ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തിക്ക് പൗരസ്വീകരണം നാളെ

0
1567
SHARE THE NEWS

കോഴിക്കോട്: ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തിയായി തെരഞ്ഞെടുക്കപ്പെട്ട കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർക്കുള്ള പൗരസ്വീകരണം നാളെ (മാർച്ച് 1) വൈകുന്നേരം നാല് മണി മുതൽ കോഴിക്കോട് മുതലക്കുളം മൈതാനത്ത് നടക്കും. ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മത രാഷ്ട്രീയ സാമൂഹിക രംഗത്തുള്ള പ്രമുഖർ സംബന്ധിക്കും. മുൻ ഗ്രാൻഡ് മുഫ്‌തി അഖ്‌തർ റസാഖാൻ ബറേൽവിയുടെ മരണത്തെ തുടർന്നാണ് കാന്തപുരത്തെ ഈ പദവിയിലേക്ക് തെരഞ്ഞെടുത്തത്.

ഫെബ്രുവരി 24-ന് ന്യൂ ഡൽഹി രാംലീല മൈതാനിയിൽ നടന്ന ഗരീബ് നവാസ് പീസ് കോൺഫറൻസിനോട് അനുബന്ധിച്ചു ചേർന്ന രാജ്യത്തെ സുന്നി മുസ്‌ലിം സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സംയുക്ത യോഗത്തിലാണ് രാജ്യത്തെ പ്രമുഖ പണ്ഡിതർമാർ ചേർന്ന് കാന്തപുരത്തെ ഗ്രാൻഡ് മുഫ്തിയായി തിരഞ്ഞെടുക്കാൻ തീരുമാനിച്ചത്. ദക്ഷിണേന്ത്യയിൽ നിന്ന് ആദ്യമായാണ് ഒരു പണ്ഡിതൻ സൗത്ത് ഏഷ്യയിലെ സുപ്രധാനമായ ഈ പദവിയിലേക്ക് എത്തുന്നത്. ഇന്ത്യക്കു പുറമെ, മറ്റു സൗത്ത് ഏഷ്യൻ രാജ്യങ്ങളിലും സൗത്ത് ഏഷ്യൻ മുസ്‌ലിം കുടിയേറ്റ പ്രദേശങ്ങളായ ബ്രിട്ടൻ, ആഫ്രിക്ക, അമേരിക്കൻ പ്രദേശങ്ങളും ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുടെ അധികാര പരിധിയിൽ വരും.

കേരളത്തിൽ നിന്നുള്ള കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർക്ക് ലഭിച്ച ഈ അംഗീകാരം ഇന്ത്യയിലെ 75 ശതമാനത്തോളം വരുന്ന സുന്നി വിശ്വാസം അനുസരിച്ചു പ്രവർത്തിക്കുന്ന ആളുകൾക്കും സ്ഥാപനങ്ങൾക്കും ഇടയിൽ സഹകരണവും ഐക്യവും ശക്തിപ്പെടുത്താൻ സഹായകമാകും. ലോക ഇസ്‌ലാമിക സഭകളിൽ ഇന്ത്യൻ മുസ്‌ലിംകളുടെ പണ്ഡിത പ്രതിനിധിയായി പതിറ്റാണ്ടുകളായി പങ്കെടുത്തുവരുന്ന കാന്തപുരത്തിന്റെ പുതിയ ഉത്തരവാദിത്വം ഇന്ത്യൻ മുസ്‌ലിംകളുടെ പ്രശ്നങ്ങൾ ആഗോള വേദികളിൽ ശക്തമായി ഉന്നയിക്കാനും പരിഹാരങ്ങൾ കണ്ടെത്താനും സഹായിക്കും.

വാർത്താസമ്മേളനത്തിൽ മദ്രസ്സ ക്ഷേമനിധി ബോർഡ് ചെയർമാൻ സൂര്യ അബ്ദുൽ ഗഫൂർ, കേരള മുസ്‌ലിം ജമാഅത്ത് സെക്രട്ടറി എൻ. അലി അബ്ദുല്ല, സി.പി മൂസഹാജി എന്നിവർ പങ്കെടുത്തു.


SHARE THE NEWS