ഈദിന്റെ ഉദ്‌ബോധനങ്ങള്‍: കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍

0
5641
SHARE THE NEWS

പെരുന്നാളിന്റെ ആനന്ദത്തിലാണ് വിശ്വാസികൾ. തീർച്ചയായും ആഹ്ലാദിക്കാൻ അല്ലാഹു ഒരുക്കിത്തന്ന ദിനമാണിത്. നന്ദിയോടെ സന്തോഷം പ്രകടിപ്പിക്കാൻ. ഒരു മാസത്തെ വ്രതം നൽകിയ ആത്മവിശുദ്ധിയുടെ കരുത്തിലാണ്  ഈ പെരുന്നാൾ ആഘോഷിക്കുന്നത്. അഥവാ, റമസാനിന്റെ പൂർത്തീകരണമെന്ന നിലയിൽ സുഭിക്ഷമായി ഭക്ഷണം കഴിച്ചു, അല്ലാഹുവിനെ സ്തുതിച്ചു നമ്മുടെ ആഘോഷങ്ങൾ സഫലമാക്കുക.
കുട്ടിക്കാലത്തെ നിറമുള്ള ഓർമ്മകൾ പെരുന്നാളുമായി ബന്ധപ്പെട്ടതാണ്. വലിയ പട്ടിണിയും കഷ്ടപ്പാടും നമ്മുടെ നാട്ടിൽ നിലനിനിന്ന നാളുകളായിരുന്നു 1930കളും 40കളും. ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്രം കിട്ടിയിട്ടില്ലന്ന്. വീട്ടിൽ ഒരു നേരം മാത്രമാണ് മിക്കപ്പോഴും ഭക്ഷണം കാണുക. എന്നാൽ ആ കാലത്തും പെരുന്നാൾ ദിനം വയറു നിറയെ ഭക്ഷണം കഴിച്ചു സന്തോഷകരമായി കഴിയാനുള്ള സാഹചര്യം ഉണ്ടാക്കുമായിരുന്നു മാതാപിതാക്കൾ. നാട്ടിലെ സമ്പന്നരിൽ പലരും പാവങ്ങൾക്ക് അരിയും സാധനങ്ങളും നൽകും. ഫിത്ര് സകാത്ത് വലിയ ആശ്വാസമായിരുന്നു. വർഷത്തിൽ ആ പെരുന്നാളിന് ഒരിക്കൽ  മാത്രമായിരുന്നു പുതുവസ്ത്രം എടുക്കുന്നത്. അത് ധരിച്ചു പള്ളിയിൽ പോകുമ്പോൾ ഉള്ള സന്തോഷം മറക്കാനാവാത്തതായിരുന്നു. 
   ഇന്ന് സാമൂഹിക അവസ്ഥ മാറി. അല്ലാഹുവിന്റെ അനുഗ്രഹം നമുക്ക് മേൽ കൂടുതൽ വർഷിച്ചു. പെരുന്നാളിന് ഓരോ വീട്ടിലും വൈവിധ്യമാർന്ന ഭക്ഷണം ഉണ്ടാക്കാൻ കഴിയുന്ന സാഹചര്യമായി. ഒന്നോ രണ്ടോ ജോഡി വസ്ത്രമെടുക്കാൻ കഴിയും മിക്കപേർക്കും. പക്ഷേ, അപ്പോഴും നമ്മുടെ സമൂഹത്തിൽ അല്ലലോടെ ജീവിക്കുന്നവരുണ്ട്. പ്രായസങ്ങൾക്ക് മധ്യേ പെരുന്നാളിന് പൊലിമ കൂട്ടാൻ പരിശ്രമിക്കുന്ന വിശ്വാസികളുണ്ട്. അത്തരക്കാരെ കണ്ടെത്തി, ഭക്ഷണവും വസ്ത്രവും നൽകാൻ ,  ആശ്വാസം പകരാൻ വിശ്വാസികൾ ഊർജസ്വലത കാണിക്കണം. 
      എങ്ങനെയാണു ഒരു വിശ്വാസിയുടെ ആഘോഷം അല്ലാഹുവിനു തൃപ്‌തികരമായ രൂപത്തിലാവുന്നത്?  അത് നാഥൻ  കൽപ്പിച്ച തരത്തിൽ ആഘോഷിക്കുമ്പോഴാണ്. ഹറാമുകളിൽ നിന്നകന്നു, കൂടുതൽ സുകൃതങ്ങൾ ചെയ്യാൻ സമയവും സന്ദർഭവും കണ്ടെത്തി ഒരു യഥാർത്ഥ മുഅമിനിന്റെ എല്ലാ ലേഖനങ്ങളും പ്രതിഫലിക്കുന്ന വിധത്തിൽ ആകണം നമ്മുടെ ആഘോഷം. 
    പെരുന്നാൾ പ്രഖ്യാപിച്ചാൽ പിന്നെ എങ്ങുമുയരുന്ന മന്ത്രം അല്ലാഹു അക്ബറിൽ നിന്ന് തുടങ്ങി വലില്ലാഹു ഹംദുവിൽ അവസാനിക്കുന്നതാണ്. അള്ളാഹു വലിയവനാണ്, അവനാണ് സർവ്വവസ്തുതിയും എന്നുച്ചരിക്കുന്ന ഒരു വിശ്വാസിയുടെ നാവിൽ അന്ന് ഹറാം പ്രവേശിക്കുന്നത്, ശ്രവണപടത്തിൽ  വിലക്കപ്പെട്ട സ്വരങ്ങളുടെ ധ്വാനികൾ മുഴങ്ങുന്നത് എത്രമാത്രം നന്ദികേടാണ്. റമളാൻ മുഴുവൻ ചെയ്ത നന്മകൾ  അല്ലാഹു സവിശേഷ ആഘോഷമാക്കി നിശ്ചയിച്ച പെരുന്നാളിന് നഷ്ടപ്പെടുത്താൻ പാടുണ്ടോ. റമളാൻ യഥാർത്ഥത്തിൽ ജീവിതത്തെ ആത്മീയമായി പരിശീലിപ്പിക്കാനുള്ള ഘട്ടം കൂടിയായിരുന്നു. ആ ആത്മീയ പരിശീലനം ഫലപ്പെട്ടതായി മാറണമെങ്കിൽ പിന്നീടുള്ള ജീവിതത്തിൽ അതിന്റെ മൂല്യങ്ങൾ നിലനിറുത്താനാവണം. 
