ഐഡല്‍ സ്കൂള്‍ ഓഫ് ലീഡര്‍ഷിപ്പ്; ഓറിയന്‍റേഷന്‍ നോളജ് സിറ്റിയില്‍ സംഘടിപ്പിച്ചു

0
4338
കോഴിക്കോട്: മര്‍കസ് നോളജ് സിറ്റിയില്‍ പുതുതായി ആരംഭിക്കുന്ന ഐഡല്‍ സ്കൂള്‍ ഓഫ് ലീഡര്‍ഷിപ്പിന്‍റെ ഓറിയന്‍റേഷന്‍ പ്രോഗ്രാം കൈതപ്പൊയിൽ  നോളജ് സിറ്റിയില്‍ സംഘടിപ്പിച്ചു.  ഹയര്‍ സെക്കന്‍ററി വിദ്യാഭ്യാസത്തോട് കൂടെ ഒരു വര്‍ഷത്തെ ഫൗണ്ടേഷന്‍ കോഴ്‌സ്  ഉള്‍പ്പെടെ മൂന്ന് വര്‍ഷത്തെ ലീഡര്‍ഷിപ്പ് പ്രോഗ്രാമാണ് പത്താം തരം റിസള്‍ട്ട് കാത്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഐഡല്‍ വിഭാവനം ചെയ്യുന്നത്. കുട്ടികളുടെ കഴിവുകള്‍ കണ്ടെത്തി വ്യത്യസ്ത  മേഖലകളിലേക്ക് ആവശ്യമായ സമഗ്ര പരിശീലനം നൽകി  ഐഡല്‍ പാഠ്യ പദ്ധതിയിലൂടെ  പരിപോഷിപ്പിച്ചെടുക്കും.  അന്താരാഷ്ട്ര നിലവാരത്തില്‍, വിദേശ ഫാക്കല്‍റ്റികളുടെയും വിവിധ രംഗങ്ങളിലെ   വിദഗ്ദരുടെയും അധ്യാപനത്തിലൂടെ  പ്രൊഫഷണല്‍, സോഫ്റ്റ് സ്കില്‍ ട്രെയിനിംഗുകളും ഈ സ്ഥാപനത്തിലൂടെ പരിശീലിപ്പിക്കും. പത്താം തരം കഴിഞ്ഞവര്‍ക്ക് താമസ സൗകര്യത്തോടെ പഠിക്കാന്‍ നോളജ് സിറ്റിയില്‍ അവസരമൊരുക്കുന്നുണ്ട്. സാമൂഹിക, സാമ്പത്തിക,  രാഷ്ട്രീയ, പ്രൊഫഷണല്‍ മേഖലകളിലെ മികച്ച നേതാക്കളെ  സൃഷ്ടിച്ചെടുക്കുന്ന ഐഡല്‍ സ്കൂള്‍ ഓഫ് ലീഡര്‍ഷിപ്പ് കോഴ്സിനെ പ്രാഥമികമായി പരിചയപ്പെടുത്തുന്ന വിവിധ സെഷനുകൾ പരിപാടിയിൽ നടന്നു.
മര്‍കസ് നോളജ് സിറ്റിയിലെ ക്ലബ് ഹൗസില്‍ നടന്ന പ്രോഗ്രാം ദര്‍വീഷ് ആര്‍ക്കിടെക്ട് ഉദ്ഘാടനം ചെയ്തു. ഐഡല്‍ ചെയര്‍മാന്‍ അമീര്‍ ഹസന്‍  വിഷയാവതരണം നടത്തി.  ഉനൈസ് മുഹമ്മദ്, ഡോ.അബൂബക്കര്‍ പത്തം കുളം, മധു നായര്‍, ജസ്ന. കെ, റഷീദ് പുന്നശ്ശേരി എന്നിവര്‍ സംബന്ധിച്ചു. പ്രോഗ്രാം ഒാഫീസർ സാലിഹ് പുത്തൻതെരു സ്വാഗതവും ഫായിസ് മുഹമ്മദ് നന്ദിയും പറഞ്ഞു.
ഈ വര്‍ഷത്തേക്കുള്ള അഡ്മിഷന്‍  പ്രവൃത്തികള്‍ മെയ് ഒന്ന് മുതല്‍ ആരംഭിക്കും.
വിവരങ്ങൾക്ക് ബന്ധപ്പെടുക :+917012282107.+918618294639