ഈ പെരുന്നാൾ പ്രയാസപ്പെടുന്നവരോട് ഒപ്പമാവണം: കാന്തപുരം

0
7441
SHARE THE NEWS

ബലിപെരുന്നാളാണ്‌ ഇന്ന്. ത്യാഗത്തെയും സമർപ്പണത്തെയും ഓർമിപ്പിക്കുന്ന, വിശുദ്ധ ദിനം. ഈ പെരുന്നാൾ കേരളീയർക്ക് അമിതമായി സന്തോഷിക്കാൻ പറ്റിയ സാഹചര്യമല്ല നിലവിലുള്ളത്. കടുത്ത മഴയും കാറ്റും ഉരുൾപൊട്ടലും, അതേത്തുടർന്ന് ഉണ്ടായ നദികളുടെ ദിശാമാറിയൊഴുക്കും കാരണം ആയിരക്കണക്കിന് ഗ്രാമങ്ങളാണ് ഒറ്റപ്പെട്ടു കഴിയുന്നത്. പ്രത്യേകിച്ചും മലബാർ മേഖലയിൽ. കേരളത്തിലാകെ രണ്ടര ലക്ഷത്തിലധികം ആളുകൾ ദുരിതാശ്വാസ കാമ്പുകളിലാണ്. നമ്മുടെ പെരുന്നാൾ കഷ്ടപ്പെടുന്നവരുടെ കൂടി പെരുന്നാളാകണം. അതിനാൽ സാധാരണത്തേതിൽ ഭിന്നമായി, നമ്മുടെ സഹജീവികൾക്ക് ഭക്ഷണം ലഭിക്കുന്നു, മാറിയടുക്കാൻ വസ്ത്രം ലഭ്യമാണ്, തണുത്ത ഈയന്തരീക്ഷത്തിൽ പുതപ്പുകൾ ലഭിക്കുന്നു എന്നിവയെല്ലാം ഉറപ്പാക്കലും, അതിനായി ശാരീരികമായും സാമ്പത്തികമായും വിഭവങ്ങൾ നൽകിയും സഹായിക്കലും വിശ്വാസികളുടെ ബാധ്യതയാണ്.

ബലിപെരുന്നാളിന്റെ പ്രധാന സന്ദേശം തന്നെ ത്യാഗവും ക്ഷമയും സർവ്വും അല്ലാഹുവിന് സമർപ്പിച്ചു ജീവിതം ഭക്തിനിര്ഭരമാക്കുക എന്നതുമാണ്. ഹസ്‌റത്ത് ഇബ്രാഹീം നബി(അ), പത്‌നി ഹാജറ (റ), മകൻ ഇസ്മാഈൽ(അ) എന്നിവർക്ക് മുമ്പിൽ അല്ലാഹു വലിയ പരീക്ഷണം ഒരുക്കിയപ്പോൾ, ഏറ്റവും പ്രധാനം അല്ലാഹുവിന്റെ തൃപതിയും അവന്റെ നിർദ്ദേശങ്ങളെ അനുസരിക്കലുമാണെന്നു തീർച്ചപ്പെടുത്തി ഭൗതികമായ എല്ലാ മോഹങ്ങളെയും ഉപേക്ഷിച്ച അവരുടെ ജീവിതത്തിന്റെ പാഠങ്ങളെ സ്‌മരിക്കലും അതിൽ നിന്ന് മൂല്യങ്ങൾ ഉൾക്കൊള്ളുകയും വേണം വിശ്വാസികൾ.

ആഡംബരത്തന്റെയും പെരുമ നടിക്കലിന്റെയും പെരുന്നാൾ ആവരുത് നമ്മുടേത്. കാരണം സമ്പത്തും പദവിയും അല്ല അല്ലാഹുവിന്റെ അടുക്കകൾ ഒരാളുടെ സ്രേഷ്ടത നിശ്ചയിക്കുന്നത്. അല്ലാഹു കൽപ്പിച്ച പ്രകാരം നമുക്ക് ജീവിക്കാനാവണം. അതിനാൽ തന്നെ നമ്മുടെ ചെലവഴിക്കലുകളിൽ സൂക്ഷ്മത വേണം. ചുറ്റുമുള്ളവരെ നല്ലവണ്ണം ശ്രദ്ധിക്കണം. രണ്ടു കൂട്ടം പുതുവസ്ത്രം നമ്മുടെ കുട്ടികൾ എടുത്തുവെങ്കിൽ, അനിവാര്യമായ ഈ സമയത്തെ മനസ്സിലാക്കി ഒരു കൂട്ടം വസ്ത്രമൊന്നും ഇല്ലാത്തവർക്ക് നൽകാൻ നമുക്കാകണം.

ഒരാഴ്ച മുമ്പ് ആരും പ്രതീക്ഷിച്ചില്ല ഇത്ര വലിയ പ്രയാസത്തിലേക്കാണ് നമ്മുടെ നാട് നീങ്ങുന്നതെന്ന്. എല്ലാവരും പെരുന്നാളിനെ സ്വീകരിക്കാനിരിക്കുകയായിരുന്നു. വസ്ത്രങ്ങളും ധാന്യങ്ങളും വാങ്ങി റെഡിയാക്കി വെച്ചവരുണ്ട്. പക്ഷെ, കനത്ത മഴയുണ്ടാക്കിയ ആഘാതത്തിൽ എത്രയോ പേർക്ക് എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. ആ ഘട്ടങ്ങളിൽ ദുരിതമില്ലാത്ത അവസ്ഥയിൽ കഴിയുന്നവരാണ് അവർക്ക് കൈത്താങ്ങു ആവേണ്ടത്. ജാതിയോ മതത്തിന്റെയോ വേർത്തിരിവുകൾക്കു അപ്പുറം എല്ലാവരെയും സഹായിക്കണം. അങ്ങനെ സഹായിക്കാനാണ് അല്ലാഹുവിന്റെ റസൂൽ (സ്വ) വിശ്വാസികളോട് അരുളിയിട്ടുള്ളതും.

വിശുദ്ധമായ ഹജ്ജിനായി ലക്ഷക്കണക്കിന് വിശ്വാസികൾ മക്കയിൽ സംഗമിച്ചിരിക്കുകയാണ്. ഇബ്രാഹീം നബിയുടെയും കുടുംബത്തിൻറെയും തീവ്രമായ ത്യാഗത്തെ ബഹുമാനിക്കുന്ന കർമ്മങ്ങളാണ് ഹജ്ജിലോരോന്നും. ലളിതമായ വസ്ത്രങ്ങളുമായി മനുഷ്യൻ എന്നത് നിസ്സാരനാണ് എന്ന ബോധത്തോടെ സർവ്വും അല്ലാഹുവിനായി സമർപ്പിച്ചു ലബ്ബൈക്ക വിളിക്കുന്ന വിശ്വാസികൾ. ഹജ്ജ് ഉദ്ഘോഷിക്കുന്നത് അല്ലാഹുവിലേക്ക് ജീവിതം സമർപ്പിച്ചു, അവൻ കൽപ്പിക്കുന്ന മാർഗത്തിൽ ഏറ്റവും ഉത്തമമായി ഈ ലോകത്തെ നമ്മുടെ വ്യവഹാരങ്ങൾ തീർക്കാനാണ്.

ബലിപെരുന്നാളിന്റെ സുന്നത്തുകളായി നബി (സ്വ) പഠിപ്പിച്ച കാര്യങ്ങൾ വിശ്വാസികൾ നിർവഹിക്കുമ്പോൾ നമ്മുടെ സാഹചര്യത്തെ കൂടി നന്നായി പരിഗണിച്ചുകൊണ്ടാവണം. ഉള്ഹിയ്യത്തിന്റെ മാംസം ഒട്ടും മാംസത്തിന്റെ ഒരു ഭാഗം വാങ്ങിക്കാൻ ശേഷിയില്ലാത്ത വിശ്വാസികൾക്ക് എത്തിക്കാൻ മഹല്ല് കമ്മറ്റികൾക്ക്, വ്യക്തിഗതമായി നിര്വഹിക്കുന്നവരും ശ്രദ്ധിക്കണം. കേമമായി പെരുന്നാൾ ആഘോഷിക്കാൻ പദ്ധതിയിട്ടവർ അൽപം ലളിതമാക്കി നമ്മുടെ ഭക്ഷ്യ സാധനങ്ങളുടെ ഒരു ഭാഗം, അല്ലെങ്കിൽ പണം ദുരിതാശ്വാസ കമ്പുകളിൽ ഒന്നുമില്ലാത്തവർക്ക് സഹായകമാക്കാൻ യത്നിക്കണം. നമ്മുടെ അയൽവാസികളോ കുടുംബക്കാരോ പ്രയാസപ്പെടുന്നവർ ഉണ്ടോ എന്ന് ശ്രദ്ധിക്കണം. കുടുംബ ബന്ധം പുലർത്തൽ പെരുന്നാളിലെ സുന്നത്തായ കർമ്മമാണ്‌. നമ്മുടെ അടുത്തതോ അകന്നതോ ആയ ആയ കുടുംബക്കാർ പ്രായാസപ്പെടുന്നുവോ എന്ന് നോക്കണം. വീടും ഇടവും നഷ്ടപ്പെടുന്നവർക്ക് പെരുന്നാൾ സദ്യ കൊണ്ടുകൊടുക്കാനും അവരെ സന്തോഷിപ്പിക്കുവാനും നമുക്കാകണം.

വയനാട്ടിലെയും നിലമ്പൂരിലെയും അവസ്ഥ ഇപ്പോഴും ആശ്വാസകരമല്ല. ഉരുൾ പൊട്ടലിൽ മരിച്ച ആളുകളുടെ എല്ലാവരുടെയും മയ്യിത്ത് കണ്ടെടുക്കാൻ പറ്റിയിട്ടില്ല. സർക്കാർ വളരെ വലിയ പരിശ്രമങ്ങൾ നടത്തുന്നു. ഈ ഘട്ടത്തിൽ സർക്കാറിന്റെ എല്ലാ നിർദേശങ്ങളും നാം പാലിക്കണം. ദുരിതാശ്വാസ കാമ്പുകളിലേക്കു ആവശ്യമുള്ള സാധങ്ങളുടെ ലിസ്റ്റ് ജില്ലാ ഭരണകൂടങ്ങളും ജനപ്രതിനിധികളും പുറത്തുവിടുമ്പോൾ അവ സംഘടിപ്പിക്കുവാനും, സഹായം നൽകാനും നാം ആവേശം കാണിക്കണം. വിനോദയാത്രകൾക്ക് ഈ സമയം ഉപയോഗിക്കരുത്. അവധി ദിങ്ങളായതിനാൽ വെള്ളക്കെട്ടുകളിലും നദികളിലും പോയി സാധാരണ പോലെ ആഘോഷിക്കരുത്. മക്കളുട കാര്യം രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം.

എല്ലാറ്റിനുപരി നാം പ്രാർത്ഥനാ നിരതമാവണം. പെരുന്നാൾ ദുആക്ക് ഏറെ ഉത്തരം കിട്ടുന്ന സമയമാണ്. വിശ്വാസിയുടെ ആയുധം പ്രാർത്ഥനയാണല്ലോ.


SHARE THE NEWS