ഉലമാ ആക്ടിവിസം സാധിപ്പിച്ചെടുത്തു: ആലങ്കോട് ലീലാകൃഷ്ണന്‍

0
1823

മലബാറിലെ സാമൂഹ്യ സാംസ്‌കാരിക മണ്ഡലങ്ങളില്‍ വലിയ പരിവര്‍ത്തനമുണ്ടാക്കിയ വിദ്യാഭ്യാസ പ്രസ്ഥാനമാണ് മര്‍കസ്. കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃപാടവവും ക്രാന്ത ദര്‍ശിത്വവുമാണ് ഈ സ്ഥാപനത്തിന്റെയും പ്രസ്ഥാനത്തിന്റെയും മുഴുവന്‍ ശക്തിയും. മര്‍കസ് മത വിദ്യാഭ്യാസത്തിനു വലിയ മാന്യത നല്‍കുക മാത്രമല്ല ചെയ്തത്. പൊതു വിദ്യാഭ്യാസ രംഗത്ത് പിന്നാക്കം നിന്നിരുന്ന സമൂഹങ്ങളെ വിദ്യാഭ്യാസ രംഗത്ത് പ്രോത്സാഹിപ്പിക്കുകയും അവരെ മുഖ്യധാരയിലേക്ക് കൈ പിടിച്ചു നടത്തിക്കുകയും ചെയ്ത നിശബ്ദ വിപ്ലവമായിട്ടാണ് മര്‍കസ് പ്രവര്‍ത്തനങ്ങള്‍ നാടിന്റെ പല ഭാഗത്തും നടന്നു കൊണ്ടിരിക്കുന്നത്.
അറിവിന് പ്രാധാന്യം കൊടുക്കുകയാണ് ശ്രീ കാന്തപുരം ചെയ്തത്. അതോടൊപ്പം തന്നെ വിശുദ്ധ ഖുര്‍ആന്റെ ആദ്യത്തെ വചനം അവതീര്‍ണ്ണമാകുന്നത് ഇഖ്‌റഅ് എന്ന ആയതു കൊണ്ടാണ്. ‘വായിക്കുക, നിന്റെ സ്രഷ്ടാവായ നാഥന്റെ നാമത്തില്‍ . പേനകൊണ്ട് എഴുതാന്‍ പഠിപ്പിച്ച അത്യുദാരനാണ് നിന്റെ നാഥന്‍’. ഒരര്‍ത്ഥത്തില്‍ വിശുദ്ധ ഖുര്‍ആന്റെ ഈ മഹനീയ സന്ദേശം സ്വജീവിത്തില്‍ പാരാവര്‍ത്തികമാക്കിക്കൊണ്ട് വലിയൊരു സാമൂഹ്യ മാറ്റത്തിന്, വിദ്യഭ്യാസ വിപ്ലവത്തിന് കാരന്തൂര്‍ മര്‍കസ് നേതൃത്വം നല്‍കി.
ഉലമാ പ്രവര്‍ത്തനം ഒരു ഒരു സാമൂഹ്യ വിപ്ലവ പ്രവര്‍ത്തനവും കൂടിയാണെന്നാണ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ തെളിയിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ പേരില്‍ വിമര്‍ശനം നേരിട്ടുണ്ടെങ്കിലും എന്തൊക്കെയായാലും എനിക്കഭിമാനം തോന്നിയിട്ടുണ്ട്.
വെള്ള വസ്ത്രം ധരിച്ച സഖാഫിമാര്‍ ആനന്ദിന്റെ പുസ്തകങ്ങളും, എന്‍ എസ് മാധവന്റെ പുസ്തകങ്ങളും കൈയ്യില്‍ കൊണ്ടു നടക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.
ചില സാഹിത്യ കേമ്പുകളില്‍ കാരന്തൂര്‍ മര്‍കസിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത് അവര്‍ ഇടപെടുന്ന രീതി എന്നില്‍ അത്ഭുതമുളവാക്കിയിട്ടുണ്ട്. അറിവ് നേടാനുള്ള കൗതുകം, വായനയുടെ ലോകത്തേക്ക് കൂടുതല്‍ പ്രവേശിക്കാനുള്ള ശ്രമം ഇതൊക്കെ ഉണ്ടാക്കിയെടുക്കുന്നതില്‍ മര്‍കസിനുള്ള പങ്ക് നിസ്തുലമാണ്.
മര്‍കസില്‍ നിന്നു പുറത്തു വന്ന ധാരാളം മത പണ്ഡിതന്‍മാരെ എനിക്കറിയാം. അവരൊക്കെ ഇസ്ലാമിന്റെ വിശുദ്ധ സംസ്‌കാരം പ്രദര്‍ശിപ്പിക്കുന്നുണ്ട്. പ്രചരിപ്പിക്കുന്നുണ്ട്. നാല്‍പത് വര്‍ഷത്തെ മര്‍കസിന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയ വസ്തുത മത വിദ്യാഭ്യാസത്തിനു പുറമെ സാമൂഹ്യ സാംസ്‌കാരിക വൈജ്ഞാനിക മേഖലകളിലേക്കെല്ലാം അതിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ കഴിഞ്ഞു എന്നതാണ്.
സാമ്രാജ്യത്വ ശക്തികളും വര്‍ഗീയ, വംശീയ ധ്രുവീകരണ ശക്തികളും മത സമൂഹങ്ങള്‍ക്കിടയില്‍ അശാന്തിയും വിദ്വേഷവും പടര്‍ത്തികൊണ്ടിരിക്കുന്ന കാലമാണിത്. ഈ വിപല്‍ ഘട്ടത്തില്‍ എല്ലാ മത വിഭാങ്ങള്‍ക്കൊപ്പം നിന്നു കൊണ്ട് മാനവികതയുടെ മഹനീയ സന്ദേശം കാഴ്ച വെക്കാന്‍ മര്‍കസിന് കഴിയുമാറാകട്ടെ എന്നാണെന്റെ ആഗ്രഹവും ആശയും. മതമല്ല മനുഷ്യന്റെ ശത്രുവെന്ന് ബോധ്യപ്പെടുത്താന്‍ മര്‍കസിന്റെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ വഴി സാധിച്ചിട്ടുണ്ട്. ഇത്തരം ധര്‍മനിഷ്ഠവും സ്നേഹ ധന്യവുമായ സാമൂഹ്യ സേവനങ്ങള്‍ ഇനിയും ശ്രീ കാന്തപുരത്തിനു കാഴ്ച വെക്കാനും നല്ലൊരു സംസകൃതിയെ അടയാളപ്പെടുത്താനും സാധിക്കട്ടെ എന്നാശംസിക്കുന്നു.