
ന്യൂഡല്‍ഹി: 2020 ഏപ്രില്‍ 9,10,11,12 തിയ്യതികളില്‍ നടക്കുന്ന മര്‍കസ് സമ്മേളനത്തിന്റെ ഭാഗമായി രാജ്യത്തുടനീളം പത്ത് ലക്ഷം വൃക്ഷത്തൈകള്‍ നടുന്ന പദ്ധതിയായ മില്യന്‍ ട്രീസ് ദേശീയ ക്യാമ്പയിന് മികച്ച തുടക്കം. കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രി സന്തോഷ് കുമാര്‍ ഗംഗ്വാര്‍ ക്യാമ്പയിന് ഉദ്ഘാടനം ചെയ്തു. കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര് അധ്യക്ഷത വഹിച്ചു.
പരിസ്ഥിതി സംരക്ഷണം മുഖ്യ അജണ്ടയാക്കി വരുംതലമുറക്ക് സുഖകരമായി ജീവിക്കാനുള്ള സാഹചര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത പരിപാടികളാണ് നടുന്നുവരുന്നത്. മര്‍കസ് സമ്മേളനത്തിന്റെ പ്രമേയമായ ‘സുസ്ഥിര സമൂഹം, സുഭദ്ര രാഷ്ട്രം’ എന്ന സന്ദേശം ഉള്‍ക്കൊള്ളുന്ന പരിപാടികളാണ് ഈ ക്യാമ്പയിനിന്റെ ഭാഗമായി നടക്കുന്നത്. വൃക്ഷത്തൈ നടല്‍, പരിസ്ഥിതി സെമിനാറുകള്‍, പരിസ്ഥിതി ബോധവത്കരണ റാലികള്‍ തുടങ്ങിയവയാണ് വിവിധ സംസ്ഥാനങ്ങളിലായി ആസൂത്രണം ചെയതിരിക്കുന്നത്. ഇതോടനുബന്ധിച്ച് വിവിധ സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ കാര്യാലയങ്ങള്‍, സ്കൂളുകള്‍, മദ്റസകള്‍ കേന്ദ്രീകരിച്ച് പരിപാടികളും നടക്കും. പരിസ്ഥിതി പ്രവര്‍ത്തകരുടെ കൂട്ടായ്മകള്‍, എന്‍.ജി.ഒകള്‍ എന്നിവയുമായി സഹകരിച്ചുള്ള വിവിധ പദ്ധതികളും ക്യാമ്പയിനിന്റെ ഭാഗമായി നടക്കും.
വിവിധ ചടങ്ങുകളിലായി മില്യന്‍ ട്രീസ് ക്യാമ്പയിന് ചെയര്മാന് ഡോ. അബ്ദുല്‍ ഹകീം അസ്ഹരി, മൗലാന ശിഹാബുദ്ധീന്‍ ബറേലി, ശൗക്കത്ത് നഈമി, അമീന് പഠാന് രാജസ്ഥാന്, യാസര്‍ അറഫാത്ത് നൂറാനി, കെകെ ശമീം ലക്ഷദ്വീപ്, മുഹ്സിന് എകെ, അബ്ദുല്‍ ഖാദിര്‍ നൂറാനി, അബ്ദുല്‍ ശുക്കൂര്‍ വെസ്റ്റ് ബംഗാള്‍ പങ്കെടുത്തു.