കേന്ദ്രമന്ത്രി മുഖ്‌താർ നഖ്‌വിയുമായി ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കൂടിക്കാഴ്ച നടത്തി

0
1189
കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്‌താർ അബ്ബാസ് നഖ്‌വിയുമായി ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ കൂടിക്കാഴ്ച നടത്തുന്നു
SHARE THE NEWS

കോഴിക്കോട്: കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്‌താർ അബ്ബാസ് നഖ്‌വിയുമായി ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ.പി അബൂബക്കർ  മുസ്‌ലിയാർ ന്യൂഡൽഹിയിൽ മന്ത്രിയുടെ ഓഫീസിൽ കൂടിക്കാഴ്ച നടത്തി. പുതിയ കേന്ദ്ര സർക്കാറിൽ  കാബിനറ്റ് റാങ്കുള്ള മന്ത്രിയായ തിരഞ്ഞെടുക്കപ്പെട്ട നഖ്‌വിയെ കാന്തപുരം  അഭിനന്ദിച്ചു.  കരിപ്പൂർ എയർപോർട്ടിൽ ഹജ്ജ് എംബാർകേഷൻ പോയിന്റ് പുനസ്ഥാപിച്ചതിൽ നിർണ്ണായക ഇടപെടലുകൾ നടത്തിയ കേന്ദ്ര ഹജ്ജ കാര്യവകുപ്പ് മന്ത്രിയായ മുഖ്‌താർ അബ്ബാസ് നഖ്‌വിയുടെ പ്രവർത്തനം കേരളത്തിലെ ഹാജിമാർക്ക് വലിയ ആശ്വാസമായെന്ന് കാന്തപുരം പറഞ്ഞു.  ഇന്ത്യയിലെ മുസ്‌ലിംകളുടെ വിദ്യഭ്യാസം, സാമൂഹിക ജീവിതം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട ചർച്ച അരമണിക്കൂർ നീണ്ടുനിന്നു.

ഇന്ത്യയിലെ വിവിധ ന്യൂനപക്ഷങ്ങളുടെ ജീവിതം സ്വസ്ഥവും സുരക്ഷിതവുമാക്കുവാൻ ഗവണ്മെന്റ് ക്രിയാത്മകമായ പദ്ധതികൾ നടപ്പിലാക്കണമെന്ന് കാന്തപുരം ആവശ്യപ്പെട്ടു. സിവിൽ സർവീസ്, യു.പി.എസ്.സി പരീക്ഷകളിൽ ന്യൂനപക്ഷ പ്രാധിനിത്യം വർദ്ധിപ്പിക്കാൻ ഈ വർഷം കൂടുതൽ തുക നീക്കിവെച്ച കേന്ദ്രസർക്കാറിന്റെ നടപടി സ്വാഗതാർഹമാണ്.  ഭൂരിപക്ഷ-ന്യൂനപക്ഷ വേർത്തിരിവുകൾ ഇല്ലാത്തതും എല്ലാ ജാതിമത സമൂഹങ്ങളെയും സമാനമായി പരിഗണിക്കുന്നവരുമായ ഭരണകൂടങ്ങൾക്ക് രാജ്യത്തിന്റെ ക്ഷേമത്തിലും തുല്യതാവകാശം ഉറപ്പുവരുത്തുന്നതിലും മഹത്തായ ഇടപെടലുകൾ നടത്താൻ സാധിക്കും. അലിഗഡ് യൂണിവേഴ്‌സിറ്റി മലപ്പുറം കേന്ദ്രത്തിന്റെ ശോചനീയാവസ്ഥ മാറ്റാൻ ആവശ്യമായ ഫണ്ടും വിഭവങ്ങളും  ലഭ്യമാക്കി  ദക്ഷിണേന്ത്യയിലെ പ്രധാന അക്കാദമിക ഹബ്ബാക്കി  അലിഗഡ് ഉപകേന്ദ്രത്തെ  ഉയർത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങൾ  കേന്ദ്രസർക്കാർ നടത്തണമെന്നും കാന്തപുരം അഭ്യർത്ഥിച്ചു. 

ന്യൂനപക്ഷങ്ങളുടെ ജീവിത വികാസത്തിന് ഊന്നൽ നൽകുന്ന വിവിധ പദ്ധതികൾ ഗവൺമെന്റ് നടപ്പിലാക്കുമെന്ന് മന്ത്രി നഖ്‌വി പറഞ്ഞു. വിദ്യാഭ്യാസ രംഗത്തും സാമൂഹിക വികസന മേഖലയിലും ക്രിയാത്മകമായി നേതൃത്വം നൽകുന്ന കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ പ്രവർത്തനങ്ങൾ ഒരു യഥാർത്ഥ ഇസ്‌ലാമിക പണ്ഡിതന്റെ ദൗത്യത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി, സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി പേരോട് അബ്‌ദുറഹ്‌മാൻ സഖാഫി, മർകസ് വൈസ് ചാൻസലർ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് എന്നിവർ കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.


SHARE THE NEWS