കശ്മീരിന്റെ മണ്ണും മനസും രാജ്യത്തിന്റെ കൂടെ നിർത്തണം: കാന്തപുരം

0
1671
SHARE THE NEWS

ദുബൈ: ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി വർത്തിക്കുന്ന ഭീകര വിധ്വംസക പ്രവർത്തനങ്ങളെയും അടിച്ചമർത്തുന്നതിന് സർക്കാറുകൾ കൈക്കൊള്ളുന്ന മാർഗങ്ങൾ ജനങ്ങളെ വിശ്വാസത്തിലെടുത്തും അവരുടെ താത്പര്യങ്ങൾ പരിഗണിച്ചുമാകണമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. ബഗ്ദാദിൽ നടന്ന അന്താരാഷ്ട്ര ഖുർആൻ സമ്മേളനത്തിൽ പങ്കെടുത്ത ശേഷം ദുബൈയിലെത്തിയതായിരുന്നു അദ്ദേഹം.

പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാതലത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കശ്മീരിൽ നിന്നുള്ള വിദ്യാർഥികളടക്കമുള്ളവർ ആക്രമിക്കപ്പെടുന്നതും മറ്റും ഉണ്ടാവാൻ പാടില്ലാത്തതാണ്. കശ്മീന്റെ മണ്ണ് മാത്രമല്ല നമുക്ക് വേണ്ടത്. കശ്മീരികളുടെ മനസ്സ് കൂടിയാണ്. കശ്മീരിൽ പ്രത്യേകിച്ച് അവിടത്തെ യുവാക്കളിൽ വളർന്നുവരുന്ന അസംതൃപ്തി മനസ്സിലാക്കാനും അതിനെ പ്രതിരോധിക്കാനും സർക്കാറുകൾ ശ്രദ്ധിക്കണം. ഇന്ത്യാ വിരുദ്ധ വികാരം അവരിൽ പടരാനുള്ള കാരണങ്ങൾ മനസ്സിലാക്കുകയും അത്തരം സാഹചര്യങ്ങൾ ഇല്ലാതാക്കാനും ശ്രമങ്ങൾ ഉണ്ടാവണം. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലെന്ന പോലെ കശ്മീരിലെ യുവാക്കൾക്കിടയിലും വർധിച്ച തോതിൽ തൊഴിലില്ലായ്മ നിലനിൽക്കുന്നു. വിദ്യാഭ്യാസ പിന്നാക്കാവസ്ഥയുമുണ്ട്. ഇത് മനസ്സിലാക്കിയാണ് ഏതാനും വർഷം മുമ്പ് തന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കാരന്തൂർ മർകസിലേക്ക് കശ്മീരിൽ നിന്ന് നൂറുകണക്കിന് വിദ്യാർഥികളെ കൊണ്ടുവന്ന് ആവശ്യമായ പഠനം നൽകി രാജ്യസ്‌നേഹമുള്ളരാക്കി വളർത്തിക്കൊണ്ടുവരുന്നതിനുള്ള ശ്രമം നടത്തുന്നത്.

കശ്മീർ ഇന്ത്യയുടെ അഭിവാജ്യ ഘടകമാണ്. കശ്മീരിന്റെ ഭൂമി മാത്രമല്ല നമുക്ക് വേണ്ടത്. വൈവിധ്യങ്ങൾ നിറഞ്ഞ പൂന്തോട്ട സമാനമായ കശ്മീർ ജനതയും ഇന്ത്യക്കൊപ്പം ഉണ്ടാകണം. തങ്ങളും ഇന്ത്യയുടെ ഭാഗമാണെന്ന് കശ്മീരികൾക്ക് തോന്നുന്ന രീതിയിലുള്ള പരിവർത്തനം സൃഷ്ടിക്കാനാണ് അധികൃതർ ശ്രദ്ധിക്കേണ്ടത്. അല്ലാതെ തോക്കിൻമുനയിലൂടെയും ബോംബ് വർഷിച്ചും അതുണ്ടാക്കാനാകില്ലെന്ന് മനസിലാക്കണമെന്നും കാന്തപുരം പറഞ്ഞു.

കശ്മീരികളെ ഇന്ത്യയോടൊപ്പം നിർത്തുന്നതിനാവശ്യമായ കർമപദ്ധതികൾ രൂപപ്പെടുത്തുന്നതിൽ സുന്നി ജംഇയ്യത്തുൽ ഉലമ ആവശ്യമെങ്കിൽ നേതൃപരമായ പിന്തുണ നൽകുമെന്നും കാന്തപുരം പറഞ്ഞു.


SHARE THE NEWS