കോഴിക്കോട് എളേറ്റിലെ 20 കുടുംബങ്ങള്‍ക്ക് ആശ്വാസമായി മര്‍കസ് കുടിവെള്ള പദ്ധതി

0
1105
കോഴിക്കോട് എളേറ്റില്‍ കുണ്ടങ്ങരപ്പാറയിലെ ഇരുപത് കുടുംബങ്ങള്‍ക്കായി മര്‍കസിന് കീഴില്‍ നടപ്പാക്കിയ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ഡോ. അബ്ദുല്‍ ഹകീം അസ്ഹരി നിര്‍വഹിക്കുന്നു.
കോഴിക്കോട് എളേറ്റില്‍ കുണ്ടങ്ങരപ്പാറയിലെ ഇരുപത് കുടുംബങ്ങള്‍ക്കായി മര്‍കസിന് കീഴില്‍ നടപ്പാക്കിയ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ഡോ. അബ്ദുല്‍ ഹകീം അസ്ഹരി നിര്‍വഹിക്കുന്നു.

താമരശ്ശേരി: കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്ന കോഴിക്കോട് എളേറ്റില്‍ കുണ്ടങ്ങരപ്പാറയിലെ ഇരുപത് കുടുംബങ്ങള്‍ക്ക് ആശ്വാസമായി മര്‍കസിന്റെ കുടിവെള്ള പദ്ധതി. റൂബി ജൂബിലിയുടെ ഭാഗമായി മര്‍കസും എസ് വൈ എസ് സാന്ത്വനവും സംയുക്തമായാണ് കുണ്ടുങ്ങരപ്പാറ നാരായണ കുന്നിലെ ഇരുപത് കുടുംബങ്ങള്‍ക്ക് കുടിവെള്ളം എത്തിച്ചത്. പ്രാദേശിക കുടിവെള്ള പദ്ധതിയില്‍ നിന്നും മാസത്തില്‍ രണ്ടോ മൂന്നോ തവണയാണ് ഇവര്‍ക്ക് വെള്ളം ലഭിക്കുന്നത്. റോഡിന്റെ ശോചനീയാവസ്ഥ കാരണം വാഹനത്തില്‍ വെള്ളം എത്തിക്കാനും കഴിയാത്തതിനാല്‍ ദുരിതത്തിലായ പ്രദേശവാസികള്‍ക്ക് സാന്ത്വനവുമായി എസ് വൈ എസ് കുണ്ടുങ്ങരപ്പാറ യൂണിറ്റ് സാന്ത്വനം പ്രവര്‍ത്തകര്‍ രംഗത്തെത്തുകയായിരുന്നു.
മര്‍കസിന്റെ ആറ് ലക്ഷവും എസ് വൈ എസ് സമാഹരിച്ച ഒരു ലക്ഷത്തോളം രൂപയും ചെലവഴിച്ചാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്. വൈലാങ്കര മുഹമ്മദ് ഹാജി സൗജന്യമായി നല്‍കിയ സ്ഥലത്ത് സ്ഥാപിച്ച കിണറില്‍ നിന്നും 650 മീറ്ററോളം ദൂരത്തില്‍ പൈപ്പ് സ്ഥാപിച്ചാണ് നാരായണ്‍ കുന്നിലെ കോണ്‍ക്രീറ്റ് ടാങ്കിലേക്ക് വെള്ളം എത്തിക്കുന്നത്. ടാങ്കില്‍ നിന്നും 20 വീടുകളിലേക്കും പൈപ്പ് സ്ഥാപിക്കുകയും വെള്ളത്തിന്റെ ഉപയോഗം നിയന്ത്രിക്കാന്‍ മീറ്റര്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം മര്‍ക്കസ് ഡയറക്ടര്‍ ഡോ. എ പി അബ്ദുല്‍ ഹഖീം അസ്ഹരി നിര്‍വഹിച്ചു. കിണര്‍ സ്ഥാപിക്കാന്‍ സ്ഥലം അനുവധിച്ച വൈലാങ്കര മുഹമ്മദ് ഹാജി, ടാങ്ക് സ്ഥാപിക്കാന്‍ സ്ഥലം അനുവധിച്ച എന്‍ കെ അബ്ദുല്‍ ഗഫൂര്‍, സമയബന്ധിതമായി പ്രവൃത്തി പൂര്‍ത്തീകരിച്ച നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍ എന്‍ കെ മുഹമ്മദ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. എസ് വൈ എസ് സോണ്‍ ജന. സെക്രട്ടറി അബ്ദുസ്സലാം ബുസ്താനി അധ്യക്ഷത വഹിച്ചു. സി പി ശാഫി സഖാഫി പ്രാര്‍ത്ഥന നടത്തി. വാര്‍ഡ് മെമ്പര്‍ ആശിഖ് റഹ്മാന്‍, എസ് വൈ എസ് ജില്ലാ സെക്രട്ടറി പി വി അഹമ്മദ് കബീര്‍, ആര്‍ സി എഫ് ഐ മാനേജര്‍ റഷീദ് പുന്നശ്ശേരി, മഹല്ല് പ്രസിഡന്റ് വി മുഹമ്മദ് ഹാജി, എസ് വൈ എസ് സര്‍ക്കിള്‍ ജന. സെക്രട്ടറി അബ്ദുല്‍ അസീസ് ലത്വീഫി, കെ അബ്ബാസ്, ദിവാകരന്‍ നായര്‍ പ്രസംഗിച്ചു. ശംസുദ്ധീന്‍ കുണ്ടുങ്ങര സ്വാഗതവും എന്‍ കെ ശാഹിര്‍ നന്ദിയും പറഞ്ഞു.