കാന്തപുരത്തിന്റെ വാർഷിക റമസാൻ പ്രഭാഷണം ജൂൺ 9ന് മർകസിൽ

0
1136
കോഴിക്കോട്: മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ റമസാൻ  വാർഷിക പ്രഭാഷണം ജൂൺ 9ന് ശനിയാഴ്ച മർകസ് കാമ്പസിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ നടക്കും. റമസാൻ ഇരുപത്തിയഞ്ചാം രാവിൽ മർകസിൽ നടക്കുന്ന ആത്മീയ സമ്മേളനത്തിന്റെ ഭാഗമായാണ് പ്രഭാഷണം നടക്കുക. ശനിയാഴ്ച ഉച്ചക്കു ഒരു മണി മുതൽ പുലർച്ചെ  ഒന്ന് വരെ മർകസിൽ നടക്കുന്ന നടക്കുന്ന വിവിധ ആത്മീയ ചടങ്ങുകൾക്കും കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകും. കേരളത്തിലെ പ്രമുഖരായ സയ്യിദന്മാരും പണ്ഡിതന്മാരും ചടങ്ങിൽ സംബന്ധിക്കും. 
      ‘വിശുദ്ധ റമസാൻ വിശ്വാസികളിൽ രൂപപ്പെടുത്തുന്ന ആത്മീയ മാറ്റങ്ങൾ’ എന്ന വിഷയത്തിൽ നടത്തുന്ന പ്രഭഷണം റമസാനിൽ കേരളത്തിൽ നടക്കുന്ന പ്രധാനപ്പെട്ട ചടങ്ങായിരിക്കും. ഇത് മൂന്നാമതാണ് ആത്മീയ സമ്മേളനവും കാന്തപുരത്തിന്റെ പ്രഭാഷണവും മർകസിൽ സംഘടിപ്പിക്കുന്നത്. കേരളം അഭിമുഖീകരിക്കുന്ന ആരോഗ്യ പ്രശ്നങ്ങളിൽ നിന്ന് വിമുക്തി നേടാനും ഭീതിതമായ സാഹചര്യം മാറാനും  പ്രത്യേക ആത്മീയ പ്രാർത്ഥനയും അന്ന് നടക്കും.. മർകസിന്റെ വിവിധ പ്രവർത്തനങ്ങളുമായി സഹകരിക്കുന്ന വിശ്വാസികൾക്കായുള്ള പ്രാർത്ഥനയോടെയാണ് സമ്മേളനം സമാപിക്കുക. 
       ആത്മീയ സമ്മേളനത്തിന്റെയും റമസാൻ പ്രഭാഷണത്തിന്റെയും വിപുലമായ ഒരുക്കങ്ങളാണ് മർകസിൽ നടക്കുന്നത്. കേരളം, തമിഴ്‌നാട്, കർണ്ണാടക സംസ്ഥാങ്ങളിൽ നിന്നെത്തുന്ന പതിനായിരക്കണക്കിന് വിശ്വാസികൾ സമ്മേളനത്തിൽ സംബന്ധിക്കും.പതിനായിരം വിശ്വാസികൾ പങ്കെടുക്കുന്ന  ഗ്രാൻഡ് ഇഫ്ത്താറും അന്ന് മർകസിൽ നടക്കും. സമ്മേളനത്തിന്റെ വിജയത്തിനായി രൂപീകരിച്ച സ്വാഗത സംഘം കമ്മറ്റിയിൽ പ്രമുഖരായ പണ്ഡിതന്മാർ  അംഗങ്ങളാണ്. പ്രാദേശിക തലത്തിലെ പ്രവർത്തനങ്ങൾ ഏകീകരിക്കാൻ ആലി ഹാജി കുന്നമംഗലം ചെയർമാനും ഉമർ ഹാജി മണ്ടാളിൽ ജനറൽ കൺവീനറുമായ നൂറുകണക്കിന് വോളണ്ടിയർമാർ ഉൾക്കൊള്ളുന്ന സമിതിയും രൂപവത്കരിച്ചിട്ടുണ്ട്.