ഗുജറാത്തിലെ മർകസ് യുനാനി-ആയുർവേദ ഹോസ്പിറ്റൽ സമർപ്പണം ഇന്ന്

25000 ചതുരശ്രഅടിയിൽ നിർമിച്ച കെട്ടിടം പദ്ധതി ഗുജറാത്തിൽ ഉയർന്നു വരുന്ന മർകസ് ഹെൽത്ത് സിറ്റിയിലെ ആദ്യ സംരംഭം

0
1297
ഗുജറാത്തിലെ ഭറൂജിൽ മർകസു സഖാഫത്തി സുന്നിയ്യക്ക് കീഴിൽ ഇന്ന് ഉദ്ഘാടനം ചെയ്യുന്ന മർകസ് ഒലിവ് യുനാനി-ആയുർവേദ ഹോസ്പിറ്റൽ
ഗുജറാത്തിലെ ഭറൂജിൽ മർകസു സഖാഫത്തി സുന്നിയ്യക്ക് കീഴിൽ ഇന്ന് ഉദ്ഘാടനം ചെയ്യുന്ന മർകസ് ഒലിവ് യുനാനി-ആയുർവേദ ഹോസ്പിറ്റൽ

അഹമ്മദാബാദ്: ഗുജറാത്തിലെ ഭറൂജിൽ മർകസു സഖാഫത്തി സുന്നിയ്യക്ക് കീഴിൽ ആരംഭിക്കുന്ന മർകസ് ഒലിവ് യുനാനി-ആയുർവേദ ഹോസ്പിറ്റലിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. വൈകുന്നേരം മൂന്നിന് ആരംഭിക്കുന്ന ചടങ്ങ് മർകസ് ചാൻസലർ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്‌ഘാടനം നിർവ്വഹിക്കും.

മർകസിന് കീഴിൽ ഇരുപത്തിഅയ്യായിരം ചതുരശ്ര അടിയിൽ നിർമിച്ച കെട്ടിടത്തിലാണ് ഹോസ്പിറ്റൽ ആരംഭിക്കുന്നത്. യുനാനി, ആയുർവേദം ഉൾപ്പെടെയുള്ള വിവിധ മെഡിക്കൽ വിഭാഗങ്ങളുടെ സേവനം ഇവിടെ ഉണ്ടായിരിക്കും. മെഡിക്കൽ കോളേജ്, സെൻട്രൽ ഓഫ് എക്സലൻസ് ഇൻ ലൈഫ് സ്റ്റൈൽ ഡിസീസ് തുടങ്ങിയ പദ്ധതികളുടെ പ്രൊജക്റ്റ് ഓഫീസ് ഉൽഘാടനവും ഇന്ന് നടക്കും.

ഗുജറാത്തിൽ മർകസിന് കീഴിൽ നിർമിക്കുന്ന വിപുലമായ ഹെൽത്ത് സിറ്റിയിലെ ആദ്യ പ്രോജക്ട് ആണ് ഹോസ്പിറ്റൽ. യുനാനി- ആയുർവേദ ചെകിത്സക്കുള്ള വിവിധ ഡിപ്പാർട്ടുമെന്റുകൾ ഇവിടെ പ്രവർത്തിക്കും. പാവപ്പെട്ടവർക്കും സാമൂഹികമായി പിന്നാക്കം നിൽക്കുന്നവർക്കും പ്രത്യേക കിഴിവോട് കൂടിയുള്ള ചികിത്സയാണു ഇവിടെ നടക്കുക.

മർകസിന്റെ നേതൃത്വത്തിൽ യുനാനി മെഡിക്കൽ കോളേജ്, ഗൈനക്കോളജി ഡിപ്പാർട്ടമെന്റ്, വെൽനെസ്സ് ഹെൽത്ത് ക്ലബ്, ഓർഗാനിക് ഫാമിങ് തുടങ്ങിയ പദ്ധതികൾ ഈ ദേശത്ത് മർകസ് ലക്‌ഷ്യം വെക്കുന്നു. മെഡിക്കൽ രംഗത്ത് ശ്രദ്ധേയമായി പ്രവർത്തിക്കുന്ന ഇംതിബിഷ് ഹെൽത്ത് കെയറുമായി സഹകരിച്ചാണ് മർകസ് ഹോസ്പിറ്റൽ പദ്ധതി നടപ്പാക്കുന്നത്.

ശരിയായ ആരോഗ്യമുള്ള സമൂഹത്തെ രൂപപ്പെടുത്തുന്നതിനുള്ള മർകസ് പദ്ധതികൾ ദേശീയ തലത്തിലേക്ക് സമഗ്രമായി വ്യാപിക്കുന്നതിന്റെ ഭാഗമായാണ് ഗുജറാത്തിൽ ഉന്നത നിലവാരവും ഉയർന്ന സൗകര്യങ്ങളുമുള്ള ഹോസ്പിറ്റൽ ആരംഭിക്കുന്നതെന്ന് മർകസ് ഡയറക്ടർ ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി പറഞ്ഞു. ഗുണമേന്മയുള്ള രോഗചികിത്സ ലഭ്യമാക്കുകയും, പരിസ്ഥിതി സൗഹൃദപരമായ ജീവിത ശൈലി വികസിപ്പിക്കുകയും, മെഡിക്കൽ രംഗത്ത് അക്കാദമിക പഠനത്തിന് ആളുകളെ സജ്ജമാകുകയും ചെയ്യുന്ന പദ്ധതിയാണ് ഗുജറാത്തിൽ തുടക്കം കുറിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

ഉദ്‌ഘാടന ചടങ്ങിൽ മർകസ് ഡയറക്ടർ ഡോ എ.പി അബ്ദുൽ ഹകീം അസ്ഹരി, ഡോ അബ്ദുൽ സലാം, അപ്പോളോ മൂസഹാജി, ഇംതിബിഷ് ഹെൽത്ത് കെയർ എം.ഡി ഡോ യുകെ ശരീഫ്, ഡോ ഷാഹുൽഹമീദ്, ഡോ ഓകെ അബ്ദുറഹ്മാൻ, ഡോ യു മുജീബ്, ഡോ ഫൈസ്, ഡോ മഷൂദ്, ഗുലാം ആദം തുടങ്ങിയവർ സംബന്ധിക്കും.