   പെരുന്നാളിന് ഒട്ടനേകം സുന്നത്തായ കർമ്മങ്ങൾ ചെയ്യാനുണ്ട്. പ്രാർത്ഥനക്കു ഉത്തരം കിട്ടുന്ന ദിനമാണന്ന്. അതിനാൽ, പള്ളിയിൽ വെച്ച് പ്രഭാതത്തിൽ ഒറ്റക്കും കൂട്ടമായും വിശ്വാസികൾ ദുആ ചെയ്യണം. നമ്മിൽ നിന്ന് വിടപറഞ്ഞവരുടെ ഖബറുകൾ സിയാറത്ത് ചെയ്യണം. അവരുടെ  മണ്ണിനടിയിൽ ജീവിതം സന്തോഷകരമാവാൻ ആ പ്രാർത്ഥനകൾ സഹായിക്കും.  പരസ്പരം സ്നേഹാഭിവാദ്യങ്ങൾ ചെയ്യണം. ഒരു യഥാർത്ഥ വിശ്വാസിയുടെ മനസ്സിൽ ആരോടും വെറുപ്പ് ഉണ്ടാവരുത്.  മറ്റുള്ളവരോട് വിരോധം ഇല്ലാത്തവരുടെ മനസ്സ് പ്രസന്നമായിരിക്കും. നമ്മോടു മുഖം തിരിക്കുന്നവരുടെ സമീപനം മാറ്റാൻ ഹൃദയത്തിൽ തട്ടിയുള്ള വാക്കുകൾക്കും പ്രവർത്തനങ്ങൾക്കും കഴിയും.
   കുടുംബ വീടുകളിലും അയല്പക്കങ്ങളിലും സന്ദർശനം നടത്തണം. സന്തോഷം പങ്കിടണം. രോഗികളെ പ്രത്യേകം സമാശ്വസിപ്പിക്കണം. അവർക്കായി ദുആ ചെയ്തുകൊടുക്കണം. വിഷാദാവസ്ഥയിൽ പലരുമെത്തുന്നത് ആവശ്യമായ ആശ്വാസം ഉറ്റവരിൽ നിന്ന് ലഭിക്കാത്തപ്പോഴാണ്. അതിനാൽ, പെരുന്നാൾ  അത്തരത്തിൽ സൗഹൃദവും സ്നേഹവും പങ്കിടുന്ന ദിനമാകണം.
      വിശ്വാസികൾ ഫിത്‌ർ സകാത്ത് നൽകണം. പട്ടിണി കിടക്കുന്ന ഒരാളും നമ്മുടെ ചുറ്റുവട്ടത്ത് ഉണ്ടാവരുത് എന്നതിന്റെ സൂചനയാണല്ലോ അത്.  സ്വദഖ നൽകണം. അനാഥകൾക്കും അഗതികൾക്കും സ്വന്തവനമാകണം. അല്ലാഹു നമുക്ക് തന്ന അനുഗ്രഹത്തിൽ നിന്ന് ഒരു ഭാഗം മറ്റൊരാൾക്ക് നൽകി, അവർ ആ സന്തോഷത്തിൽ ഹുദയത്തിൽ തട്ടി നടത്തുന്ന പ്രാർത്ഥനക്ക് വലിയ ഫലം ലഭിക്കും.
    ഈ പെരുന്നാൾ ദിനം നമുക്ക് ഏറെ ആശങ്ക കൂടി നൽകുന്നു. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ഉണ്ടായ കനത്ത മഴ ഉരുൾപൊട്ടലുകൾക്കും വെള്ളപ്പൊക്കങ്ങൾക്കും നിമിത്തമായിരിക്കുന്നു. പെരുന്നാളിന് അണിയാൻ എടുത്തുവെച്ച വസ്ത്രം പലരുടെയും വെള്ളത്തിനടയിലാണ്. താമരശ്ശേരി കരിഞ്ഞോലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മരിച്ച കുഞ്ഞുങ്ങളെ കണ്ടപ്പോൾ, അവരെ ഉറ്റവരെ സന്ദർശിച്ചപ്പോൾ വലിയ വേദനയുണ്ടായി. അല്ലാഹുവിന്റെ പരീക്ഷണമാണ്. വേഗത്തിൽ ഈ ദുരിതം മാറിക്കിട്ടാൻ വേണ്ടി വിശ്വാസികൾ ദുആ ചെയ്യണം. ഭക്ഷണവും വസ്ത്രവുമില്ലാതെ ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നവർക്ക് സഹായമെത്തിക്കണം. ആശ്വസിപ്പിക്കണം. അങ്ങനെ,  സംതൃപ്തകരവും, അല്ലാഹുവിന്റ പ്രീതി ലഭിക്കുന്നതുമായ നിലയിൽ നമ്മുടെ പെരുന്നാൾ മാറണം. ഏവർക്കും ഈദുൽ ഫിത്വർ ആശംസകൾ.

SHARE THE NEWS