ഇൻഡോ-ആഫ്രിക്കൻ സാംസ്കാരിക ബന്ധത്തിന് പുതുമകൾ നൽകുന്ന മർകസ് പ്രയാണത്തിനു തുടക്കമായി

0
2461

കോഴിക്കോട്: ഇന്ത്യയും കിഴക്കൻ ആഫ്രിക്കയും തമ്മിലുള്ള സാംസ്കാരിക വൈജ്ഞാനിക ബന്ധത്തിൽ പുതിയ മുന്നേറ്റങ്ങൾ രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി മർകസിന് കീഴിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര സാംസ്കാരിക പ്രയാണം മൊറോക്കോയിലെത്തി. മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ, പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിൽ വൈജ്ഞാനിക വിദഗ്ദരും സാമൂഹിക സാംസ്കാരിക വ്യാപാര പ്രമുഖരും ഉൾപ്പെടെ നാല്പത് അംഗങ്ങളാണ് ഉള്ളത്.

മൊറോക്കോയിലെ പൗരാണിക നഗരിയായ ഫെസ്-ന്റെ ചില വൈജ്ഞാനിക , നഗരാസൂത്രണ മാത്രകകൾ ഉൾക്കൊണ്ടാണ് മർകസ് നോളജ് സിറ്റി രൂപപ്പെടുത്തുന്നത്. ഫെസിലുള്ള ലോകത്തെ പഴക്കമേറിയ യൂണിവേഴ്‌സിറ്റിയായ അൽ ഖാറാവിയ്യീൻ മർകസ് പ്രതിനിധികൾ സന്ദർശിക്കും. മൊറോക്കോയിലെ പ്രശസ്ത യൂണിവേഴ്‌സിറ്റികളായ ജാമിഅത്തുൽ അഖവൈൻ, ജാമിഅത്തു മുഹമ്മദുൽ ഖാമിസ്, ജാമിഅത്തു ഖാളി ഇയാള് എന്നിവയും മർകസും തമ്മിലുള്ള അക്കാദമിക സഹകരണ ധാരണാപത്രം ഒപ്പിടുന്നചടങ്ങുകളും വിവിധ യൂണിവേഴ്സിറ്റികളിൽ വൈസ് ചാൻസലർമാരുടെ സാന്നിധ്യത്തിൽ നടക്കും.

ലോക പ്രശസ്ത പൗരാണിക സഞ്ചാരിയായ ഇബ്നു ബത്തൂത്തയുടെ ജന്മ സ്ഥലമായ മാരീനിദ്, സാംസ്കാരികപ്രധാന നാഗരികളായ റിബാത്, മാറാക്കിഷ്, മാക്‌നെസ്,ഔർസസത്തെ എന്നിവിടങ്ങളിലെ വിവിധ വൈജ്ഞാനിക കേന്ദ്രങ്ങളും സംഘം സന്ദർശിക്കും.

മർകസിന്റെയും യു.എ.യിലെയും മൊറോക്കോയിലെയും സാംസ്കാരിക , വിദ്യാഭ്യാസ സ്ഥാപങ്ങളുടെയും കൂട്ടായ്മയിൽ മറക്കിഷിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സെമിനാറിൽ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ അധ്യക്ഷത വഹിക്കും. മൊറോക്കോയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിന്റെ ചരിത്രപരവും സാംസ്കാരികവുമായ അടിവേരുകൾ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ യു.എ.യിലെയും മൊറോക്കോയിലെയും പ്രമുഖരായ നയതന്ത്ര പ്രതിനിധികളും ഉന്നത വിദ്യാഭ്യാസ രംഗത്ത് നയരൂപീകരണം നടത്തുന്ന പണ്ഡിതരും സംസാരിക്കും. മൊറോക്കോ അക്കാദമിക പണ്ഡിതരായ ഡോ. ഇദ്‌രീസ് ഉഉവിഷ, ഡോ. അൽ ഖാഷി മുഹമ്മദ്, ഡോ അബ്ദുല്ലത്തീഫ് മീറാവി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. മർകസ് ഡയറക്ടർ ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി ആമുഖ പ്രസംഗം അവതരിപ്പിക്കും.

ഇസ്‌ലാമിക സംസ്കൃതി ആഴത്തിൽ വേരൂന്നുകയും നൂറ്റാണ്ടുകളുടെ പാരമ്പര്യ ശേഷിപ്പുകൾ ഇന്നും തനിമയോടെ സംരക്ഷിക്കപ്പെടുകയും ചെയ്‌ത മൊറോക്കോയിലൂടെയുള്ള സാംസ്കാരിക പ്രയാണം മർകസ് നോളജ് സിറ്റിയുടെ നഗരാസൂത്രണത്തിന് പുതിയതും പരിസ്ഥിതി പ്രധാനവുമായ രൂപങ്ങൾ നൽകാൻ സഹായിക്കുമെന്ന് മർകസ് ഡയറക്ടർ ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി പറഞ്ഞു. ഡോ. അബ്ദുസ്സലാം മുഹമ്മദ്, തറയിട്ടാൽ ഹസ്സൻ സഖാഫി, ഉസ്മാൻ സഖാഫി തിരുവത്ര, സയ്യിദ് ഹുസ്സൈൻ വാടാനപ്പള്ളി, ഷൗക്കത്തലി മുണ്ടകാട്ടിൽ , അൻവർ സാദത്ത് , മുനീർ പാണ്ടിയാല, അബ്ദുൽ ഗഫാർ സഅദി, മുഹമ്മദ് നൂറാനി തുടങ്ങിയവർ ഒരാഴ്ച നീണ്ടു നിൽക്കുന്ന സാംസ്കാരിക പ്രയാണത്തെ അനുഗമിക്കുന്നുണ്ട്.