കാസര്‍കോഡ് വര്‍ഗീയ സംഘര്‍ഷങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിശ്ചയിക്കണം: കാന്തപുരം

0
839
SHARE THE NEWS

കോഴിക്കോട്: കാസര്‍കോഡ് ജില്ലയില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ആളിക്കത്തിക്കാന്‍ ലക്ഷ്യം വെച്ച് ആസൂത്രിതമായ ആക്രമണങ്ങളും കൊലപാതകങ്ങളും നടത്താന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായെന്നും ഈ സംഭവങ്ങളില്‍ പ്രതിയായവര്‍ക്ക് മതിയായ ശിക്ഷ ലഭിക്കാത്തതു കൊണ്ടാണ് റിയാസ് മുസ്‌ലിയാരുടെ വധം പോലുള്ള ക്രൂരകൃത്യങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. വര്‍ഗീയ ആക്രമണ സ്വഭാവമുള്ള നൂറിലധികം കേസുകളില്‍ പ്രതിയായ കൊടുംകുറ്റവാളികള്‍ കാസര്‍കോട്ടെ വിവിധ പ്രദേശങ്ങളില്‍ സൈ്വരവിഹാരം നടത്തുകയാണ്. കേസ് തീരാന്‍ വര്‍ഷങ്ങളോളം കാത്തു നില്‍ക്കുന്നതും പ്രതികള്‍ക്ക് വേഗത്തില്‍ ജാമ്യത്തിലിറങ്ങാന്‍ സാധ്യമാവുന്നതുമാണ് ആക്രമണ സംഭവങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാവാന്‍ പ്രധാന കാരണം. അതോടൊപ്പം അന്വേഷണങ്ങള്‍ ദുര്‍ബലമായി നടക്കുന്നതു കൊണ്ട് ഗുഢാലോചകരെ നിയമത്തിനു മുമ്പിലേക്ക് കൊണ്ടുവരാനും സാധിക്കുന്നില്ല. അതിനാല്‍ പ്രത്യേക അന്വേഷണ സമിതിയെ നിയമിച്ച് വര്‍ഗ്ഗീയ സ്വഭാവമുള്ള മുഴുവന്‍ കേസുകളിലെയും പ്രതികള്‍ക്ക് ശക്തമായ ശിക്ഷ നല്‍കാന്‍ ഗവണ്‍മെന്റ് ശ്രമിക്കണം. കേസുകളില്‍ കുറ്റവാളിള്‍ ശിക്ഷിക്കപ്പെടുന്നതിലെ കാലതാമസം വര്‍ഗീയമായ കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കുന്നതിന് കാരണമാകുന്നുണ്ടെങ്കില്‍ അതിവേഗ കോടതികളിലേക്ക് ഇത്തരം കേസുകള്‍ മാറ്റി കുറ്റവാളികള്‍ക്ക് ശിക്ഷ നല്‍കുന്നതിനെ പറ്റി സര്‍ക്കാര്‍ ആലോചിക്കണം. ഈ കേസുകളില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് കലാപമുണ്ടാക്കാന്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നും അന്വേഷിക്കണം. ബഹുസ്വരതയും സൗഹൃദാന്തരീക്ഷവുമാണ് കേരളത്തിന്റെ മുഖമുദ്ര. വര്‍ഗീയ പ്രശ്‌നങ്ങളുണ്ടാക്കി നാടിന്റെ സമാധാനത്തിന് വെല്ലുവിളി ഉയര്‍ത്തുന്നവര്‍ രാജ്യത്തിന്റെയും സമൂഹത്തിന്റെയും ശത്രുക്കളാണ്. കാന്തപുരം പ്രസ്താവനയില്‍ പറഞ്ഞു.

SHARE THE NEWS