ഖുർആൻ പണ്ഡിതൻ ശൈഖ് ഖലീൽ അന്തരിച്ചു

0
4544
മദീന: ലോകപ്രശസ്ത ഖുർആൻ പാരായണ  പണ്ഡിതൻ ശൈഖ് ഖലീൽ ഇബ്നു അബ്‌ദുറഹ്‌മാൻ  അൽ ഖാരി അന്തരിച്ചു. വിശുദ്ധ ഹറമിലെയും മസ്ജിദുന്നബവിയിലെയും ഇമാമുമാരുടെ പ്രധാന ഗുരുവായിരുന്നു കഴിഞ്ഞ അര നൂറ്റാണ്ടായി അദ്ദേഹം. സഊദി അറേബ്യയിലെ ചരിത്ര പ്രധാന പള്ളികളായ  ഖുബയിലെ ഇമാം മുഹമ്മദ് ഖലീൽ അൽ ഖാരി, മസ്ജിദുൽ ഖിബലതൈനി  മഹ്മൂദ് അൽ ഖാരി എന്നിവർ മക്കളാണ്.
 സഊദി അറേബ്യയിൽ വ്യവസ്ഥാപിതമായ തഹഫീളുൽ ഖുർആൻ ക്ലാസുകൾക്ക് ആരംഭം കുറിച്ചത് ഇദ്ദേഹമായിരുന്നു. ഖുർആൻ പഠനത്തിൽ സമർപ്പിച്ച ജീവിതമായിരുന്നു. ഏഴു പാരായണ ശൈലികളിലും ഏറ്റവും വിദഗ്‌ധമായി ഖുർആൻ പാരായണം ചെയ്യാനും പഠിപ്പിക്കാനും പ്രത്യേക സിദ്ധിയുണ്ടായിരുന്നു. ലോകം മുഴുവൻ അദ്ദേഹത്തിന് ശിഷ്യന്മാരുണ്ട്.
 
മർകസിൽ പ്രധാന അതിഥിയായി കുടുംബസമേതം ആറുവർഷം മുമ്പ് ശൈഖ് ഖലീൽ സന്ദർശിച്ചിരുന്നു. അന്ന് ഒരു മാസക്കാലം കേരളത്തിലെ പ്രധാന ഖുർആൻ പാരായണ വിദഗ്ധർക്ക് പരിശീലനം നൽകിയിരുന്നു. കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ അടുത്ത സുഹൃത്ത് ആയിരുന്നു.  ഖുർആനുമായി അഗാധമായ ആത്മബന്ധം പുലർത്തുകയും ആധുനിക കാലത്ത് ഖുർആൻ പാരായണ ശാസ്ത്രത്തെ ഏറ്റവും ഫലപ്രദമായി പഠിപ്പിക്കുകയും ചെയ്ത മഹാജ്ഞാനിയായിരുന്നു ശൈഖ് ഖലീൽ എന്ന് കാന്തപുരം അനുസ്മരിച്ചു. അദ്ദേഹത്തിനായി മയ്യിത്ത് നിസ്കരിക്കാനും പ്രാർത്ഥിക്കാനും കാന്തപുരം അഭ്യർത്ഥിച്ചു.