി വിശ്വാസികളായ മുസ്‌ലിംകളുടെ നേതൃത്വത്തിൽ മതപരവും വിദ്യാഭ്യാസപരവുമായ മുന്നേറ്റങ്ങൾക്ക് ഗ്രാൻഡ് മുഫ്‌തി പദവി ഉപയോഗപ്പെടുത്തുമെന്ന് കാന്തപുരം പറഞ്ഞു. ഇസ്‌ലാമിനെ തെറ്റായി പ്രചരിപ്പിക്കാൻ ശ്രമിക്കുന്നവരെ പ്രതിരോധിക്കും. ഓരോ സംസ്ഥാങ്ങളിലെയും മതപരമായ വിഷയങ്ങളിൽ സൂക്ഷ്മമായ പരിഹാരങ്ങൾ കാണും. വിവിധ മദ്ഹബുകളുടെ ധാരയിൽ വിശ്വസിക്കുന്ന സുന്നി വിശ്വാസികളെ ഒരുമിപ്പിച്ചു ക്രിയാത്മകമായ ദേശീയ മുന്നേറ്റം സാധ്യമാക്കും. ദൽഹി ആസ്ഥാനമാക്കി കേന്ദ്രീകൃത ഫത്‌വാ സംവിധാനം സ്ഥാപിച്ചു എല്ലാ സംസ്ഥാനങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുമെന്നും കാന്തപുരം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here