
മംഗളുരു: ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർക്ക് രാജ്യത്തെ മുസ്ലിംകളുടെ സമഗ്ര മുന്നേറ്റം സാധ്യമാക്കാനാവുമെന്ന് മുൻപ്രധാന മന്ത്രി എച്ച്.ഡി ദേവഗൗഡ. മംഗളുരുവിൽ നടന്ന ചടങ്ങിൽ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരെ ആദരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദക്ഷിണേന്ത്യയിൽ നിന്നുള്ള ഒരു ഇസ്ലാമിക പണ്ഡിതൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി എന്ന പരമോന്നത പദവിയിലെത്തുന്നത് അഭിമാനകരമാണ്. വിശാലമായ ഇന്ത്യൻ ഭൂമികയിൽ അധിവസിക്കുന്ന മുസ്ലിംകളുടെ വിദ്യാഭ്യാസപരവും മതപരവുമായ മുന്നേറ്റവും ഐക്യവും സാധ്യമാക്കാൻ നേതൃശേഷിയും അഗാധമായ ജ്ഞാനവും പ്രവർത്തന പരിചയവുമുള്ള കാന്തപുരത്തിന് സാധിക്കും.ഇരുപത്തിരണ്ടു വർഷം മുമ്പ് താൻ പ്രധാന മന്ത്രിയായ കാലത്ത് ഇന്ത്യയിലെ മുസ്ലിംകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തന്നെ ഏറ്റവും കൂടുതൽ സമീപിച്ച നേതാവാണ് കാന്തപുരം. ആ കാലത്ത് തന്നെ ധിഷണാപരവും നേതൃപരവുമായ കാന്തപുരത്തിന്റെ കഴിവും വിശ്വാസികളിൽ അദ്ദേഹത്തിനുള്ള ആഴത്തിലുള്ള സ്വാധീനവും മനസ്സിലാക്കാൻ പറ്റിയിട്ടുണ്ട്. മുസ്ലിം മതകീയ വിഷയങ്ങളിൽ പക്വവും പണ്ഡിതോചിതവുമായ നിലപാടുകളാണ് അദ്ദേഹം എന്നും എടുത്തിട്ടുള്ളത് : ദേവഗൗഡ പറഞ്ഞു . കർണ്ണാടക നിയമ സഭാംഗം ഫിസ ഫാറൂഖ് അധ്യക്ഷത വഹിച്ചു.