കണക്കു കാട്ടി ഭീതി ജനിപ്പിക്കേണ്ട: കാന്തപുരം

0
821

കോഴിക്കോട്‌: ജാതിയും മതവും നോക്കി ആളുകളെ വേര്‍തിരിച്ച്‌ ആരും സംഘട്ടനത്തിനൊരുങ്ങുന്നില്ലെന്നും അങ്ങിനെ ഒരു ഭീതി ആര്‍ക്കും വേണ്ടതില്ലെന്നും അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍. മുന്‍ ഡി.ജി.പി സെന്‍കുമാറിന്റെ വിവാദ അഭിമുഖത്തെ പരാമര്‍ശിക്കുകയായിരുന്നു കാന്തപുരം.
ജനസംഖ്യയോ എണ്ണമോ നോക്കി ആരും ഇവിടെ സംഘട്ടനത്തിനോ യുദ്ധത്തിനോ ഒരുങ്ങുന്നില്ല. മുന്‍ ഡി.ജി.പി ഹിന്ദു, ക്രിസ്‌ത്യന്‍, മുസ്‌ലിം ജനസംഖ്യ ഉദ്ധരിച്ച്‌ ക്രിസ്‌ത്യാനികളും ന്യൂനപക്ഷങ്ങളും അധികരിക്കുകയാണെന്ന്‌ മുറവിളി കൂട്ടിയിരിക്കുന്നു. എണ്ണം നോക്കി അവരെ സമരത്തിന്‌ പാകപ്പെടുത്തുകയാണെന്ന്‌ തോന്നും ഇത്തരം മുറവിളികള്‍ കേട്ടാല്‍. അങ്ങിനെ ഒന്നും നടക്കുന്നില്ല. ഉണ്ടാവുകയുമില്ല. അത്തരത്തില്‍ ഒരു ആശങ്കയും ആര്‍ക്കും വേണ്ടെന്ന്‌ കാന്തപുരം വ്യക്തമാക്കി.
വിദ്യാഭ്യാസവും ആത്മീയതയും വളര്‍ത്തുകയും അതിനുള്ള പദ്ധതികള്‍ തയ്യാറാക്കുകയുമാണ്‌ സുന്നി സംഘടനകള്‍. നല്ല വിദ്യാഭ്യാസം വന്നാല്‍ എല്ലാം ശരിയാവും. മര്‍കസിലും നോളജ്‌ സിറ്റിയിലും വിദ്യാഭ്യാസ പുരോഗതിക്കുള്ള പ്രവര്‍ത്തനങ്ങളാണ്‌ നടക്കുന്നത്‌. ജോലി ചെയ്യുന്നവരിലും ധാരാളം ഇതര സമുദായാംഗങ്ങളുണ്ടെന്ന കാര്യം സമൂഹം മറക്കരുത്‌.
മര്‍കസ്‌ സംഘടിപ്പിച്ച പ്രവാസി ഫാമിലി മീറ്റില്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ധാര്‍മിക വിദ്യാഭ്യാസത്തിന്റെ അഭാവമാണ്‌ സമൂഹം നേരിടുന്ന പല പ്രശ്‌നങ്ങള്‍ക്കും കാരണം. ആ നിലയില്‍ മര്‍കസും നോളജ്‌ സിറ്റിയും ഭാവിയിലേക്കുള്ള വലിയ മുതല്‍കൂട്ടാണ്‌. അത്‌ സമൂഹത്തിനുള്ളതാണ്‌. സമുദായത്തിന്റെയും പ്രസ്ഥാനത്തിന്റെയും പുരോഗതിക്കാണ്‌ മര്‍കസ്‌ സംരംഭങ്ങള്‍ ഉപകാരപ്പെടുക. അല്ലാതെ വ്യക്തികള്‍ക്കോ ഏതെങ്കിലും വിഭാഗത്തിനോ അല്ല. അഭ്യുദയകാംക്ഷികളുടെ സംരംഭങ്ങളും പദ്ധതികളുമാണ്‌ മര്‍കസിലേത്‌. കാലഘട്ടത്തിനനുസരിച്ചുള്ള സ്ഥാപനങ്ങളും പാഠ്യപദ്ധതികളും മികച്ച അധ്യയന മാധ്യമമടക്കമുള്ള ആധുനിക സംവിധാനങ്ങളുമാണ്‌ അവിടെയുള്ളത്‌. ലക്ഷ്യ പൂര്‍ത്തീകരണത്തിനായി എല്ലാ മേഖലയിലുള്ളവരുടെയും സഹകരണം വിലപ്പെട്ടതാണെന്നും കാന്തപുരം പറഞ്ഞു.
സി. മുഹമ്മദ്‌ ഫൈസി ഉദ്‌ഘാടനം ചെയ്‌തു. ഡോ. എ.പി അബ്ദുല്‍ ഹകീം അസ്‌ഹരി മുഖ്യപ്രഭാഷണം നടത്തി. നോളജ്‌സിറ്റി സി.ഇ.ഒ അബ്ദുസ്സലാം, സി.പി ഉബൈദുല്ല സഖാഫി, അമീര്‍ ഹസന്‍, മര്‍സൂഖ്‌ സഅദി, ബി.എം മുഹ്‌സിന്‍ പ്രസംഗിച്ചു. വിവിധ രാഷ്ട്രങ്ങളെ പ്രതിനിധാനം ചെയ്‌ത്‌ സയ്യിദ്‌ ഇബ്രാഹീം ബാഫഖി ബുറൈദ, മുസ്‌തഫ ദാരിമി വിളയൂര്‍, ആലികുഞ്ഞി മുസ്‌ലിയാര്‍ റിയാദ്‌, മമ്മു മുസ്‌ലിയാര്‍ കുവൈത്ത്‌, എംസി കരീം ഹാജി ബഹ്‌റൈന്‍, മുഹമ്മദ്‌ ഷാ ഖത്തര്‍, ഡോ. അബ്ദുസ്സലാം പത്തനാപുരം, ഉമര്‍ ഹാജി, നിസാര്‍ സഖാഫി ഒമാന്‍, സലാം സഖാഫി എരഞ്ഞമാവ്‌, സലാം സഖാഫി വെള്ളലശ്ശേരി സംബന്ധിച്ചു. നേരത്തെ രജിസ്റ്റര്‍ ചെയ്‌ത ആയിരത്തോളം പ്രവാസികളാണ്‌ മീറ്റില്‍ സംബന്ധിച്ചത്‌.