കാരന്തൂര്‍: മര്‍കസു സ്സഖാഫത്തി സ്സുന്നിയ്യക്ക് കീഴില്‍ റമളാന്‍ 25-ാം രാവില്‍ സംഘടിപ്പിക്കുന്ന ആത്മീയ സമ്മേളനം കാന്തപുരം ഉസ്താദിനൊപ്പം ഒരു ദിനം ചെലവഴിക്കുന്ന അപൂര്‍വ്വ അനുഭവമായി മാറും വിശ്വാസികള്‍ക്ക്. തിങ്കളാഴ്ച ഉച്ചക്ക് 1 മണി മുതല്‍ രാത്രി 1 മണി വരെ നടക്കുന്ന വിവിധ ആധ്യാത്മിക പരിപാടികളില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് സംബന്ധിക്കും. തറാവീഹ് നിസ്കാരാനന്തരം നടക്കുന്ന റമളാന്‍ പ്രഭാഷണത്തിനും ദിക്റ്, തഹ്ലീല്, തൗബ, പ്രാര്‍ത്ഥന ചടങ്ങുകള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കും.
ളുഹ്ര് നിസ്കാരാന്തരം മര്‍കസ് മസ്ജിദ് ഹാമിലിയില്‍ നടക്കുന്ന ഉദ്ഘാടച്ചടങ്ങ്, നസ്വീഹത്ത്, വിര്‍ദുലത്വീഫ് പാരായണം, ദൗറത്തുല്‍ ഖുര്‍ആന്‍, അസാമാഉല് ബദ്ര്, മൗലിദ് പാരായണം തുടങ്ങി ഇഫ്താര്‍ വരെ നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് ആദ്യഘട്ടത്തില്‍ നടക്കുക. തറാവീഹ് നിസ്കാരാനന്തരം മര്‍കസ് മെയിന്‍ കണ്വെന്ഷന് സെന്ററില്‍ നടക്കുന്ന ആത്മീയ പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നായി പതിനായിരങ്ങള്‍ സംബന്ധിക്കും. സമസ്ത മുശാവറ അംഗങ്ങള്‍, പ്രമുഖ സാദാത്തീങ്ങള്‍, മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് നേതാക്കള്‍ പരിപാടികളില്‍ സംബന്ധിക്കും. വിശ്വാസികളെ വരവേല്‍ക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് മര്‍കസില്‍ സജ്ജമാക്കിയിട്ടുള്ളത്.