കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരെ ഇന്ത്യയിലെ ഗ്രാൻഡ് മുഫ്തിയായി നിയമിച്ചു

0
2992

ന്യൂ ഡൽഹി: ഇന്ത്യയിലെ ഗ്രാൻഡ് മുഫ്തിയായി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരെ നിയമിച്ചു. ന്യൂ ഡൽഹിയിലെ രാം ലീല മൈതാനിയിൽ നടന്ന ബഹുജന സമ്മേളനത്തിൽ രാജ്യത്തെ പ്രധാന സുന്നി സംഘടനയായ ഓള്‍ ഇന്ത്യാ തന്‍സീം ഉലമായെ ഇസ്്‌ലാം സംഘടിപ്പിച്ച ഗരീബ് നവാസ് സമാധാന സമ്മേളനത്തിലാണ് കാന്തപുരത്തെ ഈ പദവിയിലേക്ക് നിയമിച്ചത്. പ്രശസ്ത പണ്ഡിതനായിരുന്ന, 2018 ജൂലൈയിൽ വിടപറഞ്ഞ അഖ്‌തർ റസാ ഖാൻ ബറേൽവി-യായിരുന്നു നേരത്തെ ഈ സ്ഥാനത്ത് ഉണ്ടായിരുന്നത്. ഇനി മുതൽ രാജ്യത്തെ സുന്നി വിശ്വാസ പ്രകാരം ജീവിക്കുന്ന മുസ്‌ലിംകളുടെ മത വിഷയങ്ങളിൽ ഔദ്യോഗികമായി ഫത്‌വ (മതവിധി) നൽകാനുള്ള ഏറ്റവും ഉയർന്ന സ്ഥാനം കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർക്ക് ആയിരിക്കും.

സുന്നി സൂഫി ധാരയിലെ വ്യത്യസ്ത മദ്ഹബുകളിൽ വിശ്വസിക്കുന്ന ഇന്ത്യയിലെ ഭൂരിപക്ഷം മുസ്‌ലിം ജനതയുടെ പരമോന്നത നേതാവായി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരെ അംഗീകരിക്കുന്നതാണ് പ്രഖ്യാപനം. ദക്ഷിണേന്ത്യയിൽ നിന്നുള്ള ഒരു പണ്ഡിതൻ ആദ്യമായാണ് ഈ സ്ഥാനത്ത് എത്തുന്നത്.

ലോകത്തെ മുസ്ലിംകൾ ഉള്ള രാജ്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട പണ്ഡിത സ്ഥാനമാണ് ഗ്രാൻഡ് മുഫ്‌തി. തുര്‍ക്കി കേന്ദ്രീകരിച്ചു നിലനിന്ന ഉസ്മാനിയ്യാ ഭരണകാലത്താണ് ഈ പദവി ആദ്യമായി ഉപയോഗിക്കപ്പെട്ടത്. ഇസ്‌ലാമിക കൂട്ടായ്മകൾക്ക് നേതൃത്വം നൽകുന്ന വിവിധ മുഫ്തിമാരുടെ തലവനാണ് ഇത്.

1993 മുതൽ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയായ കാന്തപുരം എ.പി അബൂബക്കർ ഇന്ത്യയിൽ നിന്നുള്ള ലോകത്തെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ഇസ്‌ലാമിക പണ്ഡിതനാണ്. ജോർദ്ധാനിലെ റോയൽ ഇസ്‌ലാമിക് സ്‌ട്രാറ്റജിക് സ്റ്റഡീസ് സെന്റർ പുറത്തിറക്കുന്ന ലോകത്തെ പ്രധാന 500 ഇസ്‌ലാമിക വ്യക്തിത്വങ്ങളിൽ കഴിഞ്ഞ നിരവധി വർഷമായുള്ള ഇന്ത്യയിൽ നിന്നുളള പണ്ഡിതൻ, ലോക മുസ്‌ലിം പണ്ഡിതരുടെ ബൗദ്ധിക വേദിയായ റോയൽ ആലുൽ ബൈത്ത് ഇൻസ്റ്റിട്ട്യൂട്ടിലെ സ്ഥിരാംഗം, അറബ് ലോകത്തെ മുസ്‌ലിം പണ്ഡിത സമ്മേളങ്ങളിൽ ക്ഷണിക്കപ്പെടുന്ന പ്രധാന പണ്ഡിതൻ തുടങ്ങിയ നിലകളിൽ ശ്രദ്ധേയനാണ് . ഇന്ത്യയിലെ 23 സംസ്ഥങ്ങളിലായി നിരവധി വിദ്യാഭ്യാസ സ്ഥാപങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങളും കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർക്ക് കീഴിൽ നടക്കുന്നു. ശ്രദ്ധേയനായ എഴുത്തുകാരനും പ്രഭാഷകനും ബഹുഭാഷാ പണ്ഡിതനുമായ കാന്തപുരം അറബി, ഉറുദു, മലയാളം ഭാഷകളിലായി അൻപത് രചനകൾ നടത്തിയിട്ടുണ്ട്. ഇവയിൽ പലതും പ്രസിദ്ധീകരിച്ചത് അറബ് രാജ്യങ്ങളിലെ പ്രസാധനാലയങ്ങളാണ്.

രാം ലീല മൈതാനിയിൽ നടന്ന ചടങ്ങിൽ പ്രമുഖ സൂഫി പണ്ഡിതനും ഇമാം അഹ്‌മദ്‌ റസാഖാൻ ബറേൽവിയുടെ പേരമകനുമായ ഹസ്‌റത്ത് മന്നാന്‍ ഖാൻ‍ രസ്‌വി ബറേൽവി, അലിഗർ അൽ ബറകാത്ത് സ്ഥാപകൻ ഡോ. സയ്യിദ് അമീൻ മിയ ബറകാത്തി, ദൽഹി അഹ്ലുസ്സുന്ന ദർബാർ മേധാവി സയ്യിദ് ജാവേദ് മിയാൻ നഖ്‌ശബന്ദി, അജ്മീർ ദർഗ കമ്മറ്റി വൈസ് പ്രസിഡന്റ് ഹസ്‌റത്ത് സയ്യിദ് ബാബർ അഷ്‌റഫ്, ആൾ ഇന്ത്യ തൻസീമേ ഉലമ പ്രസിഡന്റ് മുഫ്‌തി അഷ്‌ഫാഖ്‌ ഹുസ്സൈൻ ഖാദിരി, മൗലാന സയ്യിദ് മുഈനുദ്ധീന് അഷ്‌റഫ് ജീലാനി മുംബൈ എന്നിവർ ചേർന്ന് ഗ്രാന്റ് മുഫ്തി പദവിയിലേക്കുയർത്തി കാന്തപുരത്തെ സ്ഥാനാവസ്ത്രവും തലപ്പാവും അണിയിച്ചു.

ഇന്ത്യൻ മുസ്‌ലിംകൾ ഏകീകൃത പ്ലാറ്റ്‌ഫോമിലേക്ക് കടന്നുവരണമെന്ന് സമ്മേളനത്തിൽ കാന്തപുരം ആഹ്വാനം ചെയ്‌തു. വിശ്വാസപരമായ കാര്യങ്ങളിൽ ഉറച്ചു നിൽക്കുമ്പോൾ തന്നെ കർമ്മശാസ്ത്രമായ വൈവിധ്യങ്ങൾ ഐക്യത്തിന് തടസ്സമാവരുത്. രാജ്യത്ത് സമാധാനം ഉറപ്പു വരുത്താനും, വിദ്യാഭ്യസപരമായ മുന്നേറ്റം ശക്തമാക്കാനും സുന്നി സംഘടനകൾ ശ്രമിക്കും. ലോകത്തെ സുന്നി ഇസ്‌ലാമിക പണ്ഡിതസഭകളുമായി ചേർന്ന് മുസ്‌ലിംകളുടെ ഗുണപരമായ മുന്നേറ്റത്തിനു പദ്ധതികൾ ആസൂത്രണം ചെയ്യും. സഹിഷ്ണുതയും സ്‌നേഹവും പഠിപ്പിക്കുന്ന ഇസ്‌ലാമിക തത്വങ്ങൾ പ്രചരിപ്പിക്കാനും , എല്ലായിടത്തും സമാധാനം ഉറപ്പ് വരുത്താനും ആവശ്യമായ നടപടികൾക്ക് നേതൃത്വം നൽകുമെന്നും കാന്തപുരം പറഞ്ഞു.
ഇന്ത്യയിലെ 23 സംസ്ഥാനങ്ങളിൽ നിന്നുള്ള ആയിരത്തിലധികം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.