ഇസ്‌ലാമിക പണ്ഡിത സമ്മേളനത്തിന് ഷാര്‍ജയില്‍ തുടക്കം: മര്‍കസ് പ്രതിനിധികള്‍ സംബന്ധിക്കും

0
871

യു.എ.ഇ: ഷാര്‍ജ ഇസ്‌ലാമിക് ഫോറം സംഘടിപ്പിക്കുന്ന 17മത് അന്താരാഷ്ട്ര പണ്ഡിത സമ്മേളനത്തിന് തുടക്കമായി. ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തിലാണ് രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന സമ്മേളനം നടക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. പണ്ഡിതരായ ഡോ. ഇദ്‌രീസ് അല്‍ഫാസി അല്‍ ഫിസ്ര്(മൊറോക്കോ), അഹ്മദ് തുര്‍ക്കി(ഈജിപ്ത്), ഡോ. ഈയാദ ബിന്‍ അല്‍ ഖുബൈസി(ഷാര്‍ജ യൂണിവേഴ്‌സിറ്റി) എന്നിവര്‍ സമ്മേളനത്തിന് നേതൃത്വം നല്‍കും. ഷാര്‍ജ സര്‍ക്കാറിന് കീഴിലുള്ള വിവിധ വകുപ്പുകളും അല്‍ ഖാസിമിയയും സമ്മേളനവുമായി സഹകരിച്ച് പ്രവര്‍ത്തിക്കും.
സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി ഇന്ത്യയില്‍ നിന്ന് മര്‍കസ് കോളജ് ഓഫ് ശരീഅ പഠന വിഭാഗം ലക്ചറായ കുഞ്ഞു മുഹമ്മദ് സഖാഫി പറവൂരിന്റെ നേതൃത്വത്തില്‍ മര്‍കസിന്റെ വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള 20 പണ്ഡിതന്മാര്‍ പങ്കെടുക്കും. കൂടാതെ മഅ്ദിന്‍ അക്കാദമി, ജാമിഅ സഅദിയ്യ, സിറാജുല്‍ ഹുദ, മടവൂര്‍ സി.എം സെന്റര്‍, കൊല്ലം ഖാദിസിയ്യ, കാരക്കുന്ന് അല്‍ഫലാഹ് തുടങ്ങിയ സ്ഥാപനങ്ങളിലെയും പ്രതിനിധികള്‍ സംബന്ധിക്കും.സമ്മേളനം ഈ മാസം 20ന് സമാപിക്കും.