എം.ഐ.ഇ.ടി കോഴ്‌സുകള്‍ക്ക് തുല്യതാപദവി കൂടി ലഭിക്കും

0
805

തിരുവനന്തപുരം: കാരന്തൂര്‍ എം.ഐ.ഇ.ടി ക്യാമ്പസില്‍ നടന്ന എഞ്ചിനീയറിംഗ്-ഡിപ്ലോമ കോഴ്‌സുകള്‍ക്ക് കേരള സര്‍ക്കാര്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ത്രിവത്സര ഡിപ്ലോമക്ക് സമാനമായ തുല്യതാപദവി കൂടി നല്‍കാന്‍ തീരുമാനമായി. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സാങ്കേതിക പഠന വിദഗ്ധര്‍, മര്‍കസ് മാനേജ്‌മെന്റ് പ്രതിനിധികള്‍, ജനപ്രതിനിധികള്‍, വിദ്യാര്‍ത്ഥി പ്രതിനിധികള്‍ പങ്കെടുത്തു.

2012 മുതല്‍ എം.ഐ.ഇ.ടിയില്‍ നടന്ന സിവില്‍, ആര്‍കിടെക്ച്ചര്‍, ഓട്ടോമൊബൈല്‍ കോഴ്‌സുകള്‍ക്ക് നേരത്തെത്തന്നെ കേന്ദ്ര മാനവവിഭവ മന്ത്രാലയത്തിന്റെ അംഗീകാരമുണ്ടായിരുന്നതിനാലും എ ഐ സി ടിയുടെ അംഗീകാരമുള്ള സിലബസനുസരിച്ച് പഠനം നടത്തിയതിനാലും തുല്യതാ പദവി നല്‍കാവുന്നതാണെന്ന് യോഗത്തില്‍ തീരുമാനമായി. ഈ വിഷയത്തില്‍ സ്ഥലം എം എല്‍ എ പി.ടി.എ റഹീമിന്റെ നേതൃത്വത്തില്‍ നേരത്തെ നടന്ന മധ്യസ്ഥ ചര്‍ച്ചകളിലെ തീരുമാനങ്ങള്‍ യോഗം അംഗീകരിച്ചു.
കേന്ദ്ര സര്‍ക്കാര്‍ അംഗീകാരവും കേരള പി എസ് സി എഴുതാനുള്ള യോഗ്യതയുമുണ്ടെന്ന് മര്‍കസ് നേരത്തെ വ്യക്തമാക്കുകയും വിദഗ്ധ സമിതി ഇവ ശരിവെക്കുകയും ചെയ്തിരുന്നു. ഇവയില്‍ കേരള സര്‍ക്കാറിന്റെ തുല്യതാപദവി ലഭിക്കാതിരുന്ന ഏതാനും ബാച്ചുകള്‍ക്ക് അവ നേടിയെടുക്കാനാവശ്യമായ നടപടികള്‍ മര്‍കസ് സ്വീകരിക്കുകയും ഇവ്വിഷയകരമായി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് മര്‍കസ് പ്രതിനിധികള്‍ നിവേദനം നല്‍കുകയും ചെയ്തിരുന്നു.