ഗെയില്‍ പദ്ധതിക്ക് കാന്തപുരത്തിന്റെ പിന്തുണ: വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് മര്‍കസ്

0
828
SHARE THE NEWS

കാരന്തൂര്‍: ഗെയില്‍ വിരുദ്ധ സമരം അനാവശ്യമാണെന്ന് ഇ.പി ജയരാജന്‍ അഭിപ്രായപ്പെട്ടുവെന്നും കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ അതിനെ പിന്തുണച്ചു എന്നുമുള്ള രീതിയില്‍ വാര്‍ത്ത നല്‍കിയ മീഡിയ വണ്ണിന്റെ പ്രചാരണം അടിസ്ഥാനരഹിതവും ശുദ്ധകളവാണെന്നും കാന്തപുരത്തിന്റെ ഓഫീസ് അറിയിച്ചു.
മര്‍കസ് റൂബി ജൂബിലിയോടനുബന്ധിച്ചു നടത്തിയ സെമിനാറില്‍ ഇപി ജയരാജന്‍ പ്രസംഗിക്കുന്നതിനു അരമണിക്കൂര്‍ മുമ്പ് കാന്തപുരം നടത്തിയ അധ്യക്ഷ പ്രസംഗത്തില്‍ ഗെയില്‍ വിരുദ്ധ സമരത്തെയോ ഗെയില്‍ പദ്ധതിയെയോ പരാമര്‍ശിക്കുക പോലുമുണ്ടായിട്ടില്ല. വസ്തുത ഇതായിരിക്കെ സുന്നി പ്രസ്ഥാനത്തോടുള്ള വിരോധം തീര്‍ക്കാനും സമൂഹത്തിനിടയില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുവാനുമാണ് മീഡിയ വണ്‍ ശ്രമിച്ചത്. ഗെയില്‍ ഇരകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണെമെന്നും ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി മാത്രമേ പദ്ധതി നടപ്പിലാക്കാവൂ എന്നും കാന്തപുരം പലതവണ വ്യക്തമാക്കിയതാണ്.
ഇ.പി ജയരാജന്റെ പ്രസംഗം ആരംഭിച്ച ഉടനെ മറ്റൊരു പരിപാടിയില്‍ പങ്കെടുക്കാന്‍ ഉള്ളതിനാല്‍ കാന്തപുരം സെമിനാര്‍ വേദി വിട്ടതിന് ഇന്നലെ റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ ഒരു ഡസനോളം മാധ്യമപ്രവര്‍ത്തകര്‍ സാക്ഷിയാണ്. സത്യം ഇതായിരിക്കെ മീഡിയ വണ്‍ നല്‍കിയ റിപ്പോര്‍ട്ട് മാധ്യമ പ്രവര്‍ത്തനത്തിന് കളങ്കമാണ്. തെറ്റായ രീതിയില്‍ വാര്‍ത്ത നല്‍കിയ രീതിയെ ശക്തമായി അപലപിക്കുന്നുവെന്നും കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ ഓഫീസ് അറിയിച്ചു.

Subscribe to my YouTube Channel

SHARE THE NEWS