ഗ്രാൻഡ് ഇഫ്താറിനെത്തിയത് ആയിരങ്ങൾ: റമസാനിൽ 70 ലക്ഷം ചെലവിൽ രാജ്യത്താകെ ഇഫ്താറുകൾ സംഘടിപ്പിച്ച് മര്‍കസ്‌

0
2585
മർകസിൽ സംഘടിപ്പിച്ച ഗ്രാൻഡ് ഇഫ്താർ സംഗമം
മർകസിൽ സംഘടിപ്പിച്ച ഗ്രാൻഡ് ഇഫ്താർ സംഗമം
കുന്നമംഗലം: മർകസ് റമസാൻ ആത്മീയ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സമൂഹ നോമ്പുതുറയിൽ പങ്കെടുത്തത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ആയിരക്കണക്കിന് വിശ്വാസികൾ.  റമസാൻ മാസത്തിൽ മർകസിന്റെ നേതൃത്വത്തിൽ  രാജ്യത്താകെ നടത്തിവരുന്ന ഇഫ്താറുകളിൽ ഏറ്റവും വലിയ സംഗമമായിരുന്നു ഇത്. എഴുപത് ലക്ഷം രൂപയാണ് ഈ വർഷം നോമ്പുതുറകൾ തയ്യാറാക്കാൻ മർകസ് ചെലവഴിച്ചത്. രാജ്യത്തെ 22 സംസ്ഥാനങ്ങളിലെ മുസ്‌ലിംകൾ പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ്  റമസാൻ ആദ്യം മുതലുള്ള  ഇഫ്താറുകൾ പ്രധാനമായും നടന്നത്. ഉൾഗ്രാമങ്ങളിലെ ഒറ്റപ്പെട്ടുകഴിയുന്ന ആയിരക്കണക്കിന്  വിശ്വാസികളുടെ വീട്ടിലേക്ക് നോമ്പ്  തുറക്കാനുമുള്ള ധാന്യങ്ങളും ഭക്ഷണ പദാർത്ഥങ്ങളും ഇഫ്താർ കാമ്പയിന്റെ ഭാഗമായി മർകസ് വിതരണം ചെയ്‌തിരുന്നു. പശ്ചിമ ബംഗാൾ, ഗുജറാത്ത്, യു.പി, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ ഓരോ പ്രദേശത്തെയും സാമൂഹിക സാംസ്കാരിക സാംസ്‌കാരിക നേതാക്കളെ പങ്കെടുപ്പിച്ചു സൗഹൃദ ഇഫ്താറുകളും നടന്നു.
     കേരളത്തിൽ മർകസ് കാമ്പസിലും കോഴിക്കോട് നഗരത്തിലെ മർകസ് കോംപ്ലക്സ് മസ്‌ജിദിലും റമസാൻ ഒന്ന് മുതൽ നടന്നുവരുന്ന ഇഫ്താറുകളിൽ ആയിരക്കണക്കിന് വിശ്വാസികളാണ് ദിനേന പങ്കെടുത്തത്. ദീർഘദൂര യാത്രക്കാർക്ക്  കെ.എസ്.ആർ.ടി.സി ബസ്റ്റാന്റു കേന്ദ്രീകരിച്ചും നോമ്പുതുറ വിഭവങ്ങൾ വിതരണം ചെയ്തുവരുന്നു. 
   വിഭവ സമൃദ്ധമായ ഭക്ഷണമാണ് ഗ്രാൻഡ് ഇഫ്‌താറിനായി ഇന്നലെ മർകസിൽ ഒരുക്കിയത്. മർകസ് പരിസര ദേശങ്ങളിലെ നിരവധി വിശ്വാസികൾ പത്തിരി പോലുള്ള ഭക്ഷ്യവിഭവങ്ങളും എത്തിച്ചിരുന്നു. ഇഫ്താർ വിഭവങ്ങൾ വിതരണം ചെയ്യാൻ നൂറിലധികം സന്നദ്ധ സേവകരുമുണ്ടായിരുന്നു. 
       കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഇഫ്താറിന് മുമ്പ് വിശ്വാസികളെ അഭിസംബോധന ചെയ്‌തു. വിശ്വാസികളുടെ വലിയ ആനന്ദ ഘട്ടമാണ് നോമ്പുതുറ സമയമെന്നും അതിനായി വിഭവങ്ങൾ ഒരുക്കുന്നതും ഭക്ഷണം കഴിപ്പിക്കുന്നതും ഉന്നതമായ പ്രതിഫലമുള്ള കർമ്മമാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ അവശത അനുഭവിക്കുന്ന  ആയിരിക്കണക്കിനു വിശ്വാസികൾക്ക് വലിയ ആശ്വാസമാണ് മർകസ് നൽകുന്ന റമസാൻ സഹായങ്ങളും ഇഫ്താറുകളും.  പലയിടങ്ങളിലും പ്രകൃതിസൗഹൃദപരമായിട്ടാണെന്ന് അദ്ദേഹം പറഞ്ഞു.
       മർകസ് ഇഫ്താർ വിഭവങ്ങൾ വിതരണം ചെയ്‌തത് മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ,   മർകസ് വൈസ് പ്രസിഡന്റ് സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ, മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി,മർകസ് ഡയറക്ടർ ഡോ എ.പി അബ്ദുൽ ഹകീം അസ്ഹരി, മർകസ് വൈസ് ചാൻസലർ ഡോ ഹുസൈൻ സഖാഫി ചുള്ളിക്കോട്, അബൂബക്കർ സഖാഫി വെണ്ണക്കോട്, മജീദ് കക്കാട് തുടങ്ങിയ പ്രമുഖർ ചടങ്ങിന് നേതൃത്വം നൽകി.