കരിപ്പൂരിൽ ഹാജിമാർക്ക് ആശ്വാസമായി മർകസ് വിശ്രമ കേന്ദ്രങ്ങൾ

0
4689

കോഴിക്കോട്: കരിപ്പൂര്‍ ഹജ്ജ് ക്യാംപ് ഉപയോഗരഹിതമായി കിടക്കുമ്പോള്‍, സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ വഴി യാത്ര പോകുന്ന തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമായി മര്‍കസിന്റെ കീഴില്‍ നിര്‍മിച്ച രണ്ടു കേന്ദ്രങ്ങള്‍ ശ്രദ്ധേയമാകുന്നു. അല്ലാഹുവിന്റെ അതിഥികള്‍ക്ക് വിശ്രമിക്കാനും യാത്രാ മുന്നൊരുക്കങ്ങള്‍ നടത്താനുമായി മികച്ച സംവിധാനങ്ങളോടെയാണ് ഇവ നിര്‍മിച്ചിട്ടുള്ളത്. മര്‍കസ് റൂബി ജൂബിലി ഉപഹാരമായ ഉംറ കംഫര്‍ട്ട് സെന്ററും റൂബി ജൂബിലി സ്മാരകമായ ഹിജ്‌റ മുസാഫര്‍ഭവനുമാണ് തീര്‍ത്ഥാടകര്‍ക്ക് അനുഗ്രഹമാകുന്നത്.
എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ ആദ്യം ഇടതു ഭാഗത്ത് കാണുന്ന മര്‍കസ് മസ്ജിദിനോട് ചേര്‍ന്നാണ് ഉംറ കംഫര്‍ട്ട് സെന്ററുള്ളത്. അഞ്ഞൂറ് പേര്‍ക്ക് ഒന്നിച്ചിരുന്ന് ക്ലാസുകള്‍ കേള്‍ക്കാവുന്ന ഓഡിറ്റോറിയവും നിരവധി സ്ത്രീകള്‍ക്ക്നിസ്‌കരിക്കാവുന്ന പ്രാര്‍ത്ഥന ഹാളും, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം ശുചീകരണ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
നേരത്തെ ഹജ്ജ് ക്യാംപായി ഉപയോഗപ്പെടുത്തിയിരുന്ന ഇ.എം.ഇ.എ കോളജിന് സമീപമുള്ള പ്രകൃതി രമണീയമായ കുമ്മിണിപ്പറമ്പില്‍ മര്‍കസ് റൂബി ജൂബിലി സ്മാരകമായി ഫെബ്രുവരിയില്‍ ഉദ്ഘാടനം ചെയ്യപ്പെട്ട ഹിജ്‌റ മുസാഫര്‍ ഭവനിലും’ഹജ്ജ് ഇസ്തിറാഹ’യുടെപണി പൂര്‍ത്തായായി വരുന്നു. 600 പുരുഷന്മാര്‍ക്ക് നിസ്‌കരിക്കാവുന്ന മസ്ജിദും 60സ്ത്രീകള്‍ക്ക് നിസ്‌കരിക്കാവുന്ന ഹാളും വിശാലമായ പാര്‍ക്കിങ് സൗകര്യവും ഇവിടെ സജ്ജീകരിച്ചിരിക്കുന്നു. നാല് നിലകളിലായി പണി പൂര്‍ത്തീകരിക്കുന്ന ഹജ്ജ് ഇസ്തിറാഹയില്‍ 300 പുരുഷന്മാര്‍ക്കുള്ള ഇരിപ്പിടവും 200 സ്ത്രീകള്‍ക്ക് ഇരിക്കാവുന്ന ബാല്‍ക്കണിയും തയ്യാറായിട്ടുണ്ട്. എയര്‍പോര്‍ട്ട് ടെര്‍മിനലിനും റണ്‍വേക്കും അഭിമുഖമായി നില്‍ക്കുന്ന മുസാഫര്‍ ഭവനില്‍ നിന്ന് വിമാനം വരുന്നതും പോകുന്നതും കാണാവുന്നതിനാല്‍ പല ഹജ്ജ് ഗ്രൂപ്പുകളും ഇവിടെ നിന്ന് യാത്രയയപ്പ് നടത്താന്‍ തിടുക്കം കൂട്ടുകയാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ പുറപ്പെട്ട മര്‍കസ് ഹജ്ജ് ഗ്രൂപ്, എസ്.വൈ.എസ് ഹജ്ജ് ഗ്രൂപ് എന്നിവ ഹാജിമാര്‍ക്കുള്ള അവസാന ഘട്ട നിര്‍ദേശങ്ങളും ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയത് ഇവിടെ നിന്നായിരുന്നു. അല്‍ മബ്‌റൂക്, മസ്‌കറ്റ് ട്രാവല്‍സ് എന്നിവരുടെ ഹാജിമാരും മര്‍കസ് മുസാഫര്‍ഭവനില്‍ നിന്നാണ്പുറപ്പെട്ടത്.
ഉംറ യാത്രക്കാര്‍ക്കും മര്‍കസിന്റെ ഈ രണ്ടു സെന്ററുകള്‍പ്രയോജനപ്പെടുത്താവുന്നതാണ്. പ്രവാസികള്‍ക്ക് താല്‍കാലിക വിശ്രമത്തിനും പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാനും കുടുംബ സമേതം നിസ്‌കരിക്കാനും ഈ കേന്ദ്രങ്ങള്‍ തണലാവുന്നു. കഴിഞ്ഞ റമളാനില്‍ നൂറുകണക്കിന് പ്രവാസികള്‍ക്കും യാത്രികര്‍ക്കും ഇഫ്താര്‍ വിരുന്നൊരുക്കിയത് മര്‍കസ് മസ്ജിദിലും ഉംറ കംഫര്‍ട്ട് സെന്ററിലുമായിരുന്നു.