എസ്.എസ്.എല്‍.സി; മര്‍കസ് ബോയ്‌സ് ഹൈസ്‌കൂളിന് നൂറുമേനി

0
1098

കുന്നമംഗലം: ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയെഴുതിയ മർകസ് ബോയ്‌സ് ഹൈസ്‌കൂളിലെ 384 കുട്ടികളും തുടർപഠനത്തിന്‌ അർഹത നേടി ജില്ലക്ക് അഭിമാനമായി മാറി. ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷക്കിരുത്തി നൂറു മേനി കൊയ്ത സ്‌കൂളുകളിൽ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ഒന്നാം സ്ഥാനവും മർകസ് സ്‌കൂൾ സ്വന്തമാക്കി. പതിനാറു വിദ്യാർഥികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ്‌ നേടി. കഴിഞ്ഞ ജൂൺ മാസം മുതൽ വൈവിധ്യമാർന്ന പരിപാടികളാണ് ഹെഡ്മാസ്റ്റർ അബ്ദുന്നാസർ, എജ്യു കെയർ കൺവീനർ ഫസൽ അമീൻ എന്നിവരുടെ നേതൃത്വത്തിൽ സ്‌കൂളിൽ നടപ്പിലാക്കിയത്. പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്കും, ഉയർന്ന പഠനനിലവാരം പുലർത്തുന്നവർക്കും വേണ്ടി പ്രത്യേകം ക്ളാസുകൾ സ്‌കൂളിൽ സ്ഥിരമായി സംഘടിപ്പിച്ചിരുന്നു. കൂടാതെ കുടുംബ സംഗമം, പ്രാദേശിക പഠന സംഗമം, പ്രീ മോഡേൺ എക്സാം, ഗൃഹസന്ദർശനം, പഠന സഹായ കൈപുസ്തക വിതരണം തുടങ്ങിയവയും പദ്ധതിയുടെ ഭാഗമായി നടത്തി. സമ്പൂർണ്ണ വിജയം നേടിയ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും സ്‌കൂൾ മാനേജർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ, മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി, മർകസ് ഡയറക്ടർ ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി എന്നിവർ അഭിനന്ദിച്ചു.