കാന്തപുരം ഇന്ന് ജോര്‍ദാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തും

0
1035
SHARE THE NEWS

ന്യൂദല്‍ഹി- ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമനുമായി അഖിലേന്ത്യാ സുന്നീ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ ഇന്ന് കൂടിക്കാഴ്ച നടത്തും. ദല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന പരിപാടിയില്‍ ഇസ്ലാമിക പാരമ്പര്യം, സഹവര്‍ത്തിത്വത്തിന്റെ മാതൃകള്‍ എന്ന വിഷയത്തില്‍ കാന്തപുരത്തിന്റെ പ്രഭാഷണവുമുണ്ട്. ആഗോള തലത്തില്‍ ഇസ്ലാമിലെ ബഹുസ്വരതയെ പ്രോത്സാഹിപ്പിക്കുന്നതില്‍ മുന്നിലുള്ള അബ്ദുല്ല രാജാവിന്റെ സന്ദര്‍ശനം ഇന്ത്യയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരായ പ്രചാരണത്തിനും കേന്ദ്ര സര്‍ക്കാര്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. പ്രവാചക കുടുംബാംഗമായ രാജാവിന്റെ സന്ദര്‍ശനം ഇസ്ലാം മുന്നോട്ടു വെക്കുന്ന സമാധാന സന്ദേശം പ്രചരിപ്പിക്കാന്‍ സഹായകമാകുമെന്ന് കാന്തപുരം പറഞ്ഞു.

വിവിധ സമുദായങ്ങള്‍ തമ്മിലുളള സഹവര്‍ത്തിത്വവും ഇസ്ലാമിലെ ബഹുസ്വരതയും ശക്തിപ്പെടുത്തുന്നതിന് വര്‍ഷം തോറും അബ്ദുല്ല രാജാവ് അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കാറുണ്ട്. ജോര്‍ദാനിലെ റോയല്‍ ആല്‍ അല്‍ ബൈത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്ലാമിക തോട്ട് എന്ന സ്ഥാപനത്തില്‍ അംഗം കൂടിയാണ് കാന്തപുരം. 2007, 2014, 2016 വര്‍ഷങ്ങളില്‍ രാജാവ് സംഘടിപ്പിച്ച സമ്മേളനങ്ങളില്‍ പ്രത്യേക ക്ഷണിതാവായി കാന്തപുരം പങ്കെടുത്തിരുന്നു.

ഇസ്ലാമിക പണ്ഡിതനും രാജാവിന്റെ ബന്ധുവുമായ പ്രിന്‍സ് ഗാസി ബിന്‍ മുഹമ്മദ് രചിച്ച ഇസ്ലാം മാര്‍ഗദര്‍ശി എന്ന പുസ്തകത്തിന്റെ ഉര്‍ദു പതിപ്പും ഇന്ന് ദല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ പ്രകാശനം ചെയ്യും.

 


SHARE THE NEWS