ഖത്‍മുൽ ബുഖാരി: മർകസ് നഗരി ഇന്ന് പണ്ഡിത സാഗരമാവും

0
951

കോഴിക്കോട്: മർകസിൽ ഇന്ന് നടക്കുന്ന ഖത്‍മുൽ ബുഖാരി സമ്മേളനം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന സഖാഫി പണ്ഡിതരുടെ മഹാസംഗമമാവും. മർകസിൽ നിന്ന് കഴിഞ്ഞ നാൽപതു വർഷം കൊണ്ട് പഠനം പൂർത്തീകരിച്ച പതിനായിരം സഖാഫിമാരും മറ്റു ഇസ്‌ലാമിക പണ്ഡിതരും സംബന്ധിക്കും. മർകസ് ചാൻസിലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ ബുഖാരി ദർസ് അധ്യാപനത്തിന്റെ അൻപത്തിയേഴാമത്‌ വാർഷികമാണ് സമ്മേളനം. ദേശീയ രംഗത്തെ പ്രമുഖ പണ്ഡിതരായ സയ്യിദ് ഗുലാം ഹുസൈൻ ശാ ജീലാനി രാജസ്ഥാൻ, ഹസ്‌റത്ത് അല്ലാമാ സയ്യിദ് മുഹമ്മദ് നൂറാനി അശ്‌റഫി യു.പി, സയ്യിദ് ബാബർ ഇസ്‌ലാം അഷറഫി അജ്മീർ ശരീഫ്, മുഫ്‌തി സൈഫുദ്ധീൻ അസ്ദകി ഫിർദൗസി കൊൽക്കത്ത, അല്ലാമാ ഉമർ മുഹമ്മദ് അഷ്‌ഫഖി എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. വൈകുന്നേരം മൂന്നു മണിക്കു ആരംഭിക്കുന്ന സമ്മേളനത്തിന് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകും. ഇ.സുലൈമാൻ മുസ്‌ലിയാർ, സയ്യിദ് അലി ബാഫഖി തങ്ങൾ , സയ്യിദ് സൈനുൽ ആബിദ് ബാഫഖി തങ്ങൾ , സയ്യിദ് ഇബ്രാഹീം ഖലീലുൽ ബുഖാരി, പൊന്മള അബ്ദുൽ ഖാദർ മുസ്‌ലിയാർ എന്നിവർ പ്രഭാഷണം നടത്തും. മർകസ് സ്ഥാപക ദിനാചരണവും സമ്മേളനത്തിന്റെ ഭാഗമായി നടക്കും.
രാവിലെ 9 മണിക്ക് സഖാഫി സമ്പൂർണ്ണ സംഗമം തുടങ്ങും. കട്ടിപ്പാറ കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാരുടെ അദ്ധ്യക്ഷതയിൽ എ പി മുഹമ്മദ് മുസ്‌ലിയാർ കാന്തപുരം ഉദ്ഘടനം ചെയ്യും. സി മുഹമ്മദ് ഫൈസി, ചെറുശോല അബ്ദുൽ ജലീൽ സഖാഫി, റഹ്മത്തുള്ള സഖാഫി എളമരം എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിക്കും. പുതിയ കർമ്മ പദ്ധതി പ്രഖ്യാപനം ഡോ എ.പി അബ്ദുൽ ഹകീം അസ്‌ഹരിയും സന്ദേശ പ്രഭാഷണം പേരോട് അബ്ദുറഹ്മാൻ സഖാഫിയും നിർവ്വഹിക്കും