ഉമർ ഹാജി: സേവനനിരതമായ ഒരു ജീവിതം

0
3103
മര്‍കസ് റൂബി ജൂബിലി വേദിയില്‍ ഉമര്‍ ഹാജിയെ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ആദരിക്കുന്നു
മര്‍കസ് റൂബി ജൂബിലി വേദിയില്‍ ഉമര്‍ ഹാജിയെ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ആദരിക്കുന്നു
SHARE THE NEWS

ഉമർ ഹാജി മണ്ടാളിൽ ഇന്നലെ വിടപറഞ്ഞു. റജബ് മാസത്തിലെ അവസാനത്തെ വെള്ളിയാഴ്ച രാവിലാണ് ഈ വിരഹം. മർകസിനെ സംബന്ധിച്ച് ഏറ്റവും വലിയ നഷ്ടമാണിത്. അത്രമേൽ അഗാധമായിരുന്നു ഉമർ ഹാജിയും മർകസും തമ്മിലുള്ള ബന്ധം. മർകസിന്റെ ആരംഭം മുതലേ പ്രധാനപ്പെട്ട എല്ലാ ചടങ്ങുകളിലും അദ്ദേഹത്തിന്റെ പ്രാതിനിധ്യം ഉണ്ടായിരുന്നു. സംഘാടനത്തിൽ വലിയ മികവായിരുന്നു ഉമർ ഹാജിക്ക്. അതിനാൽതന്നെ, പതിറ്റാണ്ടുകളായി മർകസ് വാർഷിക സമ്മേളനങ്ങൾ ഉജ്വല വിജയമാക്കി മാറ്റുന്നതിൽ ഉമർ ഹാജിയുടെ നേതൃത്വത്തിലുള്ള മാസങ്ങളുടെ വിശ്രമമില്ലാത്ത അധ്വാനം ഉണ്ടായിരുന്നു.

വലിയ ആത്മീയ ബന്ധമുള്ള കുടുംബമാണ് അദ്ദേഹത്തിന്റേത്. സാഹിദരീഭർത്താവായിരുന്നു പ്രമുഖ സൂഫിവര്യൻ ഇ.കെ ഉമറുൽ ഖാദിരി. അവർക്കു കീഴിലാണ് അദ്ദേഹം പഠനം നടത്തിയതും. 1978-ൽ മർകസ് ആരംഭിച്ചത് മുതൽ സജീവമായ പ്രവർത്തനങ്ങളുമായി അദ്ദേഹം മുന്നിൽ നിന്നു. പ്രവർത്തകരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി സംഘടിപ്പിച്ചു ഓരോ സെഷനിലേക്കും വേർതിരിച്ചു വെവ്വേറ പരിശീലനം നൽകി സമ്മേളനങ്ങൾ ഏറ്റവും മികവുറ്റതാക്കി അദ്ദേഹം. ലക്ഷങ്ങൾ സംബന്ധിച്ച മർകസ് സമ്മേളനങ്ങളും കോഴിക്കോട് നടന്ന അന്താരാഷ്ട്ര മീലാദ് സമ്മേളങ്ങളുമെല്ലാം, ഒരാൾക്കും ബുദ്ധിമുട്ടില്ലാതെ ട്രാഫിക് ഏറ്റവും മികവോടെ നിയന്ത്രിക്കുന്നതിനുള്ള അദ്ദേഹത്തത്തിന്റെ കഴിവിനെ നിയമപാലകർ പോലും പ്രശംസിക്കുമായിരുന്നു.

മർകസിലെ യതീംകുട്ടികൾക്കും മുതഅല്ലിമുകൾക്കും വേണ്ടിയുള്ള സേവനം തന്റെ ജീവിതത്തിന്റെ ഏറ്റവും വലിയ ദൗത്യമായി അദ്ദേഹം കരുതി. അതിനായി വിശ്രമവും ഉറക്കവും ഇല്ലാതെ യത്നിച്ചു. സമ്മേളനം നടക്കുന്ന മാസങ്ങളിൽ ഒക്കെ അതിരാവിലെ മർകസിലെത്തി അർദ്ധരാത്രിയാകും പലപ്പോഴും അദ്ദേഹം തിരിച്ചുപോകാറ്. മക്കളെയും ആ അർത്ഥത്തിൽ സുന്നി പ്രസ്ഥാനത്തിന്റെ സഹകാരികളാക്കി.
രണ്ടുവർഷം മുമ്പ് വലിയ അസുഖം വന്നപ്പോൾ, മർകസിൽ പോവാൻ പറ്റുന്നില്ലല്ലോ എന്നതിലായിരുന്നു അദ്ദേഹത്തിന്റെ വേദന. ക്ഷീണം ചെറുതായി ബാധിച്ചെങ്കിലും റൂബി ജൂബിലിക്ക് അതെല്ലാം മാറ്റിവെച്ചു ഏറ്റവും മുന്നിൽ നിന്ന് പ്രവർത്തിക്കാൻ അദ്ദേഹം ഉണ്ടായിരുന്നു. ഒരു പ്രതിഫലവും സേവങ്ങൾക്കു കൈപ്പറ്റിയില്ല. ഉമർ ഹാജി മർകസിനായി സമർപ്പിച്ച സേവനങ്ങൾക്കു റൂബി ജൂബിലി വേദിയിൽ അദ്ദേഹത്തെ ആദരിക്കുകയുണ്ടായി. അല്ലാഹു വലിയ ഈ കർമ്മങ്ങളുടെ ഫലമായി പാരത്രിക ജീവിതത്തിൽ ഔന്നത്യം വർദ്ധിപ്പിച്ചു നൽകട്ടെ.

കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ


SHARE THE NEWS