കോഴിക്കോട്: മര്‍കസിലേക്കുള്ള ഓരോ യാത്രയും തനിക്ക് ആഹ്ലാദകരമായ അനുഭൂതിയാണ് നല്‍കാറുള്ളതെന്ന് യു.എ.ഇ പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവ് സയ്യിദ് അലിയ്യുല്‍ ഹാശിമി. മര്‍കസ് കണ്വെന്ഷന് സെന്ററില്‍ നല്കിയ സ്വീകരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇസ്ലാമിന്റെ ശരിയായ തത്വങ്ങള്‍ ജീവിതത്തില്‍ ഉള്‍കൊള്ളുന്നവരാണ് വിശ്വാസികള്‍. സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും അതുല്യമായ മാതൃകകളാണ് പ്രവാചകന് പഠിപ്പിച്ചത്. മതം ശരിയായി ജീവിതത്തില്‍ പകര്‍ത്തുന്നവര്‍ക്കേ അത്യന്തിക വിജയമുണ്ടാവുകയുള്ളൂ. സൗന്ദര്യമുള്ള ഇസ്ലാമിക വിശ്വാസം പഠിക്കാനും അതിനനുസരിച്ചു ജീവിതം ക്രമപ്പെടുത്താനുമാണ് മര്‍കസ് നാല് പതിറ്റാണ്ടായി പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികളെ പരിശീലിപ്പിച്ചത്. നലോകമുസ്ലിം സമൂഹവുമായി ഇന്ത്യക്കാരെ ബന്ധിപ്പിക്കുന്ന കണ്ണിയാണ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരെന്നും അലിയ്യുല്‍ ഹാശിമി പറഞ്ഞു.
മര്‍കസ് കണ്വെന്ഷന് സെന്ററില്‍ നടന്ന ചടങ്ങില്‍ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി ആമുഖപ്രഭാഷണം നടത്തി. എ.പി മുഹമ്മദ് മുസ്ലിയാര്, കെ.കെ അഹ്മദ്കുട്ടി മുസ്ലിയാര്, ഡോ. ഹുസൈന് സഖാഫി, മുഖ്താര്‍ ഹസ്രത്ത്, വി.പി.എം ഫൈസി വില്യാപള്ളി, പി.സി അബ്ദുല്ല മുസ്ലിയാര്, തറയിട്ടാല്‍ ഹസന് സഖാഫി സംബന്ധിച്ചു.