കാന്തപുരം കൈറോയിലെത്തി: അന്താരാഷ്ട്ര ഇസ്‌ലാമിക സമ്മേളനത്തിന് ഇന്ന് തുടക്കം

0
2396
അന്താരാഷ്ട്ര ഇസ്ലാമിക സമ്മേളനത്തിൽ പങ്കെടുക്കാനായി കൈറോയിൽ എത്തിയ അഖിലേന്ത്യാ സുന്നി ജംഇയതുൽ ഉലമ ജനറൽ സിക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരെ ഈജിപ്ത് ഔഖാഫ് മന്ത്രാലയ ഡയറക്ടർ ഡോ: മജ്ദി ആശൂറിന്റെ നേതൃത്വത്തിൽ കൈറോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരിക്കുന്നു
അന്താരാഷ്ട്ര ഇസ്ലാമിക സമ്മേളനത്തിൽ പങ്കെടുക്കാനായി കൈറോയിൽ എത്തിയ അഖിലേന്ത്യാ സുന്നി ജംഇയതുൽ ഉലമ ജനറൽ സിക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരെ ഈജിപ്ത് ഔഖാഫ് മന്ത്രാലയ ഡയറക്ടർ ഡോ: മജ്ദി ആശൂറിന്റെ നേതൃത്വത്തിൽ കൈറോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരിക്കുന്നു
SHARE THE NEWS

കൈറോ : ഈജിപ്ത്യൻ ഭരണകൂടം  സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഇസ്‌ലാമിക സമ്മേളനത്തിൽ പങ്കെടുക്കാനായി  അഖിലേന്ത്യാ സുന്നി ജംഇയ്യതുൽ ഉലമ ജനറൽ സിക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ കൈറോയിലെത്തി.
“ഫത് വകൾ :നവ യുഗത്തിലെ ചിന്തകളും പ്രായോഗികതകളും” എന്ന ശീർഷകത്തിൽ മുന്ന് ദിവസങ്ങളിലായി 10 സെഷനകളിൽ നടക്കുന്ന സമ്മേളനം ഇന്ന് ഈജിപ്ത് ഗ്രാൻറ് മുഫ്തി ശൗഖി ഇബ്റാഹിം അല്ലാമിന്റെ അധ്യക്ഷതയിൽ ഈജിപ്ത് മതകാര്യ വകുപ്പ് മന്ത്രി മുഹമ്മദ് മുഖ്താർ ജുമുഅ ഉൽഘാടനം ചെയ്യും.

ഈജിപ്തിലെത്തിയ എത്തിയ  കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരെ ഈജിപ്ത് ഔഖാഫ് മന്ത്രാലയ ഡയറക്ടർ ഡോ: മജ്ദി ആശൂറിന്റെ നേതൃത്വത്തിൽ കൈറോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരിച്ചു .

60 രാജ്യങ്ങളിൽ നിന്നുള്ള മുഫ്തിമാരും മുതിർന്ന മത പണ്ഡിതൻമാരും പങ്കെടുക്കുന്ന സമ്മേളനത്തിൽ തീവ്രവാദ – ഭീകരവാദ ചിന്തകളെ ചെറുക്കാനുള്ള സാമൂഹ്യ ബാധ്യതകൾ, മനുഷ്യാവകാശ സംരക്ഷണം, അന്താരാഷ്ട്ര സമാധാനം, സ്ത്രീ സുരക്ഷാ പ്രശ്നങ്ങൾ, ആവിഷ്കാര സ്വാതന്ത്ര്യം, സുസ്ഥിര രാഷ്ട്ര വികസനം, സാമ്പത്തിക പരിഷ്കരണം, വാണിജ്യ വ്യവഹാരങ്ങൾ, ആരോഗ്യ രംഗത്തെ വെല്ലുവിളികർ, പ്രകൃതി സംരക്ഷണം  തുടങ്ങിയ ആധുനിക സമസ്യകളെ കുറിച്ച് ചർച്ച ചെയ്യും.

ആധുനിക പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ വിവിധ രാജ്യങ്ങളിൽ നിന്നുള്ള മുഖ്യ പണ്ഡിതൻമാരെ പങ്കെടുപ്പിച്ച് ശ്രദ്ധേയമായ സംരഭങ്ങൾ നടത്തുന്ന ഇസ്ലാമിക ലോകത്തെ പ്രധാന വേദിയായ ഇന്റർനാഷണൽ ഫത് വാ ഡയറക്ടറേറ്റിന്റെ സമ്മേളനത്തെ വളരെ പ്രാധാന്യത്തോടെയാണ് ലോകം നോക്കിക്കാണുന്നത്.

ഇന്ത്യയെ പ്രധിനിധീകരിച്ച് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പ്രബന്ധം അവതരിപ്പിക്കുകയും ലോക മുസ്‌ലിം നേതാക്കളുമായി ചർച്ചകൾ നടത്തുകയും ചെയ്യും. ആധുനിക കാലത്ത് ഫത്വകളെ ശരിയായി വായിക്കുന്നതും സമൂഹത്തിനു പകർന്നു നൽകുന്നതും ഭീകരവവും തീവ്രവാദവും പ്രചരിപ്പിക്കുന്ന തെറ്റായ ചിന്താധാരകളെ പ്രതിരോധിക്കാൻ കാരണമാകുമെന്നും ആ അർത്ഥത്തിൽ സമ്മേളനം പ്രസക്തമാണെന്നും കാന്തപുരം പറഞ്ഞു.  മർകസ് ഒഫീഷ്യൽ റിലേഷൻ മാനേജർ അക്ബർ ബാദുഷ സഖാഫി, ഇന്തോ-അറബ് മിഷൻ സിക്രട്ടറി അമീൻ മുഹമ്മദ് ഹസൻ സഖാഫി എന്നിവർ അദ്ദേഹത്തെ  അനുഗമിക്കുന്നുണ്ട്.


SHARE THE NEWS