
മുംബൈ: ഓള് ഇന്ത്യ ഹജ്ജ് കമ്മിറ്റി സംഘടിപ്പിച്ച ഹജ്ജ് കോണ്‍ഫറന്‍സ് & റിവ്യൂ മീറ്റിങ്ങില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് സ്വീകരണം നല്കി. മുംബൈയില്‍ നടന്ന മീറ്റിങ്ങില്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി പ്രതിനിധികളും വിവിധ സംസ്ഥാനങ്ങളിലെ ഹജ്ജ് കമ്മിറ്റി ചെയര്മാന്മാരും പങ്കെടുത്തു. ഈ വര്‍ഷം മാതൃകാപരമായി തീര്‍ത്ഥാടകര്‍ക്ക് സൗകര്യമൊരുക്കിയ ഹജ്ജ് കമ്മറ്റിയുടെ പ്രവര്‍ത്തനം ശ്ലാഘനീയമാണെന്ന് കാന്തപുരം പറഞ്ഞു. അടുത്ത വര്‍ഷം ഇന്ത്യക്ക് കൂടുതല്‍ ഹജ്ജ് അവസരങ്ങള്‍ ലഭിക്കാന്‍ സഊദി ഗവണ്മെന്റ് പ്രതിനിധികളുമായി ചര്‍ച്ച നടത്തുമെന്ന് കാന്തപുരം അറിയിച്ചു. ഹജ്ജിന് വരുന്ന തീര്‍ത്ഥാടകര്‍ക്ക് മതപരമായ ചടങ്ങുകളുടെ വിശദാംശങ്ങള്‍ വിവരിക്കുന്ന പ്രത്യേക ട്രെയിനിംഗ് ക്ളാസുകള്‍ ഹജ്ജ് കമ്മറ്റിക്കു കീഴില്‍ അടുത്ത വര്‍ഷം മുതല്‍ നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സഊദി ഹജ്ജ് കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന് ഉദ്ഘാടനം ചെയ്തു. കേന്ദ്ര ഹജ്ജ് കമ്മറ്റി ചെയര്മാന് ഹാജി ശൈഖ് ജിനാ നബി അധ്യക്ഷത വഹിച്ചു